ട്രെയിന്‍ ടു ബലൂചിസ്ഥാന്‍
Daily News
ട്രെയിന്‍ ടു ബലൂചിസ്ഥാന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th January 2017, 9:11 am

കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്കുള്ള യാത്ര. പതിവ് ട്രെയിന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കറാച്ചി – ക്വറ്റ റൂട്ടിലെ ഏക ട്രെയിനായ ബോലന്‍ മെയില്‍. 297 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന, എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ മാത്രമുള്ള ഒരു കുഞ്ഞന്‍വണ്ടി.


baloch
കറാച്ചി കന്റോണ്‍മെന്റ് സ്റ്റേഷനിലെ നട്ടുച്ച. പുര്‍സുകൂണ്‍ കറാച്ചി  (Peaceful Karachi) എന്നെഴുതിയ പൊടിപിടിച്ച ഒരു ബോര്‍ഡാണ് അവിടെ സ്വാഗതം ചെയ്യാനുണ്ടായിരുന്നത്. തിരക്കുള്ള മറ്റെല്ലാ സ്റ്റേഷനുകളെയും പോലെ തിക്കിയും തിരക്കിയും ഉന്തിയും തള്ളിയും കടലുപോലെയുള്ള ആ ജനക്കൂട്ടത്തിനിടയില്‍ വഴി കണ്ടെത്തുന്നവര്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ തീര്‍ത്ത, ഉറപ്പുള്ള ചുടുകട്ടകളോടുകൂടിയ സ്റ്റേഷന്‍ കെട്ടിടത്തിന്റെ ഉയര്‍ന്ന സീലിങ്ങിനിടയിലൂടെ ആള്‍ക്കൂട്ടത്തിലേക്ക് സൂര്യന്‍ ഊര്‍ന്നുവീഴുന്നു.

സമയം ഇനിയും ഒരുപാട് ബാക്കി. ഇരുന്ന് തീര്‍ക്കുകയല്ലാതെ മറ്റൊരുവഴിയില്ല.  തീര്‍ത്തും വൃത്തിഹീനമായ ഒരു ഇന്ത്യന്‍ റെയില്‍വേ സ്റ്റേഷന്റെ അതേയവസ്ഥ.  പഴക്കം കൊണ്ട് കിതച്ചും ബഹളമുണ്ടാക്കിയും വരുന്ന ട്രെയിനുകള്‍, മലിനമായ ട്രാക്കുകള്‍. ഈ സ്റ്റേഷനെ പ്രതീകവത്കരിക്കാന്‍ ഖലീം ബാബ എന്ന 70കാരന്‍ കൂലിയേക്കാള്‍ മികച്ച ഒരാളെ അവിടെയെങ്ങും കണ്ടില്ല.

ചാരക്കളര്‍ ഷര്‍ട്ടിന് മീതെ കൂലികുപ്പായമിട്ട്  ആകാവുന്നതിലുമധികം തലച്ചുമടുമായി നീങ്ങുന്നു ഖലീം ബാബ. 1969 മുതല്‍ ഈ സ്റ്റേഷനൊപ്പം അയാളുണ്ട്. കഴുത്തില്‍ ഒരു മെഡല്‍ തൂക്കിയിട്ടിരിക്കുന്നു. എന്താണെന്നന്വേഷിപ്പോഴാണ് പറഞ്ഞത്, സേവനത്തിന് ലഭിച്ച ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡാണ്. പാകിസ്ഥാന്‍ റെയില്‍വേ മന്ത്രി ഈയിടെ സമ്മാനിച്ചത്.

baloch-2

 

കൃത്യസമയത്ത് അതായത് വൈകുന്നേരം  6.20 ന് എന്റെ ട്രെയിനെത്തി. ബോലന്‍ മെയില്‍. ഇനി കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്കുള്ള യാത്ര. പതിവ് ട്രെയിന്‍ സങ്കല്‍പ്പങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് കറാച്ചി – ക്വറ്റ റൂട്ടിലെ ഏക ട്രെയിനായ ബോലന്‍ മെയില്‍. 297 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന, എക്കണോമി ക്ലാസ് ടിക്കറ്റുകള്‍ മാത്രമുള്ള ഒരു കുഞ്ഞന്‍വണ്ടി. ഇടക്കിടക്കുള്ള ക്യുബിളുകള്‍ക്കിടയില്‍ ചിലതിന് ബെഡ്ഷീറ്റ് കൊണ്ട് താത്കാലിക കര്‍ട്ടനുകള്‍. ഫാമിലിയാണ്, അവരുടെ സ്വകാര്യതക്കുവേണ്ടി കെട്ടിയ താത്കാലിക സംവിധാനം.

