വാരാണസി: ഉത്തര്‍പ്രദേശില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) സര്‍ക്കാര്‍ രൂപീകരിക്കുമെന്ന അവകാശവാദവുമായി പാര്‍ട്ടി അധ്യക്ഷ മായാവതി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വന്നിടത്തേക്ക് തന്നെ മടക്കി അയക്കുമെന്നും മായാവതി പറഞ്ഞു.
ജാതിചിന്ത മാത്രം വെച്ചുപുലര്‍ത്തി ദളിതുകളെയും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവരെയും മുസ്‌ലിങ്ങളെയും അടിച്ചമര്‍ത്താനാണ് യോഗി എന്നും ശ്രമിച്ചതെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ മാധ്യമങ്ങളെല്ലാം തന്നെ ബി.ജെ.പിക്കും ബി.എസ്.പിയുടെ എതിരാളികള്‍ക്കും അനുകൂലമായി എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വളച്ചൊടിക്കുകയാണെന്നും മായാവതി ആരോപിച്ചു.
‘ഈ ജനപങ്കാളിത്തവും അതിന്റെ ആവേശവും കാണുമ്പോള്‍, ബി.എസ്.പിയെ വീണ്ടും അധികാരത്തിലെത്തിക്കാനും നിങ്ങളുടെ ‘ബെഹന്‍ജിയെ’ അഞ്ചാം തവണയും മുഖ്യമന്ത്രിയാക്കാനും യോഗിയെ അദ്ദേഹത്തിന്റെ മഠത്തിലേക്ക് തിരിച്ചയക്കാനും നിങ്ങള്‍ തയ്യാറാണെന്ന് എനിക്ക് പറയാന്‍ കഴിയും,’ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ മായാവതി പറഞ്ഞു.
യോഗി ആദിത്യനാഥ് വലിയ രീതിയില്‍ ജാതിചിന്ത വെച്ചുപുലര്‍ത്തുന്ന ആളാണെന്നും ഇടുങ്ങിയ ചിന്താഗതിക്കാരനാണെന്നും ആരോപിച്ച മായാവതി, ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ യോഗിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് അത്യാവശ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാര്‍ മുസ്‌ലിം വിഭാഗത്തിന് വേണ്ടി ഒന്നും തന്നെ ചെയ്തിട്ടില്ലെന്നും അവരെ കള്ളക്കേസില്‍ കുടുക്കാന്‍ മാത്രമാണ് യോഗി ശ്രമിച്ചതെന്നും മായാവതി പറഞ്ഞു. മുസ്‌ലിം വിഭാഗത്തെ മാത്രമല്ല, ബ്രാഹ്‌മണ സമുദായത്തെ പോലും അവഗണിക്കുന്ന നിലപാടാണ് ബി.ജെ.പി എന്നും സ്വീകരിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.
ബി.എസ്.പിയുടെ എതിര്‍ചേരിയിലുള്ളവര്‍ മാധ്യമങ്ങളെ ഉപയോഗിച്ച് തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, തെരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോളുകള്‍ അട്ടിമറിച്ച് ബി.എസ്.പി വിരുദ്ധ അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നതെന്നും മായാവതി ആരോപിച്ചു.
തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പും കഴിഞ്ഞതോടെ പാര്‍ട്ടി വളരെ ആത്മവിശ്വാസത്തിലാണ്. എല്ലാ ഭാഗത്ത് നിന്നും അനുകൂലമായ വാര്‍ത്തകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ ബി.എസ്.പിയെ തഴഞ്ഞ മാധ്യമളെല്ലാം തന്നെ അവരുടെ തെറ്റ് മനസിലാക്കും- മായാവതി പറഞ്ഞു.
‘ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തുമ്പോള്‍ എന്നെ കേള്‍ക്കാനായി ആളുകള്‍ കൂട്ടം കൂട്ടമായാണ് എത്തുന്നത്. പ്രചരണത്തിന്റെ കഴിഞ്ഞ രണ്ട് റൗണ്ടുകളുടെ സമയത്തും പശ്ചിമ യു.പിയില്‍ തണുപ്പ് കൊടുമ്പിരി കൊള്ളുകയായിരുന്നു, എന്നിട്ടും അവരെന്നെ കേള്‍ക്കാന്‍ വന്നു,’മായാവതി പറയുന്നു.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുടെ പ്രസക്തി അംഗീകരിച്ചതില്‍ കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് നന്ദി അറിയിച്ച് മായാവതി നേരത്തെ രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ ബി.എസ്.പി ഏറെ വോട്ടുകള്‍ നേടുമെന്നും എന്നാല്‍ വോട്ടുകളെ എത്രത്തോളം സീറ്റുകളാക്കി മാറ്റാന്‍ സാധിക്കില്ലെന്നുമായിരുന്നു ഷാ നേരത്തെ പറഞ്ഞത്.