കൈതോലയിൽ വിസ്മയം തീർത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നവർ
Discourse
കൈതോലയിൽ വിസ്മയം തീർത്ത് ജീവിതം കരുപ്പിടിപ്പിക്കുന്നവർ
ജിൻസി വി ഡേവിഡ്
Monday, 16th December 2024, 4:40 pm

പുഷ്പമ്മയാണ് ഞങ്ങടെ യൂണിറ്റിന്റെ എല്ലാം, പുഷ്പമ്മക്ക് ഇന്ന് വരാൻ പറ്റിയില്ല അത്യാവശ്യം ആയതുകൊണ്ടാ പോയത്, കൈത വെട്ടാൻ ആറ്റുവക്കത്തേക്കിറങ്ങിക്കൊണ്ട് ബീന ചേച്ചി പറഞ്ഞു. അഞ്ച് പേരടങ്ങുന്ന നാല് യൂണിറ്റുകളാണ് ഞങ്ങൾക്കുള്ളത്. അതിൽ എല്ലാമൊന്നും ഇപ്പോ പ്രവർത്തിക്കുന്നില്ല, എന്നാലും രണ്ട് യൂണിറ്റ് ഉണ്ട്. വെട്ടിയ കൈതോലയുമായി ബീന ചേച്ചി കയറി വന്നു.

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ വേമ്പനാട് കായലിന്റെ തീരത്തുള്ള ഒരു ഗ്രാമമാണ് വെച്ചൂർ. അവിടെയാണ് 20 സ്ത്രീകളുടെ കഠിനാധ്വാനത്തിന്റെ ഫലമായുണ്ടായ വെച്ചൂർ തഴപ്പായ നിർമാണ സംഘം പ്രവർത്തിക്കുന്നത്. കേരള സർക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പദ്ധതിയുടെ കീഴിലാണ് ഇവരുടെ യുണിറ്റ് പ്രവർത്തിക്കുന്നത്.

കൈത മുള്ള് കൊള്ളാതെ നോക്കണം ഇതിനപ്പടി മുള്ളാ, ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു. വെട്ടിയെടുത്ത കൈതോലകൾ മുറ്റത്തേക്കിട്ട് അടുത്തുള്ള കൊച്ച് സ്റ്റൂളിൽ ചേച്ചി ഇരുന്നു. കൂടെ മറ്റൊരു ചേച്ചിയും ഉണ്ടായിരുന്നു. ‘ആദ്യം കൈതയിൽ നിന്നും തഴ ചെത്തി എടുക്കണം പിന്നെ അത് പോന്തി മടിഞ്ഞ് ഉണക്കും. ഉണങ്ങിയ തഴ ചെറുതായി ചീവി എടുക്കും പിന്നെ അത് പുഴുങ്ങി ഉണക്കി പായ നെയ്യും’ എന്തൊരു എളുപ്പത്തിലാണ് ചേച്ചി പറഞ്ഞ് തീർത്തത്. എന്നാൽ ഇതൊന്നും തന്നെ ഒട്ടും എളുപ്പമല്ല എന്നതാണ് വാസ്തവം.

കൈതോല വെട്ടുന്നത് മുതൽ കഷ്ടപ്പാടുകൾ തുടങ്ങുകയാണ്. ഒന്നിച്ചിരുന്ന് ആ ഓലയുടെ മുള്ളുകൾ മുഴുവനും ചീവി കളയണം. പിന്നെ അത് വട്ടത്തിൽ ചുറ്റിഎടുക്കണം. വട്ടത്തിൽ ചുറ്റിയെടുത്തിട്ടാണ് പായ നെയ്യാനുള്ള തഴ ഉണക്കുന്നത്. ഉണക്കിയ തഴ വീണ്ടും ചെറുതായി കീറിയെടുക്കും പിന്നെ അത് പുഴുങ്ങി എടുക്കണം. നിറം ചേർത്തും തിളപ്പിക്കാം അല്ലാതെയും ചെയ്യാം അര മണിക്കൂർ എടുത്ത് നന്നായി തിളപ്പിച്ച തഴ തണലത്ത് ഇട്ടാണ് ഉണക്കേണ്ടത്. അതിന് ശേഷം പായയായോ പേഴ്സായോ ഇഷ്ട്ടമുള്ള രൂപത്തിൽ അതിനെ നെയ്തെടുക്കുന്നു.

ഒരുപാട് പേരുടെ ഒത്തിരി സമയവും അധ്വാനവുമാണ് തഴ പായയായും ഫയലായും പേഴ്സായുമൊക്കെ രൂപാന്തരപ്പെടുന്നത്. അഞ്ച് പേരടങ്ങുന്ന നാല് യൂണിറ്റുകളായായിരുന്നു ഇവരുടെ പ്രവർത്തനം എന്നാൽ പലവിധ കാരണങ്ങളാൽ രണ്ട് യൂണിറ്റുകൾ ഇപ്പോൾ അത്ര സജീവമല്ല. എങ്കിലും സ്നേഹ ദീപം, ദേവീ ദുർഗാ എന്ന രണ്ട് യൂണിറ്റുകൾ വളരെ സജീവമായി തന്നെ പ്രവർത്തിക്കുന്നുണ്ട്. യൂണിറ്റ് അംഗങ്ങളുടെ വീടുകളിൽ വെച്ചാണ് തന്നെയാണ് ഇവർ തഴപ്പായ നിർമിക്കുന്നത്.

