ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഒരു മാസക്കാലമായി കണ്ണൂര്‍ പാപ്പിനിശ്ശേരി പഞ്ചായത്തിലെ ദളിത് കോളനിയായ തുരുത്തിയിലെ ജനങ്ങള്‍ സമരം ആരംഭിച്ചിട്ട്. മറ്റു മാര്‍ഗങ്ങളുണ്ടായിട്ടും പ്രദേശത്തെ സവര്‍ണ്ണ-രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ച് അതോറിറ്റി പ്രവര്‍ത്തിക്കുന്നതാണ് ഈ ജനതയെ സമരത്തിലേക്കെത്തിച്ചത്. കേരളത്തിലെ കീഴാറ്റൂരടക്കമുള്ള ഭൂ സമരങ്ങള്‍ ഏറ്റെടുത്ത മുഖ്യധാര മാധ്യമങ്ങളും ഈ സമരത്തെ അവഗണിക്കുകയാണ്. ചില മാധ്യമങ്ങള്‍ മാത്രമാണ് സമരത്തെ അഡ്രസ് ചെയ്യാന്‍ തയ്യാറായിട്ടുള്ളത്.
29 ദളിത് കുടുംബങ്ങളും മൂന്നു ഒ.ബി.സി കുടുംബങ്ങളുമടങ്ങുന്നതാണ് തുരുത്തി കോളനി. ഇതിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പാത വികസനത്തിനായി മൂന്ന് അലൈന്‍മെന്റുകള്‍ വന്നതില്‍ ഒന്നും രണ്ടും ആരെയും പ്രതികൂലമായി ബാധിക്കാത്തതും വളവുകളില്ലാത്തതുമായിരുന്നു. പക്ഷെ മുഴുവന്‍ കുടുംബങ്ങളെയും കുടിയിറക്കുന്ന രീതിയില്‍ മൂന്നാമത്തെ അലൈന്‍മെന്റുമായാണ് അധികാരികള്‍ മുന്നോട്ടു പോകുന്നത്. ദളിത് കുടുംബങ്ങള്‍ കുടിയറക്കപ്പെടുന്നതിനോടൊപ്പം വന്‍തോതിലുള്ള പാരിസ്ഥിതികാഘാതം സൃഷ്ടിക്കുന്നതുമാണ് തുരുത്തിയിലൂടെയുള്ള ഈ ദേശീയപാത വികസനം.
മെയ് 9ന് സര്‍വ്വെ നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ സമാധാനപരമായി പ്രതിഷേധിച്ച ഇരുപതോളം വരുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്യുകയാണുണ്ടായത്. ദേശീയപാത അതോറിറ്റിയുടെ നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് മെയ് 22ന് കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചിരിക്കുകയാണ് സമരക്കാര്‍.
ദളിത് കുടുംബങ്ങളെ കുടിയിറക്കുന്ന അലൈന്‍മെന്റ്
ഒരു ജനവിഭാഗത്തെയൊന്നാകെ കുടിയറക്കാന്‍ ശ്രമിക്കുന്ന മൂന്നാമത്തെ അലൈന്‍മെന്റിനോടാണ് തുരുത്തി കോളനിയിലുള്ളവരുടെ എതിര്‍പ്പ്. വേളാപുരം മുതല്‍ തുരുത്തി വരെ 500 മീറ്റര്‍ നീളത്തിനിടയില്‍ ഒരു വളവ് സൃഷ്ടിച്ചാണ് തുരുത്തിയിലൂടെ റോഡ് കൊണ്ടുപോകുന്നത്. 29 കുടുംബങ്ങളെയും കുടിയിറക്കാന്‍ പറയുന്ന നോട്ടിഫിക്കേഷനെതിരെ ജനങ്ങള്‍ വിയോജിപ്പ് എഴുതി നല്‍കിയിരുന്നു. പക്ഷെ ആവശ്യം കേള്‍ക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
അലൈന്‍മെന്റ് മാറ്റിയതുമായി ബന്ധപ്പെട്ട് രഞ്ജിനി എന്ന സ്ത്രീ നല്കിയ വിവരാവകാശത്തില്‍ അന്വേഷിച്ചപ്പോള്‍ അലൈന്‍മെന്റ് മാറ്റിയതിന് പിന്നില്‍ ചില വി.ഐ.പി ഇടപെടലുകളുണ്ടായിരുന്നു എന്നാണ് മറുപടി ലഭിച്ചതെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറയുന്നു. അലൈന്‍മെന്റില്‍ വന്ന വളവ് ഒഴിവാക്കിയാല്‍ 25 കുടുംബങ്ങള്‍ രക്ഷപ്പെടുമെന്ന് അറിയിച്ചപ്പോള്‍ അലൈന്‍മെന്റിന് മേല്‍ ചര്‍ച്ചയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്നാണ് സമരം ശക്തമാകുന്നത്.
