തൃശ്ശൂര്‍: കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിലെ സര്‍ക്കാര്‍ ഗസ്റ്റ് ഹൗസായ രാമനിലയം പുതുവര്‍ഷത്തില്‍ പുതുമോടിയോടെ തുറക്കപ്പെട്ടിരിക്കുകയാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സംബന്ധിക്കാനെത്തിയവരില്‍ മിക്കവരും രാമനിലയം പൈതൃക മന്ദിരത്തിലെ പ്രൗഢമായ ഒന്നാംനമ്പര്‍ മുറി കാണാനായിരുന്നു താത്പര്യം കാണിച്ചിരുന്നത്.
തൃശ്ശൂരിലെത്തുന്ന പ്രമുഖരെല്ലാം താമസിക്കാന്‍ തെരഞ്ഞെടുക്കുന്ന രാമനിലയത്തിലെ ഈ ഒന്നാം നമ്പര്‍ മുറി കേരള രാഷ്ടീയത്തിലെ ഒട്ടനവധി ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായിരുന്നു. 1980 ജനുവരിയില്‍ നടന്ന ഒരു സംഭവമായിരുന്നു ഇതിലേറ്റവും കൗതുകകരം. മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും മുന്‍ കേരള മുഖ്യമന്ത്രി ഇ.എം.എസും ആയിരുന്നു സംഭവത്തിലെ കഥാപാത്രങ്ങള്‍.
രാമനിലയത്തിലെ ഈ ഒന്നാം നമ്പര്‍ മുറി നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ഇന്ദിരാ ഗാന്ധിക്ക് നഷ്ടപ്പെട്ടതും ഇ.എം.എസിന് താമസിക്കാനായി കിട്ടിയതുമാണ് സംഭവം.
1980 ജനുവരിയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലം. മലബാര്‍ മേഖലയില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളിലായിരുന്ന ഇ.എം.എസ്. ജനുവരി 18-ന് രാമനിലയത്തിലെ ഒന്നാം നമ്പര്‍ മുറി ബുക്ക് ചെയ്തു. തലേന്ന് പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തുന്ന ഇന്ദിരാഗാന്ധിയ്ക്കായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇതേ മുറി ജനുവരി 17 തിയ്യതിയിലേക്കും ബുക്ക് ചെയ്തു.
ഇരുപേരും എത്തുന്നത് രണ്ടു ദിവസങ്ങളിലായതിനാല്‍ രാമനിലയം മാനേജര്‍ രണ്ടുപേര്‍ക്കും മുറി ഉറപ്പാക്കുകയും ചെയ്തു. ബുക്കിംഗ് പ്രകാരം രാത്രി പന്ത്രണ്ടു മുതലാണ് മുറി ഉപയോഗിക്കേണ്ട സമയം. ഇരു തിയ്യതികളെയും വേര്‍തിരിക്കുന്ന രാത്രി പന്ത്രണ്ടുമണിയോടടുപ്പിച്ചാണ് ഇരുവരും രാമനിലയത്തിലെത്തുന്നത്. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂരിലെത്തിയ ഇന്ദിരാഗാന്ധി 17-ന് രാമനിലയത്തില്‍ എത്തിയപ്പോള്‍ സമയം രാത്രി പന്ത്രണ്ടു കഴിഞ്ഞ് അഞ്ചു മിനിറ്റ്. അതേസമയം പാലക്കാട് ജില്ലയില്‍ പ്രചാരണം പൂര്‍ത്തിയാക്കി ഇ.എം.എസ്. 18-ാം തിയതി തുടങ്ങുന്ന രാത്രി കൃത്യം 12-ന് രാമനിലയത്തിലെത്തുകയും ചെയ്തു.
ഇന്ദിരാഗാന്ധിക്കായി ബുക്ക് ചെയ്ത സമയം കഴിഞ്ഞതിനാലും ഇ.എം.എസ്. നന്പൂതിരിപ്പാട് ബുക്ക്‌ചെയ്ത സമയം എത്തിയതിനാലും മാനേജര്‍ ഒന്നാം നമ്പര്‍ മുറി ഇ.എം.എസിന് നല്‍കി.
എന്നാല്‍ ഇന്ദിരാഗാന്ധി ഈ മുറി ബുക്ക് ചെയ്തിരുന്നതും വൈകി എത്തിയതും ഇ.എം.എസ്. അറിഞ്ഞു. ഇ.എം.എസ്. മുറി മാറിക്കൊടുക്കാന്‍ സന്നദ്ധത അറിയിച്ചെങ്കിലും അത് വേണ്ടെന്ന് ഇന്ദിരാഗാന്ധി പറയുകയായിരുന്നു. പകരം ഇന്ദിരാഗാന്ധി രണ്ടാം നമ്പര്‍ മുറി ഉപയോഗിച്ചു.
പുറത്ത് ഇടതുപക്ഷവും കോണ്‍ഗ്രസ്സും തമ്മില്‍ വലിയ രാഷ്ട്രീയപ്പോര് നടക്കുമ്പോഴും നേതാക്കള്‍ പരസ്പരം കാണിച്ച ഈ രാഷ്ട്രീയമര്യാദ ഏറെ ശ്രദ്ധിക്കപ്പെട്ടു. പക്ഷേ സംഭവത്തെത്തുടര്‍ന്ന് അന്നത്തെ രാമനിലയം മാനേജരെ ആലുവ ഗസ്റ്റ് ഹൗസിേലക്ക് സ്ഥലം മാറ്റിയെന്നു മാത്രം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക