Advertisement
Cricket
ഒരു ദിവസം മുഴുവൻ അദ്ദേഹത്തെ പോലെ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ടിം സൗത്തി
സ്പോര്‍ട്സ് ഡെസ്‌ക്
2024 Aug 23, 03:32 am
Friday, 23rd August 2024, 9:02 am

ഒരു ദിവസം മുഴുവന്‍ ഏത് ഇന്ത്യന്‍ ക്രിക്കറ്റ് താരമായി മാറാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ടിം സൗത്തി. ഇന്ത്യന്‍ ഇതിഹാസ നായകന്‍ എം.എസ് ധോണിയുടെ പേരാണ് സൗത്തി പറഞ്ഞത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് നടന്ന സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാര്‍ഡിന്റ ചടങ്ങിലാണ് ന്യൂസിലാന്‍ഡ് പേസര്‍ ഇക്കാര്യം പറഞ്ഞത്.

‘എം.എസ് ധോണി. അദ്ദേഹത്തിന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ സൗത്തി പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഒരുപാട് സംഭാവനകള്‍ നല്‍കിയ താരമാണ് ധോണി. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റുകളിലും 538 മത്സരങ്ങള്‍ കളിച്ച ധോണി 17266 റണ്‍സാണ് നേടിയിട്ടുള്ളത്. 16 സെഞ്ച്വറികളും 108 അര്‍ധസെഞ്ച്വറികളുമാണ് ധോണിയുടെ അക്കൗണ്ടിലുള്ളത്.

ക്യാപ്റ്റനെന്ന നിലയിലും ഇന്ത്യക്കായി ധോണി ഒരുപിടി നേട്ടങ്ങള്‍ നേടികൊടുത്തിട്ടുണ്ട്. ഇന്ത്യക്കായി ആദ്യ ടി-20 ലോകകപ്പ് നേടിക്കൊടുത്ത ക്യാപ്റ്റനും ധോണിയാണ്. 2007ല്‍ പാകിസ്ഥാനെ വീഴ്ത്തിയാണ് ധോണിയുടെ കീഴില്‍ ഇന്ത്യ ആദ്യ കുട്ടിക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

പിന്നീട് നാല് വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഏകദിന ലോകകപ്പും ധോണിയുടെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. സ്വന്തം മണ്ണില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയായിരുന്നു ഇന്ത്യ രണ്ടാം കിരീടം നേടിയത്.

ഇതോടെ കപില്‍ ദേവിന് ശേഷം ഐ.സി.സി ഏകദിന ലോകകപ്പ് നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനായി മാറാനും ധോണിക്ക് സാധിച്ചിരുന്നു. 2013ല്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചാമ്പ്യന്‍സ് ട്രോഫി കിരീടവും ധോണിയുടെ കീഴില്‍ ഇന്ത്യ നേടിയിരുന്നു.

2020ല്‍ ആയിരുന്നു ധോണി ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം ഇപ്പോഴും പ്രായം തളര്‍ത്താത്ത പോരാട്ടവീര്യമാണ് ധോണി നടത്തുന്നത്. ചെന്നൈക്കായി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളാണ് ധോണി നേടിയിട്ടുള്ളത്.

ന്യൂസിലാന്‍ഡ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് സൗത്തി. കിവീസിനായി 2008ല്‍ അരങ്ങേറ്റം കുറിച്ച സൗത്തി 100 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 380 വിക്കറ്റുകളാണ് നേടിയിട്ടുള്ളത്. ഏകദിനത്തില്‍ 161 മത്സരത്തില്‍ ന്യൂസിലാന്‍ഡിനായി കളത്തിലിറങ്ങിയ താരം 221 വിക്കറ്റുകളും ടി-20യില്‍ 126 മത്സരങ്ങളില്‍ നിന്നും 164 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.

 

Content Highlight: Tim Southee Talks About MS Dhoni