Kerala News
രണ്ട് വര്‍ഷത്തിനിടെ കോഴിക്കോട് എന്‍.ഐ.ടിയില്‍ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാര്‍ത്ഥികള്‍; അന്വേഷണം പാതിവഴിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 09, 12:38 pm
Sunday, 9th February 2025, 6:08 pm

കോഴിക്കോട്: രണ്ട് വര്‍ഷത്തിനിടെ കോഴിക്കോട് എന്‍.ഐ.ടിയില്‍ ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാര്‍ത്ഥികളെന്ന് റിപ്പോര്‍ട്ട്.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ എന്‍.ഐ.ടിയില്‍ ഏഴ് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുകയും 540 പേര്‍ പതിവഴിയില്‍ പഠനം അവസാനിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

മനോരമ ന്യൂസിന് ലഭിച്ച വിവരാവകാശ രേഖകളിലാണ് പ്രസ്തുത കണക്കുകളുള്ളത്. 2024 മെയ് അഞ്ചിനാണ് പൂനെ സ്വദേശിയായ യോഗീശ്വര്‍ നാഥ് എന്‍.ഐ.ടിയുടെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്.

വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതിയില്‍ എന്‍.ഐ.ടി അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് ആരോപണമുണ്ട്.

പരാതിയില്‍ കേസെടുത്ത പൊലീസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യക്ക് കാരണമായത് മാനസിക സമ്മര്‍ദമാണെന്നാണ് വിശദീകരണം നല്‍കിയത്.

കഴിഞ്ഞ വര്‍ഷങ്ങളിലായി പശ്ചിമ ബംഗാള്‍ സ്വദേശി നിതീഷ് ശര്‍മ, തെലങ്കാന സ്വദേശി യശ്വന്ത്, ചേര്‍ത്തല സ്വദേശി അഗിന്‍ എന്നിവരാണ് എന്‍.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മറ്റു വിദ്യാര്‍ത്ഥികള്‍. നിരവധി വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ശ്രമങ്ങളും നടത്തിയിരുന്നു.

എന്‍.ഐ.ടി ഡയറക്ടര്‍ക്കെതിരെ കുറിപ്പെഴുതി വെച്ചാണ് അഗിന്‍ ആത്മഹത്യ ചെയ്തത്. എന്‍.ഐ.ടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.

എന്നാല്‍ ഈ സംഭവത്തിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വിവിധ എന്‍.ഐ.ടി ക്യാമ്പസുകളിലായി ഓരോ വര്‍ഷവും ആത്മഹത്യ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം നിരവധിയാണ്.

ജാതി വിവേചനം, റാഗിങ്, മാനസിക സമ്മര്‍ദം, സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമാകുന്നുണ്ട്.

എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന പല കേസുകളും മാനസിക സമ്മര്‍ദമാണ് കാരണമെന്ന് ചൂണ്ടിക്കാട്ടി തള്ളിക്കളയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആരോപണമുണ്ട്.

Content Highlight: Three students committed suicide in Kozhikode NIT in two years; The investigation is halfway through