പൊലീസ് -അഭിഭാഷക സംഘര്‍ഷത്തിനിടെ വനിതാ ഐ.പി.എസ് ഉദ്യേഗസ്ഥയുടെ തോക്ക് കവര്‍ന്നതായി പരാതി; കേസെടുത്തില്ല
national news
പൊലീസ് -അഭിഭാഷക സംഘര്‍ഷത്തിനിടെ വനിതാ ഐ.പി.എസ് ഉദ്യേഗസ്ഥയുടെ തോക്ക് കവര്‍ന്നതായി പരാതി; കേസെടുത്തില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 7th November 2019, 1:49 pm

ന്യൂദല്‍ഹി: തീസ് ഹസാരി കോടതിക്ക് മുന്നില്‍ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ യുണിഫോമിലുണ്ടായിരുന്ന വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് തോക്ക് കവര്‍ന്നതായി പരാതി. ദല്‍ഹി പൊലീസ് സംഭവത്തില്‍ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

വനിതാ ഐ.പി.എസ് ഓഫീസറെ ആക്രമിച്ച് അവരുടെ കൈയ്യിലുള്ള 9 എം.എം സര്‍വ്വീസ് പിസ്റ്റലാണ് തട്ടിയെടുത്തത്. എന്നാല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലും തയ്യാറായില്ലെന്നാണ് റിപ്പോര്‍ട്ട്. തന്റെ സഹപ്രവര്‍ത്തകനോട് സംഭവം പറഞ്ഞപ്പോള്‍ പരാതിപ്പെടേണ്ട ആവശ്യമില്ല, ഫലമൊന്നും ഉണ്ടാവില്ല. സ്വയം പരിഹാസ്യമാവുകയേ ചെയ്യുള്ളൂവെന്നായിരുന്നു പ്രതികരണമെന്നും അവര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

തീസ് ഹസാരി കോംപ്ലക്‌സിനുള്ളിലെ പാര്‍ക്കിംഗ് തര്‍ക്കമാണ് അഭിഭാഷകരും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് നയിച്ചത്. ഒരു അഭിഭാഷകന്‍ തന്റെ കാര്‍ ലോക്കപ്പിന് മുന്നില്‍ പാര്‍ക്ക് ചെയ്യുന്നതിനെ ഡ്യൂട്ടി ഉദ്യോഗസ്ഥര്‍ എതിര്‍ത്തതോടെയാണ് പ്രശ്നം തുടങ്ങിയത്.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഭിഭാഷകര്‍ കൂട്ടത്തോടെ പ്രതിഷേധിക്കാനെത്തിയപ്പോള്‍ പൊലീസുകള്‍ സ്വയം രക്ഷക്കായി മുറിയില്‍ കയറി ഒളിക്കുകയും അഭിഭാഷകര്‍ റൂമിന് പുറത്തെ വാഹനങ്ങള്‍ കത്തിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് പൊലീസുകാര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

പിന്നാലെ അഭിഭാഷകരും രംഗത്തെത്തി. കോടതി സമുച്ചയത്തിന് മുന്നിലാണ് അഭിഭാഷകരുടെ പ്രതിഷേധം. പ്രതിഷേധത്തിനിടയില്‍ രണ്ട് അഭിഭാഷകര്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