IPL
പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ്, 50ാം വയസില്‍ ചെന്നൈയ്ക്കായി അര്‍ധ സെഞ്ച്വറി നേടുന്ന ഒരേയൊരാള്‍ അവനായിരിക്കും; പുകഴ്ത്തി മുന്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
2 days ago
Monday, 24th March 2025, 6:03 pm

എം.എസ് ധോണി പഴകും തോറും വീര്യം കൂടുന്ന വീഞ്ഞ് പോലെയാണെന്ന് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ധോണി ഇപ്പോഴും തന്റെ ഫിറ്റ്‌നെസ് കാത്തുസൂക്ഷിക്കുന്നുവെന്നും 50ാം വയസിലും ധോണിക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അര്‍ധ സെഞ്ച്വറി നേടാന്‍ സാധിക്കുമെന്നും സിദ്ധു പറഞ്ഞു.

ഐ.പി.എല്ലിലെ ചെന്നൈ സൂപ്പര്‍ കിങ്‌സ് – മുംബൈ ഇന്ത്യന്‍ മത്സരത്തിന് പിന്നാലെയാണ് സിദ്ധു മുന്‍ നായകനെ പുകഴ്ത്തിയത്.

’43ാം വയസ്! ഇപ്പോഴും അവന്‍ മികച്ച രീതിയില്‍ തുടരുന്നു. അവന്‍ പഴയ വീഞ്ഞ് പോലെയാണ്, പഴകും തോറും അത് കൂടുതല്‍ മികച്ചതാകുന്നു. അവന്റെ ഫിറ്റ്‌നെസ് നോക്കൂ, വിക്കറ്റ് കീപ്പറുടെ അതിജീവനം ആ ഒരു കാര്യത്തെ മാത്രം ആശ്രയിച്ചാണ്. ഇതിനൊപ്പം ധോണിയുടെ ടെക്‌നിക്കും എക്‌സിക്യൂഷനുമാകുമ്പോള്‍ അത് എല്ലായ്‌പ്പോഴും മികച്ചതാകുന്നു.

ഒരു കാര്യത്തില്‍ ഞാന്‍ എന്റെ ജീവന്‍ കൊടുത്തുപോലും ഉറച്ചുനില്‍ക്കും – 50ാം വയസിലും ചെന്നൈ സൂപ്പര്‍ കിങ്‌സിനായി അര്‍ധ സെഞ്ച്വറി നേടുന്ന ഏക താരം ധോണിയായിരിക്കും,’ ജിയോ ഹോട്‌സ്റ്റാറിലൂടെ സിദ്ധു പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ നായകന്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയ സ്റ്റംപിങ് താരത്തിന്റെ പ്രതിഭ ഒട്ടും മങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ്. 0.12 സെക്കന്റിലാണ് ധോണി സൂര്യയെ സ്റ്റംപ് ചെയ്ത് മടങ്ങിയത്.

തന്റെ വിക്കറ്റ് കീപ്പിങ്ങിനെ കുറിച്ച് ധോണിയും സംസാരിച്ചിരുന്നു. വിക്കറ്റ് കീപ്പിങ് വലിയ വെല്ലുവിളിയാണെന്നും വിക്കറ്റ് കീപ്പിങ് ഇല്ലെങ്കില്‍ തന്നെക്കൊണ്ട് ഒരു ഉപകാരവുമില്ലെന്നുമാണ് ധോണി പറഞ്ഞത്. മാത്രമല്ല സ്റ്റംപിന് പിറകില്‍ നില്‍ക്കുമ്പോള്‍ പിച്ചിലെ മാറ്റങ്ങള്‍ മനസിലാകുമെന്നും അത് ക്യാപ്റ്റനുമായി സംസാരിക്കാനും കഴിയുമെന്ന് ധോണി പറഞ്ഞു.