 

‘ഉണങ്ങിയ തഴ ദാ ഇങ്ങനെയാണുണ്ടാവുക’ ഡൈ ചെയ്യാനുള്ള തഴ കാണിച്ചുകൊണ്ട് മായ ചേച്ചി പറഞ്ഞു. ‘ഇതിലിനി കളർ അടിക്കും അതിന് വേണ്ടി ഡൈ ചേർത്ത വെള്ളം നന്നായി തിളപ്പിക്കണം, വെള്ളം തിളച്ച് കഴിഞ്ഞാൽ തഴ അതിൽ മുക്കി വെക്കണം പതിനഞ്ച് മിനിറ്റ് ഒരുഭാഗം തിളപ്പിക്കണം പിന്നെ മറിച്ചിട്ട് വീണ്ടും തിളപ്പിക്കണം’. തഴ തിളയ്ക്കുന്ന വെള്ളത്തിലേക്ക് ഇട്ടുകൊണ്ട് മായ ചേച്ചി പറഞ്ഞു.

പിന്നെ ഇത് ഉണക്കിയെടുത്ത് ഞങ്ങൾ സാധനങ്ങൾ ഉണ്ടാക്കും. പായ നെയ്യും, പേഴ്‌സും ബാഗുമൊക്കെ ഉണ്ടാക്കും, അപ്പുറത്ത് നിന്ന് പച്ച കൈതോല വട്ടത്തിൽ ചുറ്റിയെടുക്കുന്ന മറ്റൊരു ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു. ‘ഇതിനെ മടിഞ്ഞ് വെക്കുക എന്നാ പറയാറ്. ഇങ്ങനെ മടിഞ്ഞ് വെച്ചിട്ടാണ് തഴ ഉണക്കിയെടുക്കുന്നത്’. മടിഞ്ഞ താഴയോല കാണാൻ എന്തൊരു ചന്തം. ‘മോൾക്ക് മടിയണോ’ കുറച്ച് നേരമായി അത് നോക്കി നിന്ന എന്നോട് ചേച്ചി ചോദിച്ചു. ഉത്സാഹത്തോടെ തലയാട്ടിയ എന്റെ കയ്യിലേക്ക് ചേച്ചി പാതി ചുറ്റിയ തഴയോലകൾ തന്നു. ചേച്ചി പറഞ്ഞതനുസരിച്ച് താളത്തിൽ ഞാനും തഴ മടിഞ്ഞു.

അപ്പോഴേക്കും കളർ ചെയ്ത തഴയുമായി മായ ചേച്ചി വന്നു. ‘ഇത് ഇപ്പോൾ വെള്ളത്തിൽ നിന്നും എടുത്തതാണ് നന്നായി ഉണങ്ങണം’ ചേച്ചി പറഞ്ഞു. ഞങ്ങൾ ഒന്നിച്ച് തഴ അയയിൽ വിരിച്ചിട്ടു. നെയ്യാൻ അറിയുമോ മായ ചേച്ചി ചോദിച്ചു ഇല്ല ചിരിച്ചുകൊണ്ട് ഞാൻ പറഞ്ഞു. ‘ഞങ്ങളുടേതൊക്കെ പരമ്പരാഗതമായിട്ട് തഴ നെയ്യുന്ന കുടുംബമാണ്. ഞങ്ങളുടെ ജീവിതമാർഗം ഇതാണ്. സർക്കാർ ഇപ്പോൾ ഞങ്ങളെ ആർ.ടി മിഷന് കീഴിൽ കൊണ്ടുവന്നു. അതുകൊണ്ട് ഇല്ലാതായി പോകുമായിരുന്ന ഞങ്ങളുടെ തൊഴിൽ ഇപ്പോഴും നിലനിൽക്കുന്നു.

ആർ.ടി മിഷന്റെ കീഴിൽ സർക്കാർ ഞങ്ങൾക്ക് ലോണുകൾ തന്നിട്ടുണ്ട്. അതിന് പതിനായിരം രൂപ സബ്‌സിഡിയും കിട്ടിയിട്ടുണ്ട്. ഒത്തിരി സ്റ്റാളുകളും ആർ.ടി മിഷൻ ഇട്ട് തന്നിട്ടുണ്ട്. പിന്നെ ഞങ്ങൾക്ക് രണ്ട് റിസോട്ടുകളിൽ സാധനങ്ങൾ വിൽക്കാനും പറ്റും ഇതിനെല്ലാം സഹായിച്ചത് ആർ.ടി മിഷനാണ്. ഞങ്ങളുടെ കയ്യിൽ നാല് കാശ് ഇരിക്കുന്നുണ്ട് ഇപ്പോൾ സ്വന്തമായൊരു വരുമാനം ഉണ്ട്’ മായ ചേച്ചിയുടെ മുഖത്ത് പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും വെളിച്ചം തെളിഞ്ഞു.

അപ്പോഴും അപ്പുറത്ത് പണി തകൃതിയായി നടന്നുകൊണ്ടിരിക്കുകയാണ്. കൈതോലയുടെ മുള്ളുകൾ ചീന്തിമാറ്റുകയും മടിയലും തകൃതിയായി നടക്കുന്നു. വേറൊരു ചേച്ചിയാകട്ടെ ഡൈ ചെയ്ത് ഉണക്കിയെടുത്ത തഴ നെയ്ത് പായ ഉണ്ടാക്കിക്കൊണ്ടിരുന്നു. ആറ്റുവക്കിലെ വീട്ടിലേക്ക് കൈതപ്പൂമണവുമായൊരു കാറ്റ് പതിയെ എത്തി.

Content Highlight: Those who make mats out of screwpine and get on with their lives

 

ജിൻസി വി ഡേവിഡ്
ഡൂൾ ന്യൂസ് സബ് എഡിറ്റർ ട്രെയിനി. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് ജമ്മുവിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ന്യൂ മീഡിയയിൽ ബിരുദാനന്തര ബിരുദം