ഇടുങ്ങിയ സീറ്റുകളില്‍ ആളുകള്‍ ഞെരുങ്ങിയിരിക്കുന്നു. ടോയ്‌ലറ്റിനു മുന്‍പിലും നടവഴിയിലുമൊക്കെ നിറയെ ആളുകള്‍. കേരളത്തില്‍ പരശ്ശൂന്റെ പാന്‍ട്രിയിലും ടോയ്‌ലറ്റിലും വരെ നിന്ന് നടത്തിയ അതിസാഹസിക  ഓഫീസ് യാത്രകള്‍ അറിയാതെ ഓര്‍മ്മ വന്നു.  കറാച്ചിയില്‍ നിന്ന് ട്രെയിന്‍ എടുക്കുമ്പോള്‍ 20 ഡിഗ്രിയായിരുന്നു താപനില. സ്ഥിരം യാത്രക്കാര്‍  കമ്പിളിയും പുതപ്പുമെല്ലാമായാണ് കയറിയിരിക്കുന്നത്. നേരം ഇരുട്ടിയതോടെ സ്ഥിതിഗതികള്‍ മാറി. തണുപ്പ് കൂടിക്കൂടി വരുന്നു. ട്രെയിനിന്റെ മിക്ക ജനലുകളും  സമരത്തിലാണ്. ഒന്നും താഴോട്ട് വരില്ല. രാത്രിയായപ്പോഴേക്കും തണുപ്പ് മൂന്ന് ഡിഗ്രിയില്‍ കുത്തിനോവിക്കാന്‍ തുടങ്ങിയിരുന്നു.

കോത്രി ജങ്ഷനില്‍ ട്രെയിന്‍ എത്തുമ്പോള്‍ രാത്രി ഒമ്പത് മണി. കറാച്ചിയില്‍ നിന്ന് ക്വറ്റയിലേക്കുള്ള 21 മണിക്കൂര്‍ ട്രെയിന്‍ യാത്രയില്‍ നാല് തവണ എഞ്ചിന്‍ ഡ്രൈവര്‍മാര്‍ മാറുമത്രേ . കോത്രിയില്‍ നിന്ന് ട്രെയിന്‍ എടുക്കുമ്പോള്‍ പുറത്തേക്കുനോക്കി. കട്ടപിടിച്ച ഇരുട്ടല്ലാതെ മറ്റൊന്നുമില്ല. ഉറങ്ങിയ തടാകങ്ങള്‍ക്കും തണുത്തുറഞ്ഞ മരുഭൂമികള്‍ക്കും പടിഞ്ഞാറന്‍ സിന്ധിലെ  മലകള്‍ക്കുമിടയിലൂടെ ബോലന്‍ മെയില്‍ അതിന്റെ വഴി കണ്ടെത്തുകയായിരുന്നു.

baloch-5

 

അല്‍പം മുന്നോട്ടുപോയപ്പോള്‍ ദൂരെ നേരിയ പ്രകാശം. ഷഹബാസ് ഖലന്തര്‍ എന്ന വിശ്വപ്രസിദ്ധ സൂഫി വിശുദ്ധന്റെ ശവകുടീരത്തില്‍  നിന്നാണ്. ദര്‍ഗ സ്ഥിതി ചെയ്യുന്ന ഷഹ്‌വാന്‍ ഷരീഫ് സ്റ്റേഷനിലെത്തി. ഇരുളിനെ കീറിമുറിച്ച് എത്തിയ ആ പ്രകാശം കൂടുതല്‍ തിളങ്ങുന്നതും തെളിച്ചമുള്ളതുമായിരുന്നു. എല്ലാ യാത്രക്കാരും അലൗകികമായ ആ നിമിഷങ്ങളിലേക്ക് അലിഞ്ഞതുപോലെ തോന്നി.

പുലര്‍ച്ച അഞ്ച് മണി. ലര്‍ക്കാന സ്റ്റേഷന്‍. ആ തണുത്തുറഞ്ഞ പ്രഭാതത്തില്‍ ലര്‍ക്കാനയെ ശബ്ദമുഖരിതമാക്കിയതും തിരക്കുള്ളതാക്കിയതും ഭക്ഷണ വില്‍പനക്കാരായിരുന്നു. വളരെക്കുറഞ്ഞ നേരമേ ലര്‍ക്കാനയില്‍ സ്റ്റോപ്പുള്ളൂ. മൂന്ന് പഞ്ചാബി സ്ത്രീകളും രണ്ട് കുട്ടികളും ധൃതിയില്‍ ട്രെയിനില്‍ കയറി. തലേന്ന് രാത്രി മുതല്‍ തിരക്കുകുറഞ്ഞ ഈ  ചെറിയ സ്റ്റേഷനില്‍ അവര്‍ ട്രെയിന്‍ കാത്തിരക്കുകയായിരുന്നു എന്ന് അവരുടെ സംസാരത്തില്‍ നിന്ന് മനസ്സിലായി.

