ടൈറ്റാനിയം കേസ്: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിപട്ടികയ്ക്കു പുറത്ത്
Kerala
ടൈറ്റാനിയം കേസ്: ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതിപട്ടികയ്ക്കു പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th March 2013, 4:57 pm

തിരുവനന്തപുരം: ടൈറ്റാനിയം കേസില്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പ്രതികളല്ലെന്ന് സൂചന. []

തിരുവനന്തപുരം വിജിലന്‍സ് ഇന്നാണ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇവരെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം.

കൂടാതെ ഈ കേസിലെ നിര്‍ണായക സാക്ഷി മുന്‍ മന്ത്രി കെ.കെ രാമചന്ദ്രന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിട്ടില്ല.

ടൈറ്റാനിയം അഴിമതിക്കേസില്‍ അന്വേഷണം വൈകിക്കുന്നതിനെതിരേ വിജിലന്‍സിന്  കേസ് പരിഗണിച്ച തിരുവനന്തപുരം വിജിലന്‍സ് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
അന്വേഷണം അനന്തമായി നീട്ടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും മാര്‍ച്ച് അഞ്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്നും കോടതി പറഞ്ഞിരുന്നു.

2006 ല്‍ തുടങ്ങിയ കേസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്ന് കോടതി നേരത്തെ അന്ത്യശാസനം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് ഹാജരായ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ രണ്ട് മാസത്തെ സമയം കൂടി ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇത് കോടതി അനുവദിച്ചിരുന്നില്ല.

2006 ലാണ് ടൈറ്റാനിയം അഴിമതിക്കേസില്‍ സ്വകാര്യ ഹര്‍ജിയെ തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയ്ക്കും പങ്കുണ്ടെന്ന് ആരോപിച്ച് ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനായ ജയന്‍ രംഗത്തെത്തിയതോടെയാണ് കേസ് വീണ്ടും വൈകിയത്.

കേസില്‍ മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ന്യായത്തിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം പലതവണ ആവശ്യപ്പെട്ടിരുന്നത്.