വര്‍ത്തമാന ഇന്ത്യയിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ഉത്തരാഖണ്ഡ യാത്ര
Travel Diary
വര്‍ത്തമാന ഇന്ത്യയിലെ ഒരു മുസ്‌ലിം സ്ത്രീയുടെ ഉത്തരാഖണ്ഡ യാത്ര
യാസ്മിന്‍ എന്‍.കെ
Tuesday, 3rd September 2019, 5:30 pm

എങ്ങോട്ടാ പോണേന്ന് ഉള്ള ചോദ്യങ്ങള്‍ക്ക് ഒറ്റവാക്കില്‍ ഉത്തരാഖണ്ഡ് എന്നു മാത്രമായിരുന്നു ഉത്തരം. അത്യാവശ്യം യാത്രാപ്രാന്ത് ഉള്ളവനേ ഉത്തരാഖണ്ഡിലെ പ്രധാന സ്ഥലങ്ങളൊക്കെ നോട്ടമിട്ട് വച്ചിട്ടുണ്ടാകൂ. ഹരിദ്വാര്‍ റിഷികേശ് ബദരീനാഥ് കേദാര്‍നാഥ് എന്നൊക്കെ പറയാന്‍ പോയാല്‍ അതൊക്കെ അമ്പലങ്ങളല്ലെ , എന്ത് ഉറപ്പിലാണു ഈ മുസ്‌ലിം ഐഡന്റിറ്റിയും വെച്ച് ഇത്‌പോലുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് പുറപ്പെട്ട് പോകുന്നത് എന്ന ചോദ്യം വരും എന്ന് ഉറപ്പ്. വര്‍ത്തമാന കാല ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഈയൊരു അങ്കലാപ്പിനെ അപ്പാടെ തള്ളിക്കളയാനും പറ്റില്ല.

ഹജ്ജും ഉംറയുമൊക്കെ ആരോഗ്യവും സമ്പത്തും ഉള്ള ഒരു മുസ്‌ലിമിനു ആയുസ്സില്‍ ഒരിക്കല്‍ ചെയ്താല്‍ മതി. നിങ്ങളുടെ കണ്ഠനാളിയോട് ചേര്‍ന്ന് ഏറ്റവുമടുത്ത് ഞാനുണ്ട് എന്ന് ഉറപ്പ് തന്നവനെ തേടി പിന്നേയും പിന്നേയും എന്തിനാണു ഒരാള്‍ മക്കത്ത് പോകുന്നത്. ഒരു യാത്രികനെ സംബന്ധിച്ച് കാണാത്ത നാടുകള്‍ തേടിയിറങ്ങിപ്പോകുക എന്നതില്‍ പരം അഹ്ലാദകരമായി വേറൊന്നും തന്നെയില്ല.

 

മതേതര മുസ്‌ലിം എന്ന ലേബല്‍ ഒട്ടിക്കാനോ നിരീശ്വരവാദി ആകാനോ ഒന്നും അല്ല. ഞാന്‍ ഓകെ എന്നതിനൊപ്പം അപരനും ഓകെ ആണു എന്ന കാഴ്ചപ്പാട് മാത്രം. എന്റെ വിശ്വാസങ്ങള്‍ പാലിച്ച് കൊണ്ട് തന്നെ അപരന്റെ വിശ്വാസങ്ങളെ മാനിക്കാനും ആകും എന്ന ബോധം മാത്രം.

നുസ്രത്ത് ജഹാന്‍ പൊട്ട് തൊട്ട് വരുമ്പോള്‍ പ്രകീര്‍ത്തിക്കാനും സൈറ വസീം അവരുടെ വ്യക്തിപരമായ കാരണങ്ങളാല്‍ അഭിനയം നിര്‍ത്തുന്നു എന്ന് പറയുമ്പോള്‍ അതിനെ ഇകഴ്ത്താനും ആളുകള്‍ തയ്യാറാകുന്ന ഒരു കാലത്താണു ജീവിക്കുന്നത് എന്ന് അറിയായ്ക ഒന്നും അല്ല. എന്നിരുന്നാലും സ്വയം ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യുകയും അവളവളായി ഒരു സാദാ മനുഷ്യത്തിയായി ഈ ലോകത്ത് ജീവിച്ച് മരിച്ച് പോകണം എന്ന ആഗ്രഹം കൊണ്ട് ഇങ്ങനെ ഇറങ്ങിപ്പുറപ്പെട്ട് പോകുന്നു.