ഇത്തരം സ്ഥലങ്ങളില്‍  രാത്രി 10 ന് ശേഷമുള്ള കാത്തിരിപ്പ് അത്ര സുരക്ഷിതല്ലെന്ന് കൂട്ടത്തില്‍ ഒരു സ്ത്രീ ആശങ്കപ്പെടുന്നു. എല്ലാവരും സീറ്റിലമര്‍ന്നു. ഉടന്‍ ഉറക്കത്തിലേക്ക് വീഴുകയും ചെയ്തു. പാക്കിസ്ഥാനിലൂടെയുള്ള യാത്രയുടെ ഉത്കണ്ഠയോ, യാത്രയോടുള്ള അഭിനിവേശമോ, തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകളോ എന്താണെന്നറിയില്ല, എനിക്ക് ഉറങ്ങാനേ കഴിഞ്ഞില്ല.

baloch-4

 

നേരം നന്നായി പുലര്‍ന്നുകഴിഞ്ഞു. തിളങ്ങുന്ന ശൈത്യകാല സൂര്യന്‍ മണല്‍പ്പരപ്പിനുമുകളിലൂടെ ഒഴുകിയിറങ്ങി. ട്രെയിന്‍ ബലൂചിസ്ഥാനിലേക്ക് പ്രവേശിക്കുകയാണ്. ഉറക്കമുണര്‍ന്ന യാത്രക്കാര്‍ തങ്ങള്‍ക്കുമുമ്പില്‍ മഫ്തിയില്‍ തോക്കൊക്കെ പിടിച്ച് കംപാര്‍ട്ട്‌മെന്റില്‍  സെര്‍ച്ച് ചെയ്യുന്ന Frontier Constabulary യിലെ പോലീസുകാരെ സാകൂതം നോക്കുന്നുണ്ടായിരുന്നു. തീര്‍ത്തും അനാവശ്യാമായ ഒരു നിശബ്ദത അവിടെ പരന്നു. ഇതിനിടയില്‍ ഏതോ ഒരു മാഗസിന്‍ ഫോട്ടോഗ്രാഫര്‍ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പോലീസുകാര്‍ തടഞ്ഞു. ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള മുന്‍കൂര്‍ അനുമതിയോടെ മാത്രമേ ഫോട്ടോയെടുക്കാവൂ എന്ന നിര്‍ദേശവും വന്നു.

ബലൂചിസ്ഥാന്‍ അല്‍പംകൂടെ വ്യത്യസ്തമാണെന്ന് തോന്നുന്നു. സ്റ്റേഷനുകളൊക്കെ വളരെ ചെറുതും വികസിച്ചിട്ടില്ലാത്തതുമാണ്. മിക്ക ചുമരുകളിലും എഫ്.സി. എന്ന് സ്േ്രപ ചെയ്തിരിക്കുന്നു. നമ്മുടെ റെയില്‍വേ സ്റ്റേഷന്‍ ചുമരുകളിലൊക്കെ സി.ആര്‍.പി.എഫ്. എന്നോ മറ്റോ പെയ്ന്റ് ചെയ്താല്‍ എങ്ങനെയിരിക്കും.

മിക്ക സ്റ്റേഷനുകളിലും വണ്ടി നിര്‍ത്തുന്നുണ്ടെങ്കിലും കയറുന്നതും ഇറങ്ങുന്നതും ഈ എഫ്. സി. ക്കാര്‍ മാത്രമാണ്. അവരുടെ ഡ്യൂട്ടി ഷിഫ്റ്റ് ചെയ്യുകയാണ്. ആകെ ഒരു എഫ്.സി മയം. ഇടയ്ക്ക് ചില സ്റ്റേഷനുകളില്‍ ചിലര്‍ ഇറങ്ങുന്നുണ്ട്. അതിനും ഇവരുടെ അനുമതി വേണം. മൊത്തത്തിലൊരു അടിയന്തരാവസ്ഥ. ബലൂചിസ്ഥാനിലെ പ്രധാന സ്റ്റേഷനാണ് സിബി ജങ്ഷന്‍. ആഹാര സാധനങ്ങള്‍ വാങ്ങുന്നതിനും ടോയ്‌ലറ്റില്‍ പോകാനുമൊക്കെ ഇവിടെ സൗകര്യമുണ്ട്.

