Advertisement
Entertainment
ഒരുകാര്യം 25% പഠിച്ചാല്‍ സിനിമയില്‍ അത് 100% കാണിക്കാം, ഒന്നും പഠിച്ചില്ലേല്‍ 25% മാത്രമേ കാണിക്കാന്‍ കഴിയു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 13, 01:54 pm
Monday, 13th January 2025, 7:24 pm

പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെ സിനിമാജീവിതം ആരംഭിച്ച നടനാണ് ടൊവിനോ തോമസ്. എ.ബി.സി.ഡി, സെവന്‍ത്ത് ഡേ എന്നീ ചിത്രങ്ങളിലെ വില്ലന്‍ വേഷത്തില്‍ തിളങ്ങിയ ടൊവിനോ എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ഗപ്പി എന്ന ചിത്രത്തിലൂടെ നായകവേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ച ടൊവിനോ വളരെ പെട്ടെന്ന് മലയാളത്തിന്റെ മുന്‍നിരയില്‍ സ്ഥാനം പിടിച്ചു.

ഗോദ എന്ന ചിത്രത്തിന് വേണ്ടി ഗുസ്തിയും അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിനായി കളരിയും ടൊവിനോ പഠിച്ചിരുന്നു. സിനിമക്ക് വേണ്ടി ആയോധനകലകള്‍ പഠിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ തോമസ്. ആയോധനകലകള്‍ പഠിച്ച് കഴിഞ്ഞാല്‍ ഇതൊന്നും അറിയാത്ത ഒരാളെ എളുപ്പം കീഴ്‌പ്പെടുത്താന്‍ കഴിയുമെന്നും എന്നാല്‍ അനാവശ്യമായി ഇതൊന്നും ചെയ്യരുതെന്നുമാണ് ആശാന്‍ ആദ്യം തന്നോട് പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.

ഒരു സിനിമക്ക് വേണ്ടി 25 ശതമാനം പഠിച്ചാല്‍ സിനിമയില്‍ അത് 100 ശതമാനമായി കാണിക്കാന്‍ കഴിയുമെന്നും ഒന്നും പഠിച്ചില്ലേല്‍ 25 ശതമാനം മാത്രമേ കാണിക്കാന്‍ കഴിയുവെന്നും അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ടാണ് സിനിമക്ക് വേണ്ടി ആയോധനകലകള്‍ പഠിച്ചതെന്നും ടൊവിനോ പറഞ്ഞു. ബാബു രാമചന്ദ്രനുമായി സംസാരിക്കുകയായിരുന്നു ടൊവിനോ തോമസ്.

‘ഞാന്‍ സിനിമക്ക് വേണ്ടി ഗുസ്തിയും കളരിപ്പയറ്റും എല്ലാം പഠിച്ചിട്ടുണ്ട്. ഇതൊക്കെ പഠിച്ച് കഴിഞ്ഞാല്‍ നമുക്ക് ഇതൊന്നും അറിയാത്ത ഒരാളെ വളരെ എളുപ്പം കീഴ്‌പ്പെടുത്താന്‍ കഴിയും. അനാവശ്യമായിട്ട് ഇതൊന്നും ചെയ്യരുത് എന്നാണ് ആശാന്‍ ആദ്യം പറഞ്ഞ് തരുന്നത്. ആ ചിത്രങ്ങളിലെ എന്റെ പ്രകടനങ്ങള്‍ കണ്ട് ആശാന്മാരെല്ലാം വിളിച്ച് നന്നായിരുന്നു എന്നെല്ലാം പറഞ്ഞു.

ഒരു സിനിമക്ക് വേണ്ടി നമ്മള്‍ 25 ശതമാനം പഠിച്ചാല്‍ സിനിമയില്‍ അത് 100 ശതമാനമായി കാണിക്കാം, ഒന്നും പഠിച്ചില്ലേല്‍ 25 ശതമാനം മാത്രമേ കാണിക്കാന്‍ കഴിയു.

അതുകൊണ്ടാണ് ഞാന്‍ ഓരോന്നും സിനിമക്ക് വേണ്ടി പഠിക്കുന്നതും,’ ടൊവിനോ തോമസ് പറയുന്നു.

Content Highlight: Tovino Thomas Talks About  martial arts