ചെന്നൈ: ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള നീക്കം യാതൊരു കൂടിയാലോചനകളുമില്ലാത്ത പെട്ടെന്നുണ്ടായ നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തി നിര്‍ണയ വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ വിളിച്ചുചേര്‍ത്ത സംയുക്ത ആക്ഷന്‍ കമ്മറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി നിര്‍ണയിക്കാനുള്ള കേന്ദ്രത്തിന്റെ നിര്‍ദേശം ഡാമോക്കിള്‍സിന്റെ വാളാണെന്നും അത് അപകടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നീക്കം ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളാലാണ് നയിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രത്തിന്റെ ധൃതിയിലുള്ള നീക്കം ഏതെങ്കിലും ഭരണഘടനാ തത്വത്തിന്റെയോ ജനാധിപത്യപരമായ അനിവാര്യതയുടെയോ അടിസ്ഥാനത്തിലല്ല. മറിച്ച് ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ്, അദ്ദേഹം പറഞ്ഞു.
Federalism is our sovereign right, not a gift from the Union. Thank you, @mkstalin, for the platform to raise this crucial issue. #Delimitation must be fair & consultative – not a tool for partisan gains. Stand in unity for justice, equality & true democracy. https://t.co/ee0fdHSPb0
— Pinarayi Vijayan (@pinarayivijayan) March 22, 2025
ജനസംഖ്യാടിസ്ഥാനത്തിലാണ് അതിര്‍ത്തി നിര്‍ണയം നടത്തുന്നതെങ്കില്‍ കേരളവും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇതിന്റെ ദൂഷ്യവശങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സെന്‍സസിന് ശേഷം ഡീലിമിറ്റേഷന്‍ പ്രക്രിയ നടപ്പിലാക്കുകയാണെങ്കില്‍, അത് വടക്കന്‍ സംസ്ഥാനങ്ങളുടെ സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവിന് കാരണമാകും. അതേസമയം പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ എണ്ണം ഗണ്യമായി കുറയുകയും ചെയ്യും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
‘വടക്കന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനമുള്ളതിനാല്‍ ഇത് അവര്‍ക്ക് അനുയോജ്യമാകും. ജനസംഖ്യാടിസ്ഥാനത്തില്‍ മാത്രമാണ് അതിര്‍ത്തി നിര്‍ണ്ണയം നടത്തിയതെങ്കില്‍, 1973 ല്‍ ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം പുനക്രമീകരിച്ചതിന് ശേഷം ജനസംഖ്യയില്‍ കുറവ് വരുത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കേരളവും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ഇതിന്റ പ്രശ്‌നങ്ങള്‍ അനുഭവിക്കേണ്ടിവരും,’ അദ്ദേഹം പറഞ്ഞു.
1976ലെ ദേശീയ ജനസംഖ്യാ നയം ആത്മാര്‍ത്ഥമായി നടപ്പിലാക്കിയതിന് നമ്മുടെ സംസ്ഥാനങ്ങള്‍ ശിക്ഷിക്കപ്പെടാന്‍ പോകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു സംസ്ഥാനം ദേശീയ നയത്തെ നടപ്പിലാക്കുകയാണെങ്കില്‍ അവര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ഈ പരിഗണന നിഷേധിക്കപ്പെടുക മാത്രമല്ല, രാഷ്ട്രത്തോടുള്ള കടമ നിറവേറ്റിയതിന് ശിക്ഷിക്കപ്പെടുകയാണെന്നും ഇതാണ് നിലവിലെ പ്രശ്നത്തിന്റെ കാതലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഭരണഘടനാപരമായി ലഭിക്കേണ്ട നികുതി വിഹിതം വെട്ടിക്കുറച്ചും കേന്ദ്രം തങ്ങളെ ശിക്ഷിക്കുകയാണെന്നും പത്താം ധനകാര്യ കമ്മീഷന്റെ കാലത്ത് 3.875% ആയിരുന്ന കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 15ാം ധനകാര്യ കമ്മീഷന്റെ കാലത്ത് 1.925% ആയി കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മുടെ ന്യായമായ ഫണ്ടിന്റെ വിഹിതവും അത് ആവശ്യപ്പെടാനുള്ള നമ്മുടെ രാഷ്ട്രീയ ശബ്ദവും ഒരേസമയം കുറയുന്ന ഒരു അഭൂതപൂര്‍വമായ സാഹചര്യത്തെ നാം നേരിടേണ്ടിവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
ഈ പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്താണ് കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ ഇപ്പോള്‍ പ്രതിഷേധത്തില്‍ ഒന്നിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക നയങ്ങള്‍, ഭാഷാ നയങ്ങള്‍, സാംസ്‌കാരിക നയങ്ങള്‍, പ്രാതിനിധ്യ നിര്‍ണ്ണയം തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത് അനുവദിക്കാനാവില്ലെന്നും ബഹുസ്വരതയിലാണ് ഇന്ത്യയുടെ ശക്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ഫെഡറല്‍ വ്യവസ്ഥയെ തകര്‍ക്കുക എന്നതാണ് സംഘപരിവാറിന്റെ ലക്ഷ്യമെന്നും സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ ഏകപക്ഷീയമായി നടപ്പാക്കാന്‍ ശ്രമിക്കുന്ന മണ്ഡല പുനര്‍നിര്‍ണ്ണയം അതിന്റെ ഭാഗമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ദോഷകരമായി ബാധിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുനര്‍നിര്‍ണ്ണയം നടപ്പാക്കുന്നതെന്നും ഹിന്ദുത്വ രാഷ്ട്രീയത്തിനു സ്വാധീനശേഷിയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ലോകസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം ഉറപ്പിക്കാനും അതുവഴി അധികാരം പൂര്‍ണ്ണമായും തങ്ങളില്‍ കേന്ദ്രീകരിക്കാനുമാണ് സംഘപരിവാറിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജനാധിപത്യത്തിന്റെ കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഈ നടപടികള്‍ക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തുമെന്ന പ്രഖ്യാപനമാണ് ഇന്ന് ചെന്നൈയില്‍ നടന്ന സമ്മേളനത്തില്‍ മുഴങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും അര്‍ഹമായ പ്രാതിനിധ്യവും റദ്ദ് ചെയ്യുന്ന മണ്ഡല പുനര്‍നിര്‍ണ്ണയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകേണ്ടതുണ്ടെന്നും അതിനായി, രാജ്യത്തിന്റെ ജനാധിപത്യ, മതേതര പാരമ്പര്യവും ഫെഡറല്‍ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ച് ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Constituency re-determining; Centre’s move without consultation; Driven by narrow political interests: Pinarayi Vijayan