national news
തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച സംഭവം; പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 9:30 am

ചെന്നൈ: തമിഴ്‌നാട്ടിൽ സ്‌കൂൾ വിദ്യാർത്ഥിനികളെക്കൊണ്ട് ടോയ്‌ലറ്റ് വൃത്തിയാക്കിപ്പിച്ച സംഭവത്തിൽ പ്രധാന അധ്യാപകന് സസ്‌പെൻഷൻ. തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ ഒരു സർക്കാർ സ്കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന പെൺകുട്ടികളുടെ വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെ സംഭവത്തിൽ പ്രതിഷേധം ഉയരുകയും സ്കൂൾ, പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്യുകയായിരുന്നു.

താന്തോണ്ട്രിമല പഞ്ചായത്ത് യൂണിയന് കീഴിലുള്ള പുലിയൂർ കാളിപാളയത്തുള്ള ഒരു പഞ്ചായത്ത് യൂണിയൻ പ്രൈമറി സ്കൂളിലെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്തുവന്നതിനെത്തുടർന്ന്, കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി കരൂരിലെ മുഖ്യ വിദ്യാഭ്യാസ ഓഫീസർ സ്ഥിരീകരിച്ചു.

ധർമ്മപുരി ജില്ലയിലെ പാലക്കോടു സ്ഥിതി ചെയ്യുന്ന സ്കൂളിൽ ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളാണ് ഉള്ളത്. കൂടുതലും ആദിവാസി സമൂഹങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണവിടെ പഠിക്കുന്നത്.

കുട്ടികൾ തന്നെയാണ് സ്കൂളിലെ ജോലികളും ചെയ്‌തിരുന്നതെന്ന് മാതാപിതാക്കൾ പരാതി പറഞ്ഞിരുന്നു. ടോയ്‌ലറ്റുകൾ വൃത്തിയാക്കുക, വെള്ളം കൊണ്ടുവരിക, സ്കൂൾ പരിസരം വൃത്തിയാക്കുക തുടങ്ങിയ ശുചീകരണ ജോലികൾ കാരണം കുട്ടികൾ പലപ്പോഴും ക്ഷീണിതരായി വീട്ടിലേക്ക് മടങ്ങാറുണ്ടെന്ന് മാതാപിതാക്കൾ പറഞ്ഞു.

സ്‌കൂൾ യൂണിഫോമിലുള്ള പെൺകുട്ടികൾ ചൂലും പിടിച്ച് സ്‌കൂളിലെ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുക.

വീഡിയോ പ്രചരിച്ചതിനും രക്ഷിതാക്കളുടെ വർദ്ധിച്ചുവരുന്ന ആശങ്കകൾക്കും മറുപടിയായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉടനടി നടപടി സ്വീകരിച്ചുവെന്നും അന്വേഷണത്തിന്റെ ഭാഗമായി സ്കൂൾ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അധികാരികൾ പറഞ്ഞു.

 

Content Highlight: Outrage over Tamil Nadu schoolgirls cleaning toilets, headmaster suspended