തൊലിപ്പുറമെ ഉള്ളു ഈ വിശ്വാസത്തിലും വേഷത്തിലും ഭാഷയിലും ഭക്ഷണത്തിലും ഒക്കെയുള്ള വ്യത്യാസങ്ങള്‍. കുഴിച്ച് കുഴിച്ച് ചെല്ലുമ്പോഴറിയാം ഉള്ളിലുള്ള ആ പച്ച മനുഷ്യന്‍ അല്ലെങ്കില്‍ മനുഷ്യത്തി. ഉള്ളി തൊലി പൊളിക്കും പോലെ. അഴിഞ്ഞഴിഞ്ഞ് വരുമ്പോള്‍ എല്ലാം ഒന്ന് തന്നെ.

 

ബദരിയില്‍ എത്തിയ പിറ്റേന്ന് പുലര്‍ച്ചെ എണീറ്റ് ഹോട്ടലിനു വെളിയില്‍ ഇറങ്ങി നീലകണ്ഠ പര്‍വതത്തിനു അഭിമുഖമായി സൂര്യോദയം കാണാന്‍ നില്‍ക്കുമ്പോള്‍ കാണാന്‍ പോകുന്ന ദൃശ്യത്തിന്റെ ആകാംക്ഷ ആയിരുന്നു ഉള്ളില്‍ നിറയെ. പതുക്കെ പതുക്കെ സ്വര്‍ണ്ണവര്‍ണ്ണം ആകാശം തൊട്ട് ഉയര്‍ന്ന് നില്‍ക്കുന്ന നീലകണ്ഠ പര്‍വതത്തില്‍ പരന്ന് വെള്ളയും നീലയുമായി ഒഴുകി നീങ്ങുന്ന മേഘക്കൂട്ടങ്ങളിലേക്ക് കൂടി കലര്‍ന്നതോടെ അപരിമേയമായ ഒരാഹ്ലാദത്തില്‍ തൊണ്ടയില്‍ നിന്നും യാ അല്ലാഹ് എന്നൊരു വിളി ഉയര്‍ന്നു. എന്റെ തൊട്ടടുത്ത് നിന്നിരുന്ന സ്ത്രീ വിളിച്ചത് ഓ ഭഗവാന്‍ എന്നായിരുന്നു. രണ്ട് ശബ്ദങ്ങള്‍ക്കും ഒരേ ഭാവവും ലയവും തന്നെ ആയിരുന്നു.

ഹരിദ്വാറിലെ സ്‌നാനഘട്ടില്‍ ഗംഗയിലേക്കിറങ്ങുന്ന പടവുകളില്‍ ആണും പെണ്ണും കുട്ടികളും തിക്കിതിരക്കി ഇരുന്നു. ഗംഗയില്‍ മുങ്ങി ഉള്ളിലെ അഴുക്കുകളെ നദിയില്‍ ഒഴുക്കിക്കളഞ്ഞ് ശുദ്ധരായി പുഞ്ചിരിക്കുന്ന ആ മുഖങ്ങളിലൊന്നും ജാതിയുടേയൊ അധികാരത്തിന്റേയൊ കെട്ടുമാറാപ്പുകള്‍ ഒന്നും കാണാന്‍ കഴിഞ്ഞില്ല.

 

സാധാരണക്കാരായിരുന്നു അവരെല്ലാം. കാല്‍നടയായും ബസിലും തീവണ്ടിയിലും ഓട്ടോ റിക്ഷകളിലുമൊക്കെ അവര്‍ ഹരിദ്വാറിലേക്ക് വന്നു കൊണ്ടേയിരുന്നു. തെരുവ് മുഴുവന്‍ ജനങ്ങളായിരുന്നു. പൗര്‍ണമി ആയിരുന്നു അന്ന്. നഗരത്തിലേക്കുള്ള റോഡുകളൊക്കെ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചിരുന്നു. സൈക്കിള്‍ റിക്ഷക്ക് പോലും കടക്കാന്‍ പഴുതില്ല. ചെറുപ്പക്കാര്‍ തിരക്കിട്ട് നടന്ന് പോയി. കുഞ്ഞുങ്ങള്‍ അഛന്റേയും അമ്മയുടേയും ചുമലില്‍ ഏറിയും പ്രായമായവര്‍ വടി കുത്തിപ്പിടിച്ചും പതുക്കെ സ്‌നാന ഘട്ടിനെ ലക്ഷ്യമാക്കി ഒഴുകിക്കൊണ്ടെയിരുന്നു. നേരം പുലരുവോളവും തെരുവ് മുഴുക്കെ ഉണര്‍ന്ന് തന്നെ ഇരുന്നു. നിരവധി കണ്ഠങ്ങളില്‍ നിന്നും ഏകതാനകമായ ഗംഗാമയീ വിളികള്‍ കേട്ട് കൊണ്ട് ഉഷ്ണം തിങ്ങിയ കുടുസ്സ് മുറിയില്‍ ഉറക്കം വരാതെ കിടക്കുമ്പോള്‍ ഓര്‍ത്തത് വായിച്ചും കേട്ടും ഉള്ളില്‍ നിറഞ്ഞു നിന്നിരുന്ന പലതും അതേ തീവ്രതയില്‍ അനുഭവിക്കാനാകുന്നതിന്റെ മാസ്മരികതയെ പറ്റി ആയിരുന്നു.

