Entertainment news
ഒരു മുപ്പത്- നാല്‍പതില്‍ അടിക്കാന്‍ പറഞ്ഞിട്ട് അവന്‍ എഴുപത്- എഴുപത്തഞ്ചില്‍ ഒരടി അടിച്ചു; മൂന്ന് സെക്കന്റ് എനിക്കെല്ലാം ബ്ലാങ്കായിരുന്നു: രസകരമായ അനുഭവം പറഞ്ഞ് തല്ലുമാല വസീം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Aug 04, 01:12 pm
Thursday, 4th August 2022, 6:42 pm

ടൊവിനോ തോമസ് വെറൈറ്റി ഗെറ്റപ്പിലെത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാല ഓഗസ്റ്റ് 12നാണ് റിലീസ് ചെയ്യുന്നത്.
ഷൈന്‍ ടോം ചാക്കോ, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന് വേണ്ടി വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

തല്ലുമാലയുടെ ഷൂട്ടിങ് സമയത്തെ വെല്ലുവിളികളും രസകരമായ അനുഭവങ്ങളും പങ്കുവെക്കുകയാണിപ്പോള്‍ നായകന്‍ ടൊവിനോ തോമസ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കല്യാണി പ്രിയദര്‍ശന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്കൊപ്പം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

സിനിമയില്‍ തന്റെ കവിളില്‍ അടിക്കുന്നതായുള്ള ഒരു സീനിന്റെ ചിത്രീകരണ വീഡിയോ നേരത്തെ ടൊവിനോ പങ്കുവെച്ചിരുന്നു. അത് ഷൂട്ട് ചെയ്തപ്പോഴുള്ള അനുഭവമാണ് താരം ഇപ്പോള്‍ അഭിമുഖത്തില്‍ വിവരിക്കുന്നത്.

”ആ അടി കിട്ടുന്ന സീനിനെ കുറിച്ചാണ്. റഹ്മാനെ (സംവിധായകന്‍ ഖാലിദ് റഹ്മാന്‍) ഞങ്ങള്‍ ഹെഡ്മാഷ് എന്നാണ് വിളിക്കുന്നത്. ഞാന്‍ ലുക്മാന്റെ അടുത്ത് പറഞ്ഞു, ‘എടാ ലുക്കൂ, നീ പതുക്കെയൊക്കെ അഡ്ജസ്റ്റ് ചെയ്ത് അടിച്ചാലൊന്നും ഹെഡ്മാഷ് സമ്മതിക്കില്ല.

നീ എന്നോടുള്ള സ്‌നേഹമൊക്കെ മറന്നേക്ക്’ എന്ന്. കുറച്ച് ദിവസം ഒരുമിച്ചായതുകൊണ്ട് ഞങ്ങള്‍ അപ്പോഴേക്കും നല്ല സൗഹൃദത്തിലായിരുന്നു. ‘നീ ഒരു മുപ്പത്- നാല്‍പത് ശതമാനം അടിച്ചോ. അത്രയും ക്ലോസ് ആയി ഷൂട്ട് ചെയ്യുന്നതാണ്. അല്ലെങ്കില്‍ അത് നടക്കില്ല, നീ അടിച്ചോ, കുഴപ്പമില്ല,’ എന്ന് ഞാന്‍ ലുക്മാനോട് പറഞ്ഞു.

‘ഞാന്‍ നോക്കട്ടെ ട്ടോ, ബ്രോ ഒന്ന് ടൈറ്റ് ചെയ്ത് പിടിച്ചോളൂ,’ എന്നുപറഞ്ഞ് അവന്‍ ഒരു 70- 75 ശതമാനം അടി അങ്ങോട്ട് അടിച്ചു. അടി കിട്ടി ഞാന്‍ ഒരു സൈഡിലേക്ക് പോയി. ഒരു മൂന്ന് സെക്കന്റ് എനിക്ക് ബ്ലാങ്കാണ് എല്ലാം. അതാണ് ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോയിലുള്ളത്.

ഇതല്ലാതെ വേറെയും അടി കിട്ടിയിട്ടുണ്ട്. പക്ഷെ അതൊന്നും സിനിമയിലില്ല,” ടൊവിനോ തോമസ് പറഞ്ഞു.

ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തല്ലുമാലയുടെ ഇതുവരെ പുറത്തുവന്ന ഗാനങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം വിഷ്ണു വിജയ് നിര്‍വഹിക്കുന്നു. ഗാനരചന മുഹ്സിന്‍ പരാരി, എഡിറ്റിങ് നിഷാദ് യൂസഫ്.

മുഹ്സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight: Tovino Thomas about the slapping scene in Thallumaala movie