ആനന്ദം എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് തോമസ് മാത്യു. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ ‘അക്ഷയ്’ എന്ന കഥാപാത്രമായിട്ടായിരുന്നു തോമസ് അഭിനയിച്ചത്.
പിന്നീട് സിനിമാ മേഖലയില്‍ ഒട്ടും സജീവമല്ലാതിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് നാരായണീന്റെ മൂന്നാണ്മക്കള്‍. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍ എന്നിവര്‍ ടൈറ്റില്‍ കഥാപാത്രങ്ങളായി എത്തിയ സിനിമയില്‍ ‘നിഖില്‍’ എന്ന കഥാപാത്രമായിട്ടാണ് തോമസ് മാത്യു എത്തിയത്. നവാഗതനായ ശരണ്‍ വേണുഗോപാല്‍ ആണ് നാരായണീന്റെ മൂന്നാണ്മക്കള്‍ സിനിമയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്.
താടിയും മുടിയും വെട്ടി കയ്യിലെ രോമം മുഴുവന്‍ കളഞ്ഞ് താന്‍ ഈ സിനിമക്കായി ശരണിനെ കണ്‍വിന്‍സ് ചെയ്തതിനെ കുറിച്ച് പറയുകയാണ് തോമസ് മാത്യു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍.
‘ശരണിന്റെ ഷോര്‍ട്ട്ഫിലിം ഞാന്‍ കണ്ടിരുന്നു. അതോടെ ശരണിന്റെ കൂടെ വര്‍ക്ക് ചെയ്യണമെന്ന് എനിക്ക് ആഗ്രഹം തോന്നിയിരുന്നു. ആ സമയത്ത് ഞാന്‍ താടിയും നല്ല മുടിയുമുള്ള രൂപത്തിലായിരുന്നു. ഈ സിനിമയില്‍ നിഖില്‍ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്.
എന്റെ മുടിയും താടിയുമുള്ള ലുക്ക് കാരണം ശരണിന് നിഖില്‍ എന്ന കഥാപാത്രത്തിലേക്ക് എന്നെ ആലോചിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു. ശരണ്‍ എന്നോട് അത് പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത് ‘നമുക്ക് നോക്കാം’ എന്നായിരുന്നു. ‘ഒഡീഷന്‍ ചെയ്ത് നോക്കൂ’ എന്നായിരുന്നു ശരണ്‍ മറുപടി പറഞ്ഞത്.
അന്ന് ഞങ്ങള്‍ അടുത്തുള്ള ഒരു ഹെയര്‍ ഡ്രസ്സറിന്റെയടുത്ത് പോയി. എന്റെ താടി വെട്ടി, കയ്യിലെ രോമം മുഴുവന്‍ കളഞ്ഞു. അങ്ങനെ ചെയ്താല്‍ കാണാന്‍ നല്ല വ്യത്യാസമുണ്ടാകും. എനിക്ക് പലപ്പോഴും അങ്ങനെയാണ് തോന്നിയിട്ടുള്ളത്.
ഫോട്ടോസ് എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നോക്കുമ്പോള്‍ ആ വ്യത്യാസം മനസിലാകും. ബോഡിയൊന്ന് ചെറുതായത് പോലെ തോന്നും. അങ്ങനെയാണ് ഞാന്‍ ശരണിനെ കണ്‍വിന്‍സ് ചെയ്‌തെടുക്കുന്നത്,’ തോമസ് മാത്യു പറഞ്ഞു.
Content Highlight: Thomas Mathew Talks About Narayaneente Moonnaanmakkal Movie