ഇന്ത്യയിലെ ഹിന്ദു തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പ്രഥമ സ്ഥാനത്ത് വരുന്ന വരാണസിക്ക് ( കാശി) തൊട്ട് പിന്നാലെയാണു ഹരിദ്വാറിന്റെ കിടപ്പ്. പണ്ടൊക്കെ കാശിക്ക് പോകുക എന്നാല്‍ എല്ലാം ഉപേക്ഷിച്ച് ദൈവമാര്‍ഗത്തിലേക്ക് പുറപ്പെട്ട് പോകുക എന്നായിരുന്നു. തിരിച്ച് വരവ് ദുര്‍ല്ലഭം . എല്ലാ ബന്ധങ്ങളും പിന്നിലുപേക്ഷിച്ച് ഇവ്വിധം നടന്നിറങ്ങിപ്പോകാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്ന ചേതോവികാരം എന്തായിരിക്കും എന്ന് മനസ്സിലാക്കാന്‍ ഈയിടെ ആകുന്നുണ്ട്.

 

ഹര്‍കി പൗഡിയാണു ഹരിദ്വാറിലെ ഏറ്റവും പ്രധാന സ്‌നാനഘട്ട്. ബ്രഹ്മാവിന്റേയും ശിവന്‍ വിഷ്ണു തുടങ്ങിയവരുടേയും സാന്നിധ്യം ബ്രഹ്മകുണ്ഡ് എന്നറിയപ്പെടുന്ന ഇവിടെ ഉണ്ട് എന്നാണു വിശ്വാസം. കൂടാതെ എല്ലാ പുണ്യ നദികളും ഹര്‍കി പൗഡിയില്‍ സംഗമിക്കുന്നു എന്നും വിശ്വാസികള്‍ കരുതുന്നു. പൗര്‍ണ്ണമിനാളുകളില്‍ അത് കൊണ്ട് തന്നെ ഹര്‍കി പൗഡിയിലെ സ്‌നാന ഘാട്ടില്‍ ഗംഗയില്‍ മുങ്ങി മോക്ഷപ്രാപ്തി ആശിക്കുന്നവരുടെ തിരക്കായിരിക്കും.

വൈകുന്നേരം ഹര്‍കി പൗഡിയില്‍ ആരതി കാണാന്‍ തിങ്ങിക്കൂടിയവര്‍ക്കിടയില്‍ തിക്കിതിരക്കി ഇരിക്കുമ്പോള്‍ മതമോ വിശ്വാസമോ ഒന്നും ഒരു പ്രശ്‌നമായി അനുഭവപ്പെട്ടില്ല . ഇലകള്‍ കുമ്പിളാക്കി തുന്നി അതില്‍ പൂക്കളും മണ്‍ ചിരാതും വെച്ച് അടുത്തിരുന്ന സ്ത്രീ തിരി കത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ കാറ്റില്‍ തിരി കെടാതിരിക്കാന്‍ കൈകുമ്പിള്‍ വെച്ച് മറക്കുമ്പോള്‍ അവരും എന്നോട് ചോദിച്ചില്ല മതമെന്താണെന്ന്.., തെളിഞ്ഞ് കത്തിയ ദീപം അവര്‍ വെള്ളത്തില്‍ ഒഴുക്കിവിട്ടപ്പോള്‍ ആ ദീപം ഒഴുക്കില്‍ നീങ്ങിപ്പോകാന്‍ പതുക്കെ വെള്ളം കൈകൊണ്ട് തള്ളിവിടാന്‍ നിരവധി കൈകള്‍ ഉണ്ടായിരുന്നു അവിടെ. ഊരും പേരും അറിയാത്ത അപരിചിതരായ ഒരു കൂട്ടം ആളുകള്‍.

 

നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കലും പശുക്കടത്ത് ആരോപിച്ച് തല്ലിക്കൊല്ലാനും ഉള്ള ആസൂത്രിത ആള്‍കൂട്ട കുറ്റകൃത്യങ്ങള്‍ക്ക് കേവലം മതവിശ്വാസം മാത്രമാണോ കാരണം. ദുര്‍ബലനായവനെ പേടിപ്പിച്ച് തങ്ങളുടെ അധീശത്വം സ്ഥാപിക്കലല്ലെ അത്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ആ പഴയ സൂത്രവാക്യം തങ്ങളുടെ നിലനില്പിനായി എടുത്തുപയോഗിക്കുന്ന രാഷ്ട്രീയക്കാര്‍ കൂടി ചേരുമ്പോള്‍ എല്ലാം പൂര്‍ത്തിയായി.

