ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.
നാഗലാന്‍ഡില്‍ നിന്ന് ആശങ്കാജനകമായ വാര്‍ത്തകളാണ് വരുന്നതെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മമത പറഞ്ഞിരുന്നു.
നാഗാലാന്‍ഡിലെ മോണ്‍ ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ട്രക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗ്രാമീണരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് എത്തിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് സുരക്ഷാ സേന വെടിവെച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ അസം റൈഫിള്‍സ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയതായും വാഹനങ്ങള്‍ക്ക് തീയിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന് പിന്നാലെ മേഖലയിലെ ഇന്റര്‍നെറ്റ് സേവനം റദ്ദാക്കി. സുരക്ഷ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് കൊഹിമയിലെ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ റദ്ദാക്കിയിട്ടുണ്ട്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന നാഗാലാന്‍ഡില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം ചേരും. ദല്‍ഹിയിലായിരുന്ന മുഖ്യമന്ത്രി നെയ്ഫിയു റിയോ സംസ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. തലസ്ഥാനമായ കോഹിമയില്‍ ചേരുന്ന യോഗത്തില്‍ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
അതേസമയം, സംഭവത്തില്‍ പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. 21 പാരാ സ്‌പെഷ്യല്‍ ഫോഴ്‌സ് ഓഫ് ആര്‍മി ഉദ്യോഗസ്ഥരെ കേസില്‍ പ്രതി ചേര്‍ത്തതായാണ് റിപ്പോര്‍ട്ട്.
കൊലപാതകം ലക്ഷ്യമിട്ടാണ് സുരക്ഷാ സേന ആക്രമണം നടത്തിയതെന്ന് എഫ്.ഐ.ആറില്‍ പൊലീസ് പറയുന്നു.
Content Highlights: TMC to air-dash team of MPs to Nagaland today