national news
അഞ്ച് വർഷത്തിനിടെ രാജ്യത്തെ തുറമുഖങ്ങളിൽ നിന്ന് പിടികൂടിയത് 11,311 കോടിയുടെ മയക്കുമരുന്ന്; ഏറ്റവുമധികം പിടിച്ചത് അദാനിയുടെ ഗുജറാത്ത് തുറമുഖത്ത് നിന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Thursday, 20th March 2025, 11:23 am

ന്യൂദൽഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ തുറമുഖങ്ങളില്‍ നിന്നായി 11,311 കോടി രൂപയുടെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 2020നും 2024നും ഇടയിൽ, രാജ്യത്തെ തുറമുഖങ്ങളിൽ നിന്നും 19 മയക്കുമരുന്ന് കടത്തൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഏറ്റവും കൂടുതൽ മയക്കുമരുന്ന് കണ്ടെത്തിയത് അദാനിയുടെ തുറമുഖത്താണെന്നും കേന്ദ്രം പറഞ്ഞു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തുറമുഖങ്ങളിൽ മയക്കുമരുന്ന് പിടിച്ചെടുക്കലിൽ വർധനവ് ഉണ്ടായിട്ടുണ്ടോ എന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് മറുപടി നൽകുകയായിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകളിൽ കൊക്കെയ്ൻ, ഹെറോയിൻ, മെത്താഫെറ്റാമൈൻ, ട്രമാഡോൾ ഗുളികകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ ) അറിയിച്ചു.

ഈ കേസുകളിൽ, 5,976 കോടി രൂപ വിലമതിക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട 2021ൽ ഗുജറാത്തിലെ മുന്ദ്രയിലെ അദാനി തുറമുഖത്ത് വെച്ചാണ് നടന്നത്. അന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ) 2,988 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു.

2021ൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ വി.ഒ. ചിദംബരനാർ തുറമുഖത്ത് 1,515 കോടി രൂപ വിലമതിക്കുന്ന 303 കിലോ കൊക്കെയ്ൻ പിടിച്ചെടുത്തിരുന്നു. ഇതാണ് രണ്ടാമത്തെ വലിയ ലഹരിവേട്ട. 2020ൽ മുംബൈയിലെ ജവഹർലാൽ നെഹ്‌റു തുറമുഖത്ത് നിന്ന് 382 കോടി രൂപ വിലവരുന്ന 191 കിലോഗ്രാം ഹെറോയിൻ പിടിച്ചെടുത്തിരുന്നു.

ഇന്ത്യയിലേക്കുള്ള അനധികൃത മയക്കുമരുന്ന് കടത്ത് തടയുന്നതിനായി രാജ്യത്തുടനീളമുള്ള കസ്റ്റംസ്, ഡി.ആർ.ഐ, എൻ.സി.ബി, ഇന്ത്യൻ നേവി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് തുടങ്ങിയ കേന്ദ്ര, സംസ്ഥാന ഏജൻസികൾ തുറമുഖങ്ങളിലും ജലപാതകളിലും നിരന്തരമായ ജാഗ്രത പുലർത്തുന്നുണ്ടെന്ന് നിത്യാനന്ദ് റായ് പറഞ്ഞു.

കൂടാതെ തുറമുഖ അധികൃതർ പതിവായി പരിശോധനകൾ നടത്തുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കള്ളക്കടത്ത് കണ്ടെത്തുന്നതിനായി എൻ‌.സി‌.ബി ഉദ്യോഗസ്ഥർക്കും തുറമുഖ അധികൃതർക്കും കോസ്റ്റ് ഗാർഡ് പരിശീലനം നൽകുന്നുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും മയക്കുമരുന്ന് വിരുദ്ധ ടാസ്‌ക് ഫോഴ്‌സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: 19 drug seizures at Indian ports in last 5 years, biggest haul at Adani’s Mundra port