ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ഭാരോദ്വാഹനത്തില്‍ സ്വര്‍ണ്ണ മെഡലിന് സാധ്യത. നേരത്തെ ചൈനീസ് താരം സിഹു ആയിരുന്നു ഒന്നാം സ്ഥാനത്തെത്തിയത്.
എന്നാല്‍ സിഹു ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന സംശയത്തെ തുടര്‍ന്ന് ഒളിംപിക്‌സ് വില്ലേജില്‍ തുടരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. സിഹുവിനോട് ഉത്തേജക പരിശോധന നടത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരിശോധനഫലത്തില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയാല്‍ സിഹുവിന്റെ വിജയം റദ്ദാക്കും. ഇതോടെ രണ്ടാം സ്ഥാനത്തെത്തിയ മീരാഭായ് ചനുവിന് സ്വര്‍ണ്ണ മെഡല്‍ ലഭിക്കും.
49 കിലോ വിഭാഗത്തിലാണ് ചനു മെഡല്‍ നേടിയത്. ഭാരോദ്വാഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് മീരാഭായ് ചനു.
സ്നാച്ചില്‍ 84, 87 കിലോകള്‍ ഉയര്‍ത്തിയ ചനുവിന് 89 കിലോ ഉയര്‍ത്താനായില്ല. ഇതോടെയാണ് രണ്ടാം സ്ഥാനത്തേക്ക് മാറിയത്. അതേസമയം ക്ലീന്‍ ആന്റ് ജെര്‍ക്കില്‍ 115 കിലോയാണ് മീരാഭായ് ചനു ഉയര്‍ത്തിയത്.
94 കിലോയാണ് സ്നാച്ചില്‍ ചൈനീസ് താരം ഉയര്‍ത്തിയത്. നേരത്തെ സിഡ്നി ഒളിംപിക്‌സിലാണ് ഇന്ത്യന്‍ താരമായ കര്‍ണം മല്ലേശ്വരി വെള്ളി മെഡല്‍ നേടിയിരുന്നത്. 2000ത്തിലായിരുന്നു ഇത്.