baloch-7

 

എന്റെ തൊട്ടടുത്തിരിക്കുന്നത് ക്വറ്റയിലെ പക്തൂണ്‍ വിഭാഗക്കാരനായ ജമാലുദ്ദീന്‍ എന്ന പ്രായം ചെന്ന മനുഷ്യനാണ്. അദ്ദേഹത്തിന്റെ ചെറുമകനും കൂടെയുണ്ട്. ഇതിനിടെ ഒരു പോളിയോ വര്‍ക്കര്‍ കുട്ടിക്ക് തുള്ളിമരുന്ന് കൊടുക്കാന്‍ എത്തി. ഉടന്‍ ജമാലുദ്ദീന്‍ ചോദിച്ചു, തുള്ളിയ്ക്ക് എത്രയാണെന്ന്. ജമാലുദ്ദീന്റെ ചോദ്യം കേട്ടപ്പോള്‍  തുള്ളിമരുന്ന്കാരന്‍ വല്യ ഉത്സാഹത്തോടെ പറഞ്ഞു. ഏയ് പൈസയൊന്നും വേണ്ട, ഫ്രീയാണെന്ന്. ഉടനേ വന്നു ജമാലുദ്ദീന്റെ വിശദീകരണം. അങ്ങോട്ട് എത്ര തരണമെന്നല്ല, കുട്ടിയ്ക്ക് തുള്ളിമരുന്ന് കൊടുക്കാന്‍ സമ്മതിച്ചാല്‍ തുള്ളിയൊന്നിന് ഇങ്ങോട്ട് എന്ത് കിട്ടും എന്നാണ് ജമാല്‍  ചോദിക്കുന്നത്.

ഉടനേ വരുന്നു പുറകെ മറ്റൊരു കഥാപാത്രം.അക്ബര്‍ ഖാന്‍. പേര് ഞാന്‍ ചോദിച്ചറിഞ്ഞതല്ല, അവന്‍ തന്നെ പാടിപ്പറഞ്ഞതാണ്.  കയ്യിലുള്ള ചായപ്പാത്രത്തില്‍ താളം പിടിച്ച് ഒരു പാട്ടൊക്കെ പാടിയാണ് വരവ്.  സൂക്ഷിച്ച് കേട്ടപ്പോഴാണ്  മനസ്സിലായത്.

ഈ ബോട്ടിപ്പം മുങ്ങും, ആരും കരയിലും എത്തൂല്ലാ..
അക്ബര്‍ ഖാനും ഇപ്പം പോകും, ചായേം പിന്നെ കിട്ടൂലാ..

baloch-3

എന്നൊക്കെ വേണേല്‍ അവന്റെ പാട്ടിനെ മലയാളീകരിക്കാവുന്നതാണ്. അഥവാ ബോട്ടുമുങ്ങിയാലോ?  ചായ വേറെ കിട്ടിയില്ലെങ്കിലോ? ഞാനും വാങ്ങി ഒരു ചായ. ഇങ്ങനെ സിബിയില്‍ അക്ബര്‍ ഖാന്റെ പാട്ടൊക്കെ കേട്ടിരിക്കുന്നതിനിടയ്ക്ക് പിന്നേം വന്നു മൂന്ന് പോലീസുകാര്‍. എല്ലാവരുടേയും ലഗേജ് മണത്തുനോക്കാന്‍  ഒരു  നായയേയും കൊണ്ടാണ് വരവ്.  ഇടയ്ക്കിടക്കുള്ള ഇവരുടെ വരവ് മാത്രം യാത്രയില്‍ ഒരു അരക്ഷിതാവസ്ഥ തോന്നിപ്പിച്ചുകൊണ്ടിരുന്നു.

നിങ്ങളെന്ത് കണ്ടുപിടിക്കാനാണ് വന്നിരിക്കുന്നത്? ഇത് അഫ്ഗാനിസ്ഥാനല്ല. പാക്കിസ്ഥാനാണ് എന്നൊരു യുവരക്തം അവിടെ പ്രതിഷേധമറിയിച്ചു. “അതെ ഇത് പാക്കിസ്ഥാനാണ”് എന്ന് അതിലൊരു പോലീസുകാരന്‍ കര്‍ക്കശമായി മറുപടി കൊടുത്തു. അയാള്‍ എന്താണ് അതുകൊണ്ട് ഉദ്ദേശിച്ചത് എന്ന് മാത്രം മനസ്സിലായില്ല.  ഞാന്‍ മിണ്ടാതിരുന്നു. എന്നാലും എന്നിലെ യാത്രികന്റെ മനസ്സ് അസ്വസ്ഥമായി, യാത്രികര്‍ക്ക് ഭൂമിയില്‍ അതിരുകളില്ലല്ലോ, ആകാശമല്ലാതെ.

