Sports News
ഗോള്‍ഡന്‍ ഡക്കില്‍ പിറന്നത് മോശം റെക്കോഡ്; വിരാടും സൂര്യയുമുള്ള ലിസ്റ്റില്‍ മുന്നിലുള്ളത് തിലക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 01, 09:58 am
Saturday, 1st February 2025, 3:28 pm

ഇംഗ്ലണ്ടിനെതിരായ ടി-20 പരമ്പരയിലെ നാലാം മത്സരത്തിലും ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര 3-1 ന് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് ഇന്ത്യയ്ക്ക് നേടാന്‍ സാധിച്ചത്. മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ടിന് 19.4 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ജെയ്മി സ്മിത്തിന് പകരക്കാരനായി കളത്തിലിറങ്ങിയ സാഖിബ് മഹ്‌മൂദ് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്. രണ്ടാം ഓവറില്‍ ഒറ്റ റണ്‍സ് പോലും നേടാന്‍ സാധിക്കാതെ മൂന്ന് വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓവറിലെ ആദ്യ പന്തില്‍ സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി മടങ്ങിയപ്പോള്‍ തൊട്ടടുത്ത പന്തില്‍ തിലക് വര്‍മ ഗോള്‍ഡന്‍ ഡക്കായും പുറത്തായി.

പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ തിലക് നാലാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കില്‍ പുറത്തായി ഒരു മോശം നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20ഐയില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്ക് ആകുന്ന മൂന്നാം നമ്പറില്‍ ഇറങ്ങുന്ന ഇന്ത്യന്‍ താരമാകാനാണ് താരത്തിന് സാധിച്ചത്. 12 ഇന്നിങ്‌സില്‍ നിന്നാണ് താരം മൂന്ന് ഗോള്‍ഡന്‍ ഡക്ക് നേടിയത്.

ടി-20ഐയില്‍ മൂന്നാം നമ്പറില്‍ ഇറങ്ങി ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്ക് ആകുന്ന ഇന്ത്യന്‍ താരം, എണ്ണം

തിലക് വര്‍മ – 3*

ദിനേശ് കാര്‍ത്തിക് -1

സൂര്യകുമാര്‍ യാദവ് – 1

വിരാട് കോഹ്‌ലി – 1

ഇന്ത്യയ്ക്ക് വേണ്ടി പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 19 റണ്‍സും രണ്ടാം മത്സരത്തില്‍ പുറത്താകാതെ 72 റണ്‍സും മൂന്നാം മത്സരത്തില്‍ 18 റണ്‍സുമായിരുന്നു താരം നേടിയത്.

മത്സരത്തില്‍ നാലാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്. രണ്ടാം ഓവറിലെ അവസാന പന്തില്‍ ക്യാപ്റ്റനും പിഴച്ചു. ബ്രൈഡന്‍ കാര്‍സിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു സൂര്യ. നാല് പന്തില്‍ ഒറ്റ റണ്‍സ് പോലും നേടാതെയാണ് സൂര്യ പുറത്തായത്.

Content Highlight: Tilak Varma In Unwanted Record Achievement