national news
കുംഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം ഹിന്ദുക്കളെ കാണാതായി, അന്വേഷിക്കുന്നില്ല; ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 9:32 am

ലഖ്‌നൗ: പ്രയാഗ് രാജില്‍ നടന്ന മഹാകുഭമേളയില്‍ പങ്കെടുത്ത ആയിരത്തോളം ഹിന്ദുക്കളെ കാണാതായിട്ടുണ്ടെന്ന് സമാജ്‌വാദി പാര്‍ട്ടി എം.പി അഖിലേഷ് യാദവ്. ക്രമീകരണങ്ങളില്‍ ഇത്രയും വലിയ ക്രമക്കേടുണ്ടായിട്ടും അവരെ കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ക്രമീകരണങ്ങളെ ചോദ്യം ചെയ്ത അഖിലേഷ് യാദവ് ബി.ജെ.പി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും ഉത്തരം നല്‍കേണ്ടത് അത്യാവശ്യമാണെന്നും ആവശ്യപ്പെട്ടു.

മഹാകുംഭവും കുംഭവും നാമെല്ലാം എന്നുമോര്‍ക്കണമെന്നും മഹാകുംഭമേള സംഘടിപ്പിക്കുന്നതിന് ഇന്ത്യാ സര്‍ക്കാര്‍ എത്ര ബജറ്റ് നല്‍കി എന്നത് വലിയ ചോദ്യമാണെന്നും അഖിലേഷ് യാദവ് അഭിപ്രായപ്പെട്ടു.

മധ്യപ്രദേശിലെയും ഉത്തര്‍പ്രദേശിലെയും മുഖ്യമന്ത്രിമാര്‍ വാഹനങ്ങള്‍ എവിടെ പാര്‍ക്ക് ചെയ്യണമെന്ന ക്രമീകരണങ്ങള്‍ മാത്രമാണ് ചെയ്തതെന്നും ആളുകളെ തടയുകയും അവരെ അതിര്‍ത്തിയില്‍ പ്രവേശിപ്പിക്കാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തുവെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

കാണാതായവരുടെ കുടുംബങ്ങളെ സഹായിക്കണമെന്നും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. കാണാതായവരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ കുടുംബങ്ങള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രയാഗ് രാജില്‍ ഇപ്പോഴും കാണാതായവരുടെ പോസ്റ്ററുകളുണ്ടെന്നും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഈ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നത് കുറ്റകരമാണെന്നും കാണാതായ ആയിരം പേരെയും കണ്ടെത്തണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 3.09 ദശലക്ഷം വിശ്വാസികളാണ് പുണ്യസ്‌നാനത്തിനായി പ്രയാഗ് രാജിലെത്തിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് സമാപിക്കുകയുമായിരുന്നു. ജനുവരി 29ന് അലഹബാദില്‍ നടന്ന മഹാകുംഭമേളയില്‍ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlight: About a thousand Hindus who attended the Kumbh Mela are missing, no one is looking for them; Akhilesh Yadav against the Uttar Pradesh government