ബോലന്‍ മെയില്‍ കൂടുതല്‍ ദുര്‍ഘടമായ ഭൂപ്രദേശത്തേക്ക് പ്രവേശിച്ചിരിക്കുന്നു. അതിന്റെ വേഗത നന്നേ കുറഞ്ഞു. അല്‍പനേരത്തെ യാത്രയ്ക്ക് ശേഷം അത് പതിയെ ആബിഗം സ്റ്റേഷനിലേക്ക് പ്രവേശിച്ചു. തൊട്ടു മുമ്പത്തെ വര്‍ഷം ഇവിടെയൊരു ട്രെയിന്‍ അപകടത്തില്‍പപ്പെട്ട കഥ ജമാലുദ്ദീന്‍ പറഞ്ഞു. 19 പേര്‍ മരിക്കുകയും 100 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന്റെ അവശിഷ്ടങ്ങള്‍ അയാള്‍ ചൂണ്ടിക്കാണിച്ചു.

baloch-1

 

ഈ റൂട്ടില്‍  വര്‍ഷങ്ങളായി സ്ഥിരയാത്രക്കാരനാണ് അയാള്‍. കാലകാലങ്ങളായി ഒരു മാറ്റവുമില്ലാത്ത കോച്ചുകള്‍,  എഞ്ചിന്‍.. ഇവയൊക്കെ ഇപ്പോഴും ഓടുന്നുണ്ടല്ലോ എന്ന് അയാള്‍ പരിഭവിച്ചു. വളരെയധികം വൈകിയാണ്  ട്രെയിന്‍ പോകുന്നത്.  ക്വറ്റയിലേക്ക് എത്തുന്നതിന് മുമ്പ് നിരവധി ടണലുകളിലൂടെ ട്രെയിന്‍ കടന്നുപോയി.  ഓരോ തവണയും ടണലിലേക്ക് പ്രവേശിക്കുമ്പോള്‍ കുട്ടികളുടെ കൂക്കിവിളിയുയര്‍ന്നു. ബ്രിട്ടീഷുകാര്‍ മലതുരന്ന് ഈ ടണലുകള്‍ ഉണ്ടാക്കിയില്ലായിരുന്നെങ്കില്‍ ക്വറ്റയില്‍  ഇപ്പോഴും ഒരു റെയില്‍വേ സ്റ്റേഷന്‍ ഉണ്ടാകില്ലായിരുന്നു  എന്നൊരു സാമാന്യ തത്വം മറ്റൊരു യാത്രക്കാരനായ ഗുല്‍സാദ് പങ്കുവെച്ചു.

ബ്രിട്ടിഷ് നിര്‍മിതമായ മക്ക്ജയില്‍ ഈ പ്രദേശത്താണ്. വിശാലമായ കല്‍ക്കരിപ്പാടങ്ങള്‍ മാത്രമാണ് അവിടെ മനുഷ്യരുടെ പെരുമാറ്റമുണ്ട് എന്ന് തോന്നിപ്പിച്ച ഏക അടയാളം. ക്വറ്റയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പായുള്ള ഒരു പ്രാന്തപ്രദേശമെത്തിയപ്പോള്‍ വിന്‍ഡോ ഷട്ടറുകള്‍ താഴ്ത്തിയിടാന്‍ പൊലീസുകാര്‍ നിര്‍ദേശം നല്‍കി. സ്ഥലം അല്‍പം പിശകാണ്. ട്രെയിനിനു നേരെ ഇടയ്ക്ക് കല്ലേറുണ്ടാകാറുണ്ടത്രേ. കേട്ടപ്പോള്‍ ചില യാത്രക്കാര്‍ക്ക് പുച്ഛം. പക്ഷേ ജമാലുദ്ദീന്‍ അയാളുടെ ചെറുമകനോട് ഷട്ടര്‍ താഴ്ത്താന്‍ നിര്‍ദേശിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടടുത്തിരിക്കുന്നു, ട്രെയിന്‍ ക്വറ്റയിലേക്ക് പ്രവേശിച്ചു.

ചിത്രങ്ങള്‍ കടപ്പാട്: ഡോണ്‍