Advertisement
Entertainment
റീ എഡിറ്റിന് മുമ്പ് പരമാവധി ഷോകള്‍; തൃശൂര്‍ രാഗത്തില്‍ പുലര്‍ച്ചെ 4.30ന് എമ്പുരാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 30, 11:23 am
Sunday, 30th March 2025, 4:53 pm

വിവാദങ്ങള്‍ക്കിടെ സെപ്ഷ്യല്‍ ഷോയുമായി തൃശൂര്‍ രാഗം തിയേറ്റര്‍. എമ്പുരാന്‍ സിനിമക്ക് തിയേറ്ററില്‍ 4.30ന് സ്‌പെഷ്യല്‍ ഷോ ഉണ്ടായിരിക്കുമെന്നാണ് രാഗം തിയേറ്റര്‍ അറിയിച്ചിരിക്കുന്നത്. നാളെയാണ് (മാര്‍ച്ച് 31) ചിത്രത്തിന്റെ സ്‌പെഷ്യല്‍ ഷോ ഉണ്ടാകുക.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ ഈമ്പുരാന്‍ മാര്‍ച്ച് 27നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് മുമ്പ് തന്നെ ചരിത്രനേട്ടം സ്വന്തമാക്കാന്‍ ചിത്രത്തിന് കഴിഞ്ഞിരുന്നു. ബുക്ക് മൈ ഷോ എന്ന ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ ഒരു ദിവസം വിറ്റുപോയ ഇന്ത്യന്‍ സിനിമയാണ് എമ്പുരാന്‍. പ്രഭാസ്, ഷാരൂഖ് ഖാന്‍, വിജയ് എന്നിവരെ കടത്തിവെട്ടിയാണ് എമ്പുരാന്‍ ഈ നേട്ടം സ്വന്തമാക്കിയത്.

മലയാളത്തില്‍ ആദ്യദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രവും പൃഥ്വിരാജിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എമ്പുരാന്‍ തന്നെയാണ്. 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി നേടുകയും ചെയ്തു. വിദേശ കളക്ഷനില്‍ ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്‌സിനെ വീഴ്ത്തി ഒന്നാമതെത്താനും എമ്പുരാന് കഴിഞ്ഞു. ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് 25 കോടിയും, വിദേശത്ത് നിന്ന് 5 മില്യണ്‍ ഡോളറും എമ്പുരാന്‍ നേടി. ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ഇതുവരെ സ്വന്തമാക്കാന്‍ പറ്റാത്ത കളക്ഷനാണ് യു.കെ, ന്യൂസിലന്‍ഡ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും എമ്പുരാന്‍ നേടിയത്. വിജയ് ചിത്രം ലിയോയെ മറികടന്നാണ് എമ്പുരാന്‍ റെക്കോഡ് നേട്ടമുണ്ടാക്കിയത്.

എന്നാല്‍ വിജയക്കുതിപ്പ് തുടരുന്നതിനൊപ്പം എമ്പുരാന്റെ വിവാദങ്ങളും അടങ്ങുന്നില്ല. സിനിമയിലെ ചില ഭാഗങ്ങള്‍ക്കെതിരെ തീവ്ര വലതുപക്ഷ സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് സിനിമയിലെ പതിനേഴിലേറെ ഭാഗങ്ങളില്‍ മാറ്റം വരുമെന്ന് ഇന്നലെ (ശനി) റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വിവാദങ്ങള്‍ക്ക് പുറമെ എമ്പുരാന്റെ നിര്‍മാതാക്കള്‍ തന്നെയായിരുന്നു സിനിമയില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരുന്നത്. റീ എഡിറ്റിങ് നടത്തിയ പതിപ്പ് വ്യാഴാഴ്ച്ച തിയേറ്ററുകളിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റീ എഡിറ്റിങ് പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാത്ത വേര്‍ഷന്‍ കാണാനുള്ള തിരക്കിലാണ് പ്രേക്ഷകര്‍. ചിത്രത്തിന് പല തിയേറ്ററുകളിലും അഡിഷണല്‍ ഷോകള്‍ തുടങ്ങിയിട്ടുണ്ട്.

Content Highlight: Thrissur Ragam theater added extra shows for Empuraan Movie