തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ക്കെതിരെ ട്രേഡ് യൂണിയനുകള്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാതെ പുതിയ പരീക്ഷണങ്ങള്‍ വേണ്ടെന്നാണ് സി.ഐ.ടി.യു അടക്കമുള്ള ട്രേഡ് യൂണിയനുകളുടെ നിലപാട്. ഇന്ന് കെ.എസ്.ആര്‍.ടി.സി എം.ഡിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് യൂണിയനുകള്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.
കെ.എസ്.ആര്‍.ടി.സി ഇലക്ട്രിക് ബസ് സര്‍വീസുകള്‍ കെ സ്വിഫ്റ്റിനു കൈമാറുന്നതിനെതിരെയും ട്രേഡ് യൂണിയനുകള്‍ രംഗത്തെത്തി.
കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകള്‍ തടയുമെന്ന് സി.ഐ.ടി.യു അറിയിച്ചു. രാവിലെ നടന്ന കെ.എസ്.ആര്‍.ടി.സി ട്രേഡ് യൂണിയനുമായുള്ള ചര്‍ച്ച പ്രതിപക്ഷ സംഘടനയായ ടി.ഡി.എഫും ബഹിഷ്‌കരിച്ചിരുന്നു.
തിങ്കളാഴ്ച്ചയാണ് സിറ്റി സര്‍ക്കുലര്‍ സ്വിഫ്റ്റ് ബസുകളുടെ ഉദ്ഘാടനം. ഇന്ന് നടത്തിയ ചര്‍ച്ച പ്രഹസനമാണെന്നും സി.ഐ.ടി.യു പ്രതികരിച്ചു. നാളെ ബി.എം.എസ് സ്വിഫ്റ്റ് സര്‍വീസ് ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചു. ശമ്പളം കൊടുക്കാന്‍ കഴിയാതെ പരിഷ്‌കരണം കൊണ്ട് വരരുതെന്ന് യൂണിയനുകള്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു.
നാളെയാണ് കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍ക്കുലര്‍ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറങ്ങുക. സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പെ ബസുകള്‍ പരീക്ഷണം ഓട്ടം തുടങ്ങിയിട്ടുണ്ട്. ഇലക്ട്രിക് ബസുകളിലൂടെ ഡീസല്‍ ഇനത്തില്‍ ചെലവാക്കുന്ന 45 ലക്ഷം രൂപ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ.
അര മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്തും. രണ്ട് ബസാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുക. തിരുവനന്തപുരം വിമാനത്താവളത്തേയും ബസ് സ്റ്റാന്‍ഡിനേയും റെയില്‍വേ സ്റ്റേഷനേയും ബന്ധിപ്പിക്കുന്ന എയര്‍ റെയില്‍ സര്‍ക്കുലര്‍ സര്‍വീസിനും നാളെ തുടക്കമാകും. വിമാനത്താവളത്തിലെ ഡൊമസ്റ്റിക്, ഇന്റര്‍നാഷണല്‍ ടെര്‍മിനലുകളും തമ്പാനൂര്‍ ബസ് സ്റ്റേഷനും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് എയര്‍-റെയില്‍ സര്‍ക്കുലര്‍ സര്‍വീസ്.
തലസ്ഥാനത്ത് 64 ബസുകളാണ് നിലവില്‍ സര്‍ക്കുലര്‍ സര്‍വീസ് നടത്തുന്നത്. ഈ ബസുകളില്‍ 23 എണ്ണത്തിന് പകരം ഇലക്ട്രിക് ബസുകള്‍ നിരത്തിലെത്തും. കൂടുതല്‍ ബസുകളെത്തുന്ന മുറയ്ക്ക്, ജന്റം ബസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം. നിലവില്‍ സിറ്റി സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് കിലോമീറ്റരിന് 37 രൂപയാണ് ചെലവെങ്കില്‍ ഇലക്ട്രിക് ബസുകളെത്തുന്നതോടെ അത് പകുതിയായി കുറയും.
ഇലക്ട്രിക് ബസുകള്‍ ചാര്‍ജ് ചെയ്യാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. പാപ്പനംകോട്ടെ സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പ്, വികാസ് ഭവന്‍ ഡിപ്പോ എന്നിവിടങ്ങളില്‍ നിലവില്‍ ചാര്‍ജിങിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പേരൂര്‍ക്കടയില്‍ ചാര്‍ജിങ് സ്റ്റേഷന്‍ നാളെ പ്രവര്‍ത്തന സജ്ജമാകും. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ സര്‍വീസ് നടത്താന്‍ ശേഷിയുള്ള ബസുകളാണ് എത്തിച്ചിട്ടുള്ളത്. ഫുള്‍ ചാര്‍ജില്‍ 175 കിലോമീറ്റര്‍ ഓടും.