പരിസ്ഥിതിനാശം
1971ലെ രാംസാര്‍ പരിസ്ഥിതി ഉച്ചകോടി തീരുമാനപ്രകാരം പാരിസ്ഥിതിക സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുന്നതും കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം, ഭക്ഷ്യ സുരക്ഷ എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്ന നീര്‍ത്തട-ജൈവ വൈവിധ്യ സംരക്ഷണ പരിധിയില്‍ വരുന്ന അമൂല്യമായ ഉപ്പൂറ്റി, കണ്ണാമ്പൊട്ടി, മച്ചിന്‍തോല്‍, ഭ്രാന്തന്‍ കണ്ടല്‍ തുടങ്ങിയ കണ്ടല്‍ ഇനങ്ങളും തീരപരിസ്ഥിതിയെയും ജലപരിസ്ഥിതിയെയും നിന്ത്രിക്കുകയും നിര്‍ണ്ണയിക്കുകയും ചെയ്യുന്ന നിരവധി സൂക്ഷ്മ ജീവികളുടെയും സസ്യങ്ങളുടെയും സമ്പന്നമായ ആവാസ നീര്‍ത്തട കേന്ദ്രമാണ് നിര്‍ദിഷ്ട അലൈന്‍മെന്റ് ഉള്‍ക്കൊള്ളുന്ന തുരുത്തി പ്രദേശം. സര്‍ക്കാര്‍ വാശിപിടിച്ച് മൂന്നാമത്തെ അലൈന്‍മെന്റ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതോടെ ഇതാണ് ഇതാണ് തകര്‍ക്കപ്പെടുന്നത്.
തകര്‍ക്കപ്പെടുന്ന ആരാധനാകേന്ദ്രം
തുരുത്തിയില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു ആരാധനാകേന്ദ്രം നിലനില്‍ക്കുന്നുണ്ട്. തുരുത്തിയില്‍ അരിങ്ങളേയന്‍ തറവാട്ടുകാരുടേതാണ് ശ്രീ പുതിയില്‍ ഭഗവതി ക്ഷേത്രം. പ്രാദേശിക ജനതയുടെതായി നിലകൊള്ളുന്ന ഈ ആരാധനാലായം. പുലയരുടെ ആചാരവും ആനുഷ്ഠാനവും വിശ്വാസവുമായി തുരുത്തിയില്‍ സജീവമാണ്. ദേശീയപാത വരുന്നതോടെ ഈ പുലയ ആരാധനാ കേന്ദ്രവും ഇല്ലാതാവും.
വംശീയ വികസന സങ്കല്‍പ്പം
അലൈന്‍മെന്റ് മാറ്റിയതിന് പിന്നില്‍ ചില വി.ഐ.പി ഇടപെടലുകളുണ്ടായിരുന്നു എന്നതാണ് മനസിലാക്കാന്‍ കഴിയുന്നത്. അങ്ങനെയെങ്കില്‍ ഇതാരാണെന്ന് സര്‍ക്കാരും ദേശീയപാത അതോറിറ്റിയും ജനങ്ങളോട് മറുപടി പറയേണ്ടതുണ്ട്.
വളരെ പുരോഗമനപരമായി മുന്നോട്ടു പോകുന്നുവെന്ന പറയുന്ന കേരളത്തിന് തുരുത്തി പ്രശ്‌നം ഒരു പ്രശ്‌നം ആവുന്നില്ല എന്നത് കേരളം മുന്നോട്ടുവെക്കുന്ന ഏറ്റവും വലിയ വംശീയതയുടെ തെളിവാണെന്ന് ദളിത് ആക്ടിവസിറ്റും എഴുത്തുകാരനുമായ രൂപേഷ് കുമാര്‍ പറയുന്നു. പണ്ട് നില്‍പ്പ് സമരത്തിന്റെ കൂടെ കേരളം നിന്നത് കൊണ്ടാണ് അത് എല്ലാവരുടെയും സമരമായി ജയിച്ചത്. ഇവിടെയും അതുപോലെ തന്നെ കേരളത്തിന്റെ പൊതുസമൂഹം ഇവര്‍ക്കൊപ്പം നില്‍ക്കേണ്ട സമയം കഴിഞ്ഞു. ഇല്ലെങ്കില്‍ ഈ തുരുത്തി കേരളത്തില്‍ മറ്റെവിടെയെങ്കിലും ആവര്‍ത്തിക്കുമെന്ന് രൂപേഷ് പറയുന്നു.
