നാല് കോടിയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നിന്ന ഒരാളെ കണ്ടിരുന്നു; രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് സംപിത് പത്ര
national news
നാല് കോടിയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നിന്ന ഒരാളെ കണ്ടിരുന്നു; രാഹുലിനെ കടന്നാക്രമിച്ച് ബി.ജെ.പി നേതാവ് സംപിത് പത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 12:42 pm

ന്യൂദല്‍ഹി: നോട്ട് നിരോധമുള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്നലെ ചണ്ഡീഗഡില്‍ നടത്തിയ റാലിയില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സംപിത് പത്ര.

നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയിലെ സാധാരണക്കാരെയെല്ലാം ബാങ്കുകള്‍ക്ക് മുന്നില്‍ മോദി ക്യൂ നിര്‍ത്തിയെന്നും ആ സമയം കള്ളപ്പണക്കാര്‍ക്ക് സാധാരണക്കാരന്റെ പണം കൊണ്ട് രാജ്യം വിടാനുള്ള അവസരവും ഒരുക്കിയെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സംപിതിന്റെ പരാമര്‍ശം.

“”രാഹുല്‍ ജിയുടെ പ്രസംഗം കേട്ടു. ഏതെങ്കിലും ഒരു കള്ളപ്പണക്കാരന്‍ വലിയ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂവില്‍ നില്‍ക്കുന്നത് ആരെങ്കിലും കണ്ടിരുന്നോ എന്നാണ് അദ്ദേഹം ചോദിച്ചത്. ഉണ്ട് എന്നാണ് എനിക്ക് അദ്ദേഹത്തോട് മറുപടി പറയാനുള്ളത്. നാല് കോടി രൂപയുടെ കാറില്‍ വന്നിറങ്ങി നോട്ട് മാറാന്‍ ക്യൂ നില്‍ക്കുന്ന രാഹുല്‍ഗാന്ധിയെ ഞാന്‍ കണ്ടിരുന്നു”- സംപിത് പത്ര പറഞ്ഞു.


Also Read കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാനൊരുങ്ങി തെലങ്കാന ജനസമിതി; തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍


നോട്ട് നിരോധനം വലിയ വിജയമായിരുന്നെന്നും കള്ളപ്പണവും തീവ്രവാദവും ഒരുപരിധി വരെ ഇല്ലാതാക്കാന്‍ നോട്ട് നിരോധനം കൊണ്ട് സാധിച്ചിട്ടുണ്ടെന്നുമായിരുന്നു സംപിത് പത്രയുടെ അവകാശവാദം.

“നോട്ട് നിരോധത്തിന് ശേഷം ജനങ്ങളെ വലിയ ക്യൂവില്‍ നിര്‍ത്തിക്കുകയും ആ സമയം നീരവ് മോദിയേയും വിജയ് മല്യയേയും ലളിത് മോദിയേയും മെഹുല്‍ ചോക്സിയേയും ഈ രാജ്യത്ത് നിന്ന് കടന്നുകളയാന്‍ മോദി സഹായിക്കുകയായിരുന്നെന്നും രാഹുല്‍ ഇന്നലെ കുറ്റപ്പെടുത്തിയിരുന്നു.

ഒരുകള്ളപ്പണക്കാരന്‍ പോലും കാറില്‍വന്നിറങ്ങി ക്യൂവില്‍ നിന്ന് നോട്ട് മാറുന്നത് ആരും കണ്ടിട്ടില്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.