ഐ.പി.എല്‍ നിയമം സ്വന്തമാക്കി 'ജൂനിയര്‍ ഐ.പി.എല്‍'; ഒപ്പം വൈകിവന്ന തിരിച്ചറിവിന് കയ്യടിച്ച് ആരാധകര്‍
Sports News
ഐ.പി.എല്‍ നിയമം സ്വന്തമാക്കി 'ജൂനിയര്‍ ഐ.പി.എല്‍'; ഒപ്പം വൈകിവന്ന തിരിച്ചറിവിന് കയ്യടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 2nd June 2023, 1:25 pm

ഐ.പി.എല്ലിന് ശേഷം ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ളതും സക്‌സസ്ഫുള്ളുമായ ഫ്രാഞ്ചൈസി ലീഗായ തമിഴ്‌നാട് പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തമിഴ്‌നാട്ടിലെ ക്രിക്കറ്റ് പ്രേമികളുടെ ആഘോഷത്തിനും ആരവത്തിനും ഇനി കാത്തിരിക്കേണ്ടത് പത്ത് നാള്‍ മാത്രമാണ്.

2016ല്‍ ടി.എന്‍.സി.എയുടെ (തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍) നേതൃത്വത്തിലാണ് ടി.എന്‍.പി.എല്‍ പിറവിയെടുക്കുന്നത്. ആദ്യ സീസണിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തലയായിരുന്ന ധോണിയായിരുന്നു.

അന്നുതൊട്ടിന്നോളം നിരവധി പ്രതിഭകളെയാണ് ടി.എന്‍.പിഎല്‍ വാര്‍ത്തെടുത്തത്. ടി.എന്‍.പി.എല്ലില്‍ നിന്നും ഐ.പി.എല്ലിലെത്തിയവരും കുറവല്ല.

ഇപ്പോള്‍ ഐ.പി.എല്ലില്‍ നിന്നും ‘കടമെടുക്കാനുള്ള’ ഒരുക്കത്തിലാണ് ടി.എന്‍.പി.എല്‍. ടൂര്‍ണമെന്റിനെ അടുത്ത ലെവലിലേക്ക് ഉയര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഐ.പി.എല്ലിലെ പല നിയമങ്ങളും ടി.എന്‍.പി.എല്ലിലും പ്രാവര്‍ത്തികമാക്കാന്‍ സംഘാടകര്‍ ഒരുങ്ങുന്നത്.

ഇംപാക്ട് പ്ലെയര്‍ റൂള്‍ ആണ് ഇതില്‍ പ്രധാനം. ഫുട്‌ബോളിലെ സബ്‌സ്റ്റിറ്റിയൂഷന് സമാനമായി ക്രിക്കറ്റില്‍ അവതരിപ്പിക്കപ്പെട്ട ഈ നിയമം വളരെ പെട്ടെന്ന് തന്നെ പ്രശസ്തമാവുകയും ക്രിക്കറ്റ് അനലിസ്റ്റുകളുടെ പ്രശംസകളേറ്റുവാങ്ങുകയും ചെയ്തിരുന്നു. ഇതോടെയാണ് ടി.എന്‍.പി.എല്ലും ഇംപാക്ട് പ്ലെയര്‍ നിയമം കടമെടുക്കുന്നത്.

ഇതിന് പുറമെ ഡി.ആര്‍.എസും പുതിയ സീസണ്‍ മുതല്‍ അനുവദിക്കും. എന്നാല്‍ ഐ.പി.എല്ലിലേതുപോലെ വൈഡിനും നോ ബോളിനും ഡി.ആര്‍.എസ് ലഭിക്കില്ല.

പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് റിസര്‍വ് ഡേയും പുതിയ സീസണ്‍ മുതല്‍ പ്രാവര്‍ത്തികമാകും. കഴിഞ്ഞ സീസണില്‍ ഫൈനല്‍ മഴ കൊണ്ടുപോയപ്പോള്‍ ഫൈനല്‍ കളിച്ച ലൈക കോവൈ കിങ്‌സിനെയും ചെപക് സൂപ്പര്‍ ഗില്ലീസിനെയും വിജയികളായി പ്രഖ്യാപിക്കേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് റിസര്‍വ് ഡേ എന്ന ആശയവും ടി.എന്‍.പി.എല്ലില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.

 

 

ജൂണ്‍ 12നാണ് ടി.എന്‍.പി.എല്‍ 2023ന് തുടക്കമാകുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ലൈക കോവൈ കിങ്‌സും തിരുപ്പൂര്‍ തമിഴന്‍സുമാണ് ആദ്യ മത്സരത്തില്‍ ഏറ്റമുട്ടുക.

ജൂണ്‍ 13നാണ് മറ്റൊരു ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ചെപക് സൂപ്പര്‍ ഗില്ലീസിന്റെ പോരാട്ടം. എസ്.എന്‍.ആര്‍ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ സേലം സ്പര്‍ട്ടാന്‍സാണ് എതിരാളികള്‍.

ജൂലൈ അഞ്ചോടെ ലീഗ് മത്സരങ്ങള്‍ പൂര്‍ത്തിയാകും. ജൂലൈ ഏഴിന് ആദ്യ ക്വാളിഫയറും എട്ടിന് എലിമിനേറ്ററും നടക്കും. ജൂലൈ പത്തിനാണ് രണ്ടാം ക്വാളിഫയര്‍.

തിരുനെല്‍വേലിയിലെ ഇന്ത്യന്‍ സിമെന്റ് കമ്പനി ഗ്രൗണ്ടിലാണ് ജൂലൈ 12ന്റെ ഫൈനല്‍ അരങ്ങേറുക.

ടി.എന്‍.പി.എല്‍ 2023 ടീമുകള്‍

ലൈക കോവൈ കിങ്‌സ്, ചെപക് സൂപ്പര്‍ ഗില്ലീസ്, തിരുപ്പൂര്‍ തമിഴന്‍സ്, സേലം സ്പര്‍ട്ടാന്‍സ്, സെയ്ച്ചം മധുരൈ പാന്തേഴ്‌സ്, നെല്ലായ് റോയല്‍ കിങ്‌സ്, ഡിണ്ടിഗല്‍ ഡ്രാഗണ്‍സ്, Ba11sy ട്രിച്ചി

 

Content highlight: TNPL to introduce impact player rule