കീഴാറ്റൂര്‍ പോലെയുള്ള സമരം കേരളവും മാധ്യമങ്ങളും ഏറ്റെടുത്തു. പക്ഷെ ഇത് ദളിതരുടെ പ്രശ്നമായത് കൊണ്ട് കേരളം തിരിഞ്ഞു നോക്കുന്നില്ല. പഴയ അലൈന്‍മെന്റ് ഒഴിവാക്കുന്നതിന് കാരണം പറയുന്നില്ല. ഇപ്പോഴുള്ള അലൈന്‍മെന്റിന് ഒരു 50 മീറ്റര്‍ മാറിയിട്ടാണ് അലൈന്‍മെന്റ് നടത്തുന്നതെങ്കില്‍ ഈ ജനങ്ങളെയൊന്നും കുടിയൊഴിപ്പിക്കാതെ റോഡ് പോവാന്‍ പറ്റുമെന്നുള്ളതാണ്. പക്ഷെ വളരെ വംശീയമായ വികസന സങ്കല്‍പ്പവുമായി ബന്ധപ്പെടുത്തിയിട്ട് ഇവിടത്തെ ദളിതരായ മനുഷ്യരെ പുറത്തെറിയാനുള്ള ഭരണകൂടത്തിന്റെ കൃത്യമായ തന്ത്രമാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് രൂപേഷ് പറയുന്നു.
ആദ്യത്തെ ഒന്നും രണ്ടും അലൈന്‍മെന്റ് നടന്നപ്പോള്‍ സവര്‍ണ്ണരുടെ സ്ഥലങ്ങളിലൂടെയാണ് കടന്നു പോയത്. അത് വളരെ കൃത്യമായ ജാതീയമായ കളികള്‍ നടത്തിക്കൊണ്ട് മൂന്നാമത് ഒരു അലൈന്‍മെന്റ് കൂടെ നടത്തിയിട്ട് അത് നേരിട്ട് തുരുത്തി എന്ന് പറയുന്ന പുലയര്‍ താമസിക്കുന്ന ദളിത് കോളനിയിലൂടെ റോഡ് പോകുകയാണ് ചെയ്യുന്നത്.
തുരുത്തിയിലെ കാര്യം എന്താണെന്ന് ചോദിച്ചാല്‍ ഭൂമിയുടെ വിതരണവും കോളനികളിലെ അവസ്ഥയും ആകെ താറുമാറായി കിടക്കുന്ന അവസ്ഥയിലാണ് പുതിയ വികസന സങ്കല്‍പ്പമെന്ന രീതിയില്‍ ദേശീയപാത കൊണ്ടുപോകുന്നത്. ജനങ്ങളെ നികുതിപ്പണമെടുത്ത് വികസനം നടത്തുമ്പോള്‍ വളരെ സംരക്ഷിക്കപ്പെടേണ്ട സാമൂഹിക വിഭാഗങ്ങളെ എടുത്ത് പുറത്തെറിഞ്ഞു കൊണ്ട് അവരുടെ വേരറുത്ത് കൊണ്ടാണ് ഇത്തരത്തിലുള്ള വികസന പ്രവര്‍ത്തനം നടത്തുന്നത്. സി.പി.ഐ.എം അടക്കമുള്ളവര്‍ നിലപാടെടുക്കാത്തത് വ്യക്തമാക്കുന്നത് ഈ തരത്തിലുള്ള വികസനത്തിന്റെ കൂടെയാണ് സി.പി.ഐ.എം നില്‍ക്കുന്നതെന്നാണ്. ദേശീയപാത അതോറിറ്റി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ളതാണ്. അവരും കൃത്യമായ വംശീയ നിലപാടാണ് സ്വീകരിക്കുന്നത്. സകലമാന പൊതുസമൂഹത്തിലെ സവര്‍ണ്ണ രാഷ്ട്രീയ സംഘടനകളുമൊക്കെ ഈയൊരു സമരത്തെ അതിന്റെ പ്രധാന്യത്തില്‍ കണ്ടിട്ടില്ല. അതില്‍ നിന്നും ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് അവര്‍ ശ്രമിക്കുന്നതെന്നുള്ളതാണ്. രൂപേഷ് കുമാര്‍ പറയുന്നു.