അന്ന് ഞാൻ കാരണം അപ്പച്ചനെ കുറ്റം പറഞ്ഞവർ പിന്നീട് എന്റെ കൂടെ ഫോട്ടോയെടുക്കാൻ വീട്ടിലേക്ക് വന്നു: ടൊവിനോ
Entertainment
അന്ന് ഞാൻ കാരണം അപ്പച്ചനെ കുറ്റം പറഞ്ഞവർ പിന്നീട് എന്റെ കൂടെ ഫോട്ടോയെടുക്കാൻ വീട്ടിലേക്ക് വന്നു: ടൊവിനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 8th October 2024, 8:46 pm

പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെ കരിയർ തുടങ്ങിയ നടനാണ് ടൊവിനോ തോമസ്. പൃഥ്വിരാജ് ചിത്രങ്ങളായ സെവൻത്ത് ഡേ, എന്ന് നിന്റെ മൊയ്‌തീൻ എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ ടൊവിനോ, ഗപ്പി എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് മുൻനിര നായക നടനായി മാറുന്നത്.

ഒരു മെക്സിക്കൻ അപാരത എന്ന ചിത്രം യൂത്തിനിടയിലും ടൊവിനോക്ക് വലിയ സ്വീകാര്യത നേടിക്കൊടുത്തു. ഇന്നിപ്പോൾ തിയേറ്ററിൽ തകർത്തോടുന്ന അജയന്റെ രണ്ടാം മോഷണം എന്ന പാൻ ഇന്ത്യൻ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ  കയ്യടി നേടുകയാണ് ടൊവിനോ.

പണ്ട് സിനിമയിൽ വരാൻ ആഗ്രഹിച്ചപ്പോൾ ഒരുപാടാളുകൾ കളിയാക്കിയിട്ടുണ്ടെന്നും കലാപരമായി തനിക്ക് കഴിവുകൾ ഒന്നുമില്ലായിരുന്നുവെന്നും ടൊവിനോ പറയുന്നു. അന്ന് ജോലിയൊക്കെ രാജി വെച്ചപ്പോൾ തന്റെ അച്ഛനെയൊക്കെ പലരും കുറ്റം പറഞ്ഞിട്ടുണ്ടെന്നും പിന്നീട് അവർ തന്നെ ഒരു ഫോട്ടോയെടുക്കാനായി വീട്ടിലേക്ക് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ആളുകളുടെ കളിയാക്കലൊക്കെ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന് അവരെ കുറ്റം പറയാനും പറ്റില്ല. സിനിമയിൽ വരണമെന്ന് ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കലാപരമായി എടുത്തുപറയാൻ കഴിവുകളൊന്നുമില്ലായിരുന്നു.

ഒരുപാട് പേർ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന, അങ്ങനെ എല്ലാവർക്കും എത്തിച്ചേരാൻ പറ്റാത്ത മേഖലയാണ് സിനിമ. അതുകൊണ്ടൊക്കെയാകാം. സിനിമയാണ് സ്വ‌പ്നം എന്നു പറഞ്ഞപ്പോൾ പലരും കളിയാക്കി. ജോലി രാജി വെച്ചപ്പോൾ മണ്ടത്തരമാണെന്ന് പറഞ്ഞു. മക്കളുടെ താളത്തിനൊത്ത് തുള്ളുന്നു എന്നൊക്കെ പറഞ്ഞ് അപ്പനെ കുറ്റം പറഞ്ഞവരുണ്ട്.

പക്ഷേ, അതേ ആളുകളൊക്കെത്തന്നെ പിന്നീട് എൻ്റെ വീടിന്റെ മുന്നിൽ ഫോട്ടോ എടുക്കാനൊക്കെ വന്നു നിന്നിട്ടുണ്ട്. വെറും ആഗ്രഹത്തിൻ്റെ മാത്രം ബലത്തിൽ ഒരാളൊരു തീരുമാനം എടുക്കുമ്പോൾ അതിൽ അയാൾ വിജയിക്കും എന്ന പ്രതീക്ഷ ആർക്കും ഉണ്ടായിരിക്കില്ല. കളിയാക്കലുകളുടെയും കുറ്റപ്പെടുത്തലുകളുടെയുമൊക്കെ കാരണം അതൊക്കെത്തന്നെയാവും,’ടൊവിനോ പറയുന്നു.

അതേസമയം ടൊവിനോയുടെ പുതിയ ചിത്രം അജയന്റെ രണ്ടാം മോഷണം ഇതിനോടകം നൂറ് കോടി കളക്ഷൻ നേടി കഴിഞ്ഞു. ടൊവിനോ മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ലാലാണ് സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: Tovino Thomas Talk About His Film journey