national news
ദല്‍ഹി ഹൈക്കോടതി ജഡ്ജിയെ ഔദ്യോഗിക ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തും; അന്വേഷണത്തിന് ആഭ്യന്തരസമിതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 22, 05:42 pm
Saturday, 22nd March 2025, 11:12 pm

ന്യൂദല്‍ഹി: ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ നടപടിയെടുത്ത് സുപ്രീം കോടതി. ദല്‍ഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്നാണ് തീരുമാനം.

അന്വേഷണത്തിന് സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. മലയാളിയായ ജഡ്ജി അനു ശിവരാമനടക്കമുള്ള മൂന്ന് പേരാണ് അന്വേഷണ സമിതിയിലുള്ളത്. ദല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിക്കുകയായിരുന്നു.

പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടക്കമുള്ളവരാണ് പാനലിലുള്ളത്.

അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാക്കുന്നത് വരെ ജസ്റ്റിസ് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചിരിക്കുന്നത്.

ജസ്റ്റിസ് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍പെടാത്ത വലിയൊരു തുക കണ്ടെത്തിയെന്ന ആരോപണത്തിന് പുറത്തേക്കാണ് അദ്ദേഹം അന്വേഷണം നേരിടുന്നത്. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ നടന്ന അഗ്‌നിശമന പ്രവര്‍ത്തനത്തിനിടെയാണ് പണം കണ്ടെടുത്തതെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തീപ്പിടുത്തത്തിന് പിന്നാലെ ജഡ്ജിയുടെ വീട്ടില്‍ നിന്ന് 15 കോടിയോളം രൂപ അഗ്‌നിശമന സേന അംഗങ്ങള്‍ കണ്ടെടുത്തു എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് തീപ്പിടുത്തത്തില്‍ കണ്ടെത്തിയത് സ്റ്റേഷനറി സാധനങ്ങളാണെന്ന് ഫയര്‍ ഫോഴ്സ് മേധാവി അതുല്‍ ഖാര്‍ഗെ വ്യക്തമാക്കുകയും ചെയ്തു.

ദല്‍ഹി ഹെക്കോടതി ജഡ്ജി യശ്വന്ത് സിന്‍ഹയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഏറെ വിവാദമായിരുന്നു. യശ്വന്ത് വര്‍മയുടെ വസതിയില്‍ നിന്ന് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജിവ് ഖന്നയെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Delhi High Court judge to be removed from official duty; Internal Committee to investigate