ആ നടന്റെ കുരുട്ടുബുദ്ധി എനിക്ക് വേണം; ആരും ചിന്തിക്കാത്ത ഒരു കാര്യം അയാള്‍ ചിന്തിച്ചു: ടൊവിനോ
Entertainment
ആ നടന്റെ കുരുട്ടുബുദ്ധി എനിക്ക് വേണം; ആരും ചിന്തിക്കാത്ത ഒരു കാര്യം അയാള്‍ ചിന്തിച്ചു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th September 2024, 5:08 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു ഡയറക്ടര്‍ – ആക്ടര്‍ കോമ്പോയാണ് ബേസില്‍ ജോസഫ് – ടൊവിനോ തോമസ് കൂട്ടുകെട്ട്. മലയാളത്തില്‍ നിലവില്‍ ഇവരുടെ കോമ്പോയ്ക്ക് ഒരുപാട് ആരാധകരുണ്ട്. ബേസിലും ടൊവിനോയും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഗോദ.

ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ഗോദ തിയേറ്ററില്‍ വലിയ വിജയമായി മാറിയിരുന്നു. ഇന്നും വലിയ റിപ്പീറ്റ് വാല്യുവുള്ള സിനിമ ആയിട്ടാണ് ഇതിനെ കണക്കാക്കുന്നത്.

ബേസില്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളിയിലും ടൊവിനോ തന്നെയായിരുന്നു നായകനായത്. ഒ.ടി.ടി റിലീസായ ചിത്രം ഇന്ത്യയൊട്ടാകെ വലിയ ശ്രദ്ധ നേടിയിരുന്നു. സിനിമക്ക് പുറത്തും അവര്‍ക്ക് പരസ്പരം സൗഹൃദമുണ്ടായിരുന്നു.

ഇപ്പോള്‍ ബേസില്‍ ജോസഫില്‍ നിന്ന് താന്‍ മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്ന കാര്യം എന്താണെന്ന് പറയുകയാണ് ടൊവിനോ. ആദ്യം താന്‍ മോഷ്ടിക്കുക ബേസിലിന്റെ ചിരിയാണെന്നാണ് നടന്‍ പറയുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ബേസിലിന്റെ കുരുട്ടുബുദ്ധി മോഷ്ടിക്കാന്‍ ആഗ്രഹമുണ്ടെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.

‘ബേസിലില്‍ നിന്ന് ഞാന്‍ എന്ത് മോഷ്ടിക്കുമെന്ന് ചോദിച്ചാല്‍ അത് അവന്റെ ചിരിയായിരിക്കും. ആര്‍ക്കും കിട്ടാത്ത ചിരിയാണ് അത് (ചിരി). തത്കാലം ചിരി മോഷ്ടിക്കാം. പിന്നെ അവന്റെ ബുദ്ധിയും ഞാന്‍ മോഷ്ടിക്കും. അതായത് അവന്റെ ആ കുരുട്ടുബുദ്ധി. സീരിയസായിട്ടും എനിക്ക് ബേസിലിന്റെ കുരുട്ടുബുദ്ധി കിട്ടിയാല്‍ നന്നാകുമെന്ന് തോന്നുന്നുണ്ട്.

ഒരു മേക്കര്‍ക്ക് വേണ്ട കാര്യമാണ് കുരുട്ടുബുദ്ധി. അതുവെച്ച് ആരും ചിന്തിക്കാത്ത ഒരു കാര്യം അവന്‍ ചിന്തിച്ചില്ലേ. ഒരു നാടന്‍ സൂപ്പര്‍ഹീറോയെ ഉണ്ടാക്കണമെന്ന ചിന്ത ഉണ്ടാകുകയും അത് നടപ്പിലാക്കുകയും ചെയ്തു. ആ ബുദ്ധി അടിപൊളി തന്നെയാണ്,’ ടൊവിനോ തോമസ് പറഞ്ഞു.


Content Highlight: Tovino Thomas Talks About Basil Joseph