തിരുവനന്തപുരം: ശബരിമലയിലെ വഴിപാട് രസീതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടന്‍ മോഹന്‍ലാലിന്റെ വാദങ്ങള്‍ തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. രസീത് വിവരങ്ങള്‍ പരസ്യപ്പെടുത്തിയത് ദേവസ്വം ഉദ്യോഗസ്ഥരല്ലെന്നും മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്നും ദേവസ്വം ബോര്‍ഡ് പറഞ്ഞു.
നടന്‍ മമ്മൂട്ടിയുടെ പേരില്‍ മോഹന്‍ലാല്‍ നടത്തിയ വഴിപാട് രസീതാണ് സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വ്യാപകമായി പ്രചരിച്ചത്. പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരാണ് രസീത് പരസ്യപ്പെടുത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
ഇതിനെ തുടർന്നാണ് വിശദീകരണവുമായി ദേവസ്വം ഉദ്യോഗസ്ഥര്‍ രംഗത്തെത്തിയത്. ഒരു വഴിപാടിന് പണമടക്കുമ്പോള്‍ കൗണ്ടര്‍ ഫോയില്‍ മാത്രമാണ് തങ്ങള്‍ സൂക്ഷിക്കുകയെന്നും രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആള്‍ക്ക് കൈമാറുമെന്നുമാണ് ദേവസ്വം പറഞ്ഞത്.
സമാനമായി വഴിപാട് നടത്തിയ മോഹന്‍ലാലിനും ദേവസ്വം ഉദ്യോഗസ്ഥന്‍ രസീതിന്റെ ഒരു ഭാഗം കൈമാറിയെന്നാണ് ദേവസ്വം പറയുന്നത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും തിരുവിതാംകൂര്‍ ദേവസ്വംഅറിയിച്ചു.
ദേവസ്വം നടപടിക്രമങ്ങള്‍ക്കെതിരായ പ്രസ്താവന മോഹന്‍ലാല്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദേവസ്വം പറഞ്ഞു. മമ്മൂട്ടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയായിരുന്നു മോഹന്‍ലാലിന്റെ ശബരിമല സന്ദര്‍ശനം.
മമ്മൂട്ടിയെ കൂടാതെ പങ്കാളി സുചിത്രയ്ക്ക് വേണ്ടിയും മോഹന്‍ലാല്‍ വഴിപാട് നടത്തിയിരുന്നു. രസീതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് വഴിപാട് വിവരങ്ങള്‍ ചര്‍ച്ചയായതും വിവാദമായതും.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ അറിവോട് കൂടിയാണ് മോഹന്‍ലാല്‍ വഴിപാട് ചെയ്തതെങ്കില്‍ മമ്മൂട്ടി തൗബ ചെയ്യണമെന്നും മുസ്‌ലിം സമുദായത്തോടെ മാപ്പ് പറയണമെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും രാഷ്ടീയ നിരീക്ഷകനുമായ ഒ. അബ്ദുല്ല ആവശ്യപ്പെട്ടിരുന്നു.
സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച തന്റെ ശബ്ദ സന്ദേശത്തിലൂടെയാണ് ഒ. അബ്ദുല്ല വിമര്‍ശനം ഉന്നയിച്ചത്. വളരെ ഗുരുതരമായ ഒരു വീഴ്ച മമ്മൂട്ടിയെന്ന അനുഗ്രഹീത സിനിമാനടന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
Content Highlight: Travancore devaswom Board rejects Mohanlal’s claims