00:00 | 00:00
ആശുപത്രിവാസം വിട്ട് പുറത്തുവരുമ്പോഴും പാപ്പ പറയുന്നു, ഇസ്രഈല്‍ ആക്രമണം അവസാനിപ്പിക്കണമെന്ന്

അഞ്ചാഴ്ചകള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ട 88 കാരന്‍, പേര് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. സങ്കീര്‍ണമായ രോഗാവസ്ഥയെ തുടര്‍ന്ന് വിശ്രമത്തിലിരിക്കേണ്ട സമയത്തും അദ്ദേഹം വിശ്വാസികളെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു കാര്യം പറയാന്‍ വേണ്ടി. റോമിലെ ജമേലിയ ആശുപത്രിയുടെ ജനാലയിലൂടെ കൈവീശി വിശ്വാസികളെ അഭിവാദ്യം ചെയ്തു.

തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച ആളുകള്‍ക്ക് നന്ദി പറഞ്ഞാണ് അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്തത്. ഏറെ ആരോഗ്യപരമായ അവശതകളില്‍ നില്‍ക്കുമ്പോഴും അദ്ദേഹം കുറച്ച് സമയത്തേക്കാണെങ്കില്‍ കൂടിയും കുറഞ്ഞ വാക്കുകളില്‍ പ്രതികരിച്ചു.

സംസാരിച്ചത് കുറഞ്ഞ സമയം മാത്രം. ആര്‍ക്കുവേണ്ടി ഇസ്രഈലിന്റെ ക്രൂരത അനുഭവിക്കുന്ന ഗസയിലെ ഫലസ്തീനികള്‍ക്ക് വേണ്ടി. ഗസയിലെയും മറ്റ് സംഘര്‍ഷ മേഖലകളിലെയും ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ സമാധാനത്തിനായുള്ള തന്റെ ആഹ്വാനം വീണ്ടും ആവര്‍ത്തിച്ചു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നും അദ്ദേഹം സന്ദേശത്തില്‍ ആവശ്യപ്പെടുകയുണ്ടായി. ഇസ്രഈല്‍ ബോംബാക്രമണം വീണ്ടും ആരംഭിച്ചതില്‍ താന്‍ ദുഖിതനാണെന്നും ആക്രമണം നിരവധി ആളുകളുടെ ജീവനെടുക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന കനത്ത ബോംബാക്രമണം പുനരാരംഭിച്ചതില്‍ ഞാന്‍ അതീവ ദുഃഖിതനാണ്. ഇത് നിരവധി മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും കാരണമായി. ആക്രമണങ്ങള്‍ ഉടനടി നിര്‍ത്താനും എല്ലാ ബന്ദികളെയും മോചിപ്പിക്കാനും അന്തിമ വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ ചര്‍ച്ചകള്‍ നടത്താനും ഞാന്‍ ആഹ്വാനം ചെയ്യുന്നു, ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഗസയിലെ ജനങ്ങളുടെ നില ഗുരുതരമാണെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹത്തില്‍ നിന്നും അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

അതേസമയം, പതിറ്റാണ്ടുകള്‍ നീണ്ട സംഘര്‍ഷം അവസാനിപ്പിക്കാനായി അര്‍മേനിയയും അസര്‍ബൈജാനും സ്വീകരിച്ച നടപടികള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നന്ദി പറഞ്ഞു. ഇത് പ്രതീക്ഷയുടെ അടയാളമാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

ഇതാദ്യമായല്ല ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഫലസ്തീനികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നത്. ഫലസ്തീനില്‍ തുടരുന്ന ഇസ്രഈല്‍ വംശഹത്യയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി തന്റെ നിലപാടുകള്‍ വ്യക്തമാക്കിയആഗോള തലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന പദവിയിലിരിക്കുന്ന വ്യക്തിയാണ് മാര്‍പാപ്പ. രോഗബാധിതനാവുന്നതിന് മുമ്പും നിരവധി തവണ അദ്ദേഹം ഗസയിലെ വംശഹത്യയില്‍ അന്വേഷണം വേണമെന്നടക്കം ആവശ്യപ്പെട്ടിരുന്നു.

ഗസയില്‍ നടക്കുന്നത് വംശഹത്യയാണെന്ന് പരോക്ഷമായാണെങ്കിലും അദ്ദേഹം പറയുകയുണ്ടായി. ഗസയിലെ ഇസ്രഈല്‍ ആക്രമണത്തെ വംശഹത്യയെന്ന് പറയാമെന്നായിരുന്നു അദ്ദേഹം അന്ന് ചൂണ്ടിക്കാട്ടിയത്. വിദഗ്ധര്‍ പറയുന്നത് പ്രകാരം, ഗസയിലെ ആക്രമണങ്ങള്‍ക്ക് വംശഹത്യയുടെ സ്വഭാവമുണ്ടെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞ വാക്കുകള്‍.

Content Highlight: Even after leaving the hospital, the Pope says Israel must stop its attacks

ശ്രീലക്ഷ്മി എസ്.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം