കോഴിക്കോട്: ഓഖി ദുരന്തത്തില്‍ മരണപ്പെട്ട മൂന്നു പേരുടെ മൃതദേഹങ്ങള്‍ ബേപ്പൂര്‍ തീരത്ത് കണ്ടെത്തി. തീരദേശ പൊലീസും മത്സ്യബന്ധന ബോട്ടുകളും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
ഏഴ് നോട്ടിക്കല്‍ മൈല്‍ അകലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളെല്ലാം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണ്. ഇവ തിരിച്ചെത്തിച്ചശേഷം ഡി.എന്‍.എ പരിശോധന നടത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ബേപ്പൂര്‍ തീരത്ത് ഇന്നലെ രാവിലെ മുതല്‍ കോസ്റ്റ്ഗാര്‍ഡ് പരിശോധന ആരംഭിച്ചിരുന്നു. കടലില്‍ ഒമ്പതു മൃതദേഹങ്ങള്‍ കണ്ടതായി ഉച്ചയോടെ മത്സ്യത്തൊഴിലാളികള്‍ വിവരം നല്‍കിയിരുന്നു. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞ സ്ഥലത്ത് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മൃതദേഹങ്ങള്‍ ഉച്ചയോടെ തീരത്ത് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിക്കാന്‍ മത്സ്യത്തൊഴിലാളികളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.
കോഴിക്കോടിനും പരപ്പനങ്ങാടിക്കുമിടയില്‍ നിന്നും ചൊവ്വാഴ്ച എട്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മലപ്പുറം താനൂര്‍ ഭാഗത്ത് പതിനഞ്ച് നോട്ടിക്കല്‍ മൈല്‍ അകലെ നിന്ന് മറ്റൊരു മൃതദേഹവും കണ്ടെത്തി.
ആദ്യം തീരദേശ പൊലീസിന് ലഭിച്ച ഒരാളുടെ മൃതദേഹം പകല്‍ പതിനൊന്നോടെ ബേപ്പൂര്‍ തുറമുഖത്തിനു സമീപത്തെ സില്‍ക്ക് ജെട്ടിയിലാണെത്തിച്ചത്. പിന്നീട് മൂന്നുപേരുടേത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടില്‍ ഫിഷിങ് ഹാര്‍ബറിലും രണ്ടുപേരുടേത് കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലില്‍ ബേപ്പൂര്‍ പോര്‍ട്ടിലും എത്തിച്ചിരുന്നു.
ഓഖി ദുരന്തത്തിനിരയായ മത്സ്യത്തൊഴിലാളികളുടേതെന്ന് കരുതുന്ന മൃതദേഹങ്ങളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. താനൂരില്‍ കണ്ടെത്തിയ മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയിരുന്നു.