അച്ഛന്‍ മരിച്ച ഒഴിവില്‍ ജോലി ലഭിച്ചില്ല; സ്വന്തമായി എസ്.ബി.ഐ ബ്രാഞ്ച് തുടങ്ങിയ യുവാവ് അറസ്റ്റില്‍
national news
അച്ഛന്‍ മരിച്ച ഒഴിവില്‍ ജോലി ലഭിച്ചില്ല; സ്വന്തമായി എസ്.ബി.ഐ ബ്രാഞ്ച് തുടങ്ങിയ യുവാവ് അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 11th July 2020, 4:57 pm

ചെന്നൈ: എസ്.ബി.ഐയുടെ ബ്രാഞ്ച് എന്ന പേരില്‍ വ്യാജ ബാങ്ക് തുടങ്ങിയ യുവാവും സംഘവും അറസ്റ്റില്‍. ഗൂഡല്ലൂര്‍ ജില്ലയിലെ പന്‍രുത്തിയിലാണ് സംഭവം.

എസ്.ബി.ഐ മുന്‍ ജീവനക്കാരന്റെ മകനും സഹായികളുമാണ് അറസ്റ്റിലായത്. ലോക്ക് ഡൗണ്‍ കാലത്ത് ഏപ്രില്‍ മാസത്തിലാണ് പന്‍രുത്തിയില്‍ എസ്.ബി.ഐയുടെ ബ്രാഞ്ച് എന്ന പേരില്‍ പുതിയ ബാങ്ക് ആരംഭിച്ചത്.

കമല്‍ ബാബു(19), കുമാര്‍ (42), മാണിക്കം (52) എന്നിവരാണ് അറസ്റ്റിലായത്.

എസ്.ബി.ഐയുടെ ലോഗോ, കംപ്യൂട്ടറുകള്‍, ലോക്കര്‍, ചലാന്‍, കൃത്രിമമായ രേഖകള്‍ എന്നിവ ബാങ്കില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. ഈ ബ്രാഞ്ചിന്റെ പേരില്‍ വെബ്‌സൈറ്റും പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

നിലവില്‍ പന്‍രുത്തിയിലുള്ള ഒറിജിനല്‍ ബ്രാഞ്ച് ഓഫീസിലെ ഉപഭോക്താവ് പുതുതായി തുടങ്ങിയ ബ്രാഞ്ചിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് പുറത്തായത്. ഡൂപ്ലിക്കേറ്റ് ബാങ്കിലെ രസീതുകള്‍ ഒറിജിനല്‍ ബാങ്കിലെ മാനേജരെ കാണിക്കുകയും തുടര്‍ന്ന് മാനേജര്‍ ബാങ്കില്‍ നേരിട്ടെത്തി അന്വേഷിക്കുകയുമായിരുന്നു.

ഒറിജിനല്‍ ബാങ്കിനെപ്പോലെ തോന്നിപ്പിക്കും വിധം സമാനമായിരുന്നു ഡൂപ്ലിക്കേറ്റ് ബാങ്കിലേയും സംവിധാനമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മാനേജരുടെ പരാതിയില്‍ പന്‍രുത്തി പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ-

ബാബുവിന്റെ രക്ഷിതാക്കള്‍ എസ്.ബി.ഐ ജീവനക്കാരായിരുന്നു. ചെറുപ്പം മുതല്‍ ബാങ്കിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു ബാബു. അതുകൊണ്ടു തന്നെ ബാങ്ക് പ്രവര്‍ത്തനങ്ങളെക്കുറിച്ച് ബാബുവിന് നന്നായറിയാം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബാബുവിന്റെ അച്ഛന്‍ മരിക്കുന്നത്. അമ്മ വിരമിക്കുകയും ചെയ്തു.

ഇതോടെ അച്ഛന്റെ മരണത്തില്‍ ഒഴിവ് വന്ന പോസ്റ്റിലേക്ക് ബാബു ജോലിക്കായി അപേക്ഷിച്ചിരുന്നു. എന്നാല്‍ ബാബുവിന് ജോലി ലഭിച്ചില്ല. ഇതിന്റെ നിരാശയിലാണ് സ്വന്തമായി ഒരു എസ്.ബി.ഐ ബ്രാഞ്ച് രൂപീകരിച്ചത്.

അതേസമയം ഇതുവരെയും പണം നഷ്ടമായെന്ന് കാണിച്ച് ഡൂപ്ലിക്കേറ്റ് ബാങ്കിനെതിരെ ഒരു പരാതി പോലും ലഭിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ആളുകളെ പറ്റിക്കാനല്ല, ബാങ്കില്‍ ജോലി ചെയ്യാനുള്ള ആഗ്രഹം കൊണ്ടാണ് പുതിയ ബ്രാഞ്ച് തുടങ്ങിയതെന്ന് ബാബു പറഞ്ഞതായി പൊലീസ് പറഞ്ഞു.

എന്നാല്‍ ബാബുവിന്റെ അമ്മയുടേയും അമ്മായിയുടേയും അക്കൗണ്ടുകള്‍ തമ്മില്‍ നടന്ന പണമിടപാടുകള്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

പ്രതീകാത്മക ചിത്രം

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