വിശ്വാസം മാത്രമല്ല ഗംഗാതീരത്ത് പ്രകടമായി അനുഭവപ്പെടുന്നത്. വയറ്റുപിഴപ്പിനായുള്ള തന്ത്രങ്ങള്‍ , അതിജീവനത്തിനുള്ള സമരങ്ങള്‍ എല്ലാം അവിടെ കാണാനാകും. വിശ്വാസികള്‍ക്ക് മന്ത്രങ്ങള്‍ ഉരുവിട്ട് കൊടുത്ത് കാശിനു വിലപേശുന്നവര്‍, കാന്തം കെട്ടിയുറപ്പിച്ച നീണ്ടകമ്പുകള്‍ കൊണ്ട്, ഗംഗയിലേക്ക് വിശ്വാസികള്‍ അര്‍പ്പിക്കുന്ന നാണയത്തുട്ടുകള്‍ പരതിയെടുക്കുന്ന ചെറുപ്പക്കാര്‍, തലയില്‍ കൈ വെച്ച് അനുഗ്രഹം ചൊരിഞ്ഞ് കാശിനു കൈനീട്ടുന്ന ബാബമാര്‍. ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ താലത്തില്‍ വെച്ച് വിളക്കും കത്തിച്ച് വെച്ച് ഭക്തരോട് ദക്ഷിണ വാങ്ങുന്ന പൂജാരി വേഷക്കാര്‍. ദൈവം ഇക്കാര്യത്തില്‍ നിസ്സഹായനാണു.

 

ഭക്തിയുടേയും മോക്ഷത്തിന്റേയും ഈ ബാഹ്യരൂപത്തിനു അപ്പുറത്ത് ഹരിദ്വാറിനു മറ്റൊരു മുഖം കൂടിയുണ്ട്. ഭാംഗും ചരസ്സും മണക്കുന്ന ഗലികളും പ്രണയത്തിന്റേയും രതിയുടേയും ഒറ്റപ്പെടലിന്റേയും വിരഹത്തിന്റേയും അശാന്തതീരങ്ങള്‍. അനാര്‍ക്കിസത്തിന്റെ അങ്ങേയറ്റം. മുകുന്ദനാണു 80 കളിലെ മലയാളി യുവത്വങ്ങളില്‍ അനാര്‍ക്കിസത്തിന്റെ വിത്ത് പാകിയതില്‍ പ്രമുഖന്‍. ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്ന നോവലിലെ രമേശന്‍. അയാളെന്തിനാണു ഇങ്ങനെ കാലുപൊള്ളിയവനെ പോലെ ഒരിടത്തും ചവിട്ടുറക്കാതെ അലയുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. എന്നാലും അയാളെ സ്‌നേഹിച്ച് പോയിരുന്നു. അക്ഷരങ്ങളുടെ മാന്ത്രികത ആകും കാരണം.

ഇനിയൊരു വരവ് ഹരിദ്വാറിലേക്ക് ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്തത് കൊണ്ടും, മാറുന്ന ഇന്ത്യയില്‍ ഇത് പോലുള്ള ഒരു യാത്ര സാധ്യമാകുമോ എന്ന ആശങ്ക ഉള്ളത് കൊണ്ടും രാവ് പുലരുവോളം ഗംഗാ തീരത്ത് ഇരിക്കുവാന്‍ തന്നെ ആയിരുന്നു ധാരണ. കവിതയും പാട്ടും ഗസലും കേട്ട് , ഇടക്കിടക്ക് ചുറ്റിനുമുള്ള അമ്പലങ്ങളില്‍ നിന്നുയരുന്ന മന്ത്രോച്ചാരണങ്ങള്‍ക്ക് കാതോര്‍ത്ത് , യാതൊരു വിധ അലട്ടലുകളും ഇല്ലാതെ ഏതോ മായിക ലോകത്ത് എന്ന വണ്ണം ഉള്ള ഇരുപ്പ്.

 

 

 

യാസ്മിന്‍ എന്‍.കെ
യാസ്മിന്‍ എന്‍.കെ. ഇന്ത്യയിലും വിദേശങ്ങളിലുമായ് നിരവധി യാത്രകള്‍ നടത്തിയിരിക്കുന്നു. യാത്രാക്കുറിപ്പുകളും അനുഭവങ്ങളും ഒപ്പം ഓര്‍മ്മക്കുറിപ്പുകളുമായ് എഴുത്തിന്റെ വഴിയില്‍ സജീവം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് രംഗത്ത് ജോലി ചെയ്യുന്നു.