കൈയെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നടനാണ് ഫഹദ് ഫാസിൽ. മമ്മൂട്ടിയടക്കമുള്ള താരങ്ങളും മനോഹര ഗാനങ്ങളും ഉണ്ടായിട്ടും സിനിമ തിയേറ്ററിൽ വിജയിച്ചില്ല. പിന്നീട് പഠനത്തിനായി പോയ ഫഹദ് തിരിച്ചുവന്നത് കേരള കഫേ എന്ന സിനിമയിലൂടെയാണ്. തുടർന്ന് നിരവധി സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. ചാപ്പാ കുരിശ്, 22 ഫീമെയിൽ കോട്ടയം, ഡയമണ്ട് നെക്‌ലെയ്സ്, അന്നയും റസൂലും,ഇയ്യോബിന്റെ പുസ്തകം, മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധേയമാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അല്ലു അർജുൻ്റെ പുഷ്പയിലും പ്രധാനകഥാപാത്രമായിരുന്നു ഫഹദ്. ഇപ്പോൾ സംവിധായകൻ ലാൽ ജോസ് ഫഹദിനെക്കുറിച്ച് സംസാരിക്കുകയാണ്.
ഫഹദ് തന്റെ അടുത്ത് വന്നത് അസിസ്റ്റന്റ് ഡയറക്ടറാവാനാണെന്നും നല്ല വെളുത്ത് ചുവന്ന ചെക്കനായിരുന്നു ഫഹദെന്നും ലാൽ ജോസ് പറയുന്നു. നീ അഭിനയിച്ചാല്‍ മതി, വെറുതെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വെയില്‍ കൊണ്ട് ചീത്തയാകണ്ട എന്നാണ് താൻ ഫഹദിനോട് പറഞ്ഞതെന്നും ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് ഫഹദിനോട് പ്രേമം തോന്നിപ്പോകുമെന്നും ലാൽ ജോസ് പറഞ്ഞു.
‘ഫഹദ് എന്റെ അടുത്ത് അസിസ്റ്റന്റ് ഡയറക്ടറാവാനാണ് ആദ്യം വരുന്നത്. നല്ല വെളുത്ത് ചുവന്ന ചെക്കന്‍. ഞാന്‍ പറഞ്ഞു നീ അഭിനയിച്ചാല്‍ മതി, വെറുതെ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വെയില്‍ കൊണ്ട് ചീത്തയാകണ്ട.
ഭയങ്കര വാചാലമായ കണ്ണുകളാണ്. ആദ്യം കാണുമ്പോള്‍ തന്നെ നമുക്ക് അവനോട് പ്രേമം തോന്നിപ്പോകും. അത്രയും മനോഹരമായ കണ്ണുകളാണ്. നല്ല ഭംഗിയുള്ള കൈ വിരലുകള്‍, കാല്‍ വിരലുകള്‍ അങ്ങനെയൊക്കെയാണ് അവനെക്കാണാന്‍.
ഞാന്‍ നിന്നെ നായകനാക്കി സിനിമ ചെയ്യുമെന്ന് പറഞ്ഞു. ‘പോ ചേട്ടാ… വെറുതെ കളിയാക്കല്ലേ’ എന്നാണ് ഫഹദ് അപ്പോള്‍ പറഞ്ഞത്. ഷാനുവിന്റെ രണ്ടാം വരവില്‍ ആദ്യത്തെ സിനിമ പ്ലാന്‍ ചെയ്തത് ഞാനായിരുന്നു. പക്ഷെ, പ്രൊഡ്യൂസറെ കിട്ടാത്തതുകൊണ്ട് ആ സിനിമ ഒഴിവാക്കുകയായിരുന്നു,’ ലാൽ ജോസ് പറയുന്നു.
Content Highlight: ‘I feel in love with that Malayalam actor the first time I see him’ Lal Jose about the Malayalam actor