‘ഇതൊരു വെല്ലുവിളിയാണ്, നിങ്ങള്‍ക്കറിയാമോ, വിക്കറ്റ് കീപ്പിങ് ഇല്ലെങ്കില്‍, ഞാന്‍ മൈതാനത്ത് ഉപയോഗശൂന്യനാണെന്ന് കരുതുന്നു, അതാണ് ഇതിനെ രസകരമാക്കുന്നത്. കാരണം അവിടെനില്‍ക്കുമ്പോഴാണ് ഞാന്‍ കളിയെ ഏറ്റവും മികച്ച രീതിയില്‍ മനസിലാക്കുന്നത്. ബൗളര്‍ എങ്ങനെ പന്തെറിയുന്നു, വിക്കറ്റ് എങ്ങനെ പെരുമാറുന്നു എന്നിവ കാണാന്‍ ഞാന്‍ കളിയുടെ ആംഗിളുകളില്‍ വളരെ അടുത്തായിരിക്കണം.

ന്യൂ ബോളില്‍ ആദ്യ ആറ് ഓവറുകളില്‍, വിക്കറ്റ് വ്യത്യസ്തമായിരുന്നു. അതിനുശേഷം, പിച്ച് മാറിയിട്ടുണ്ടോ അതോ അതേപടി തുടരുന്നുണ്ടോ, ഇതെല്ലാം ഞാന്‍ സ്റ്റംപിന് തൊട്ടുപിന്നിലായിരിക്കുമ്പോള്‍ വിലയിരുത്താനും തുടര്‍ന്ന് എന്താണ് സംഭവിക്കുന്നതെന്ന് ക്യാപ്റ്റനെ അറിയിക്കാനും കഴിയും. ഒരു ഡെലിവറി മോശമായിരുന്നോ അല്ലയോ എന്ന് സ്റ്റംപിന് പിന്നിലായിരിക്കുമ്പോള്‍ എനിക്ക് വേര്‍തിരിച്ചറിയാന്‍ കഴിയും,’ ധോണി പറഞ്ഞു.

മാര്‍ച്ച് 28നാണ് ധോണിപ്പട അടുത്ത മത്സരത്തിനിറങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ടീമിന് നേരിടാനുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്‌ക്വാഡ്

ഋതുരാജ് ഗെയ്ക്വാദ്, എം.എസ്. ധോണി, ഡെവോണ്‍ കോണ്‍വേ, രാഹുല്‍ ത്രിപാഠി, ഷെയ്ക് റഷീദ്, വാന്‍ഷ് ബേദി, ആന്ദ്രേ സിദ്ധാര്‍ഥ്, രചിന്‍ രവീന്ദ്ര, രവിചന്ദ്രന്‍ അശ്വിന്‍, വിജയ് ശങ്കര്‍, സാം കറന്‍, അന്‍ഷുല്‍ കാംബോജ്, ദീപക് ഹൂഡ, ജാമി ഓവര്‍ട്ടണ്‍, കംലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, രവീന്ദ്ര ജഡേജ, ശിവം ദുബെ, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിങ്, നഥാന്‍ എല്ലിസ്, ശ്രേയസ് ഗോപാല്‍, മതീശ പതിരാന.

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്‌ക്വാഡ്

രജത് പാടിദാര്‍, വിരാട് കോഹ്ലി, ഫില്‍ സാള്‍ട്ട്, ജിതേഷ് ശര്‍മ, ദേവദത്ത് പടിക്കല്‍, സ്വാസ്തിക് ചികാര, ലിയാം ലിവിങ്സ്റ്റണ്‍, ക്രുണാല്‍ പാണ്ഡ്യ, സ്വപ്നില്‍ സിങ്, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, മനോജ് ഭണ്ഡാഗെ, ജേക്കബ് ബേഥേല്‍, ജോഷ് ഹെയ്സല്‍വുഡ്, റാസിഖ് ദാര്‍, സുയാഷ് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, നുവാന്‍ തുഷാര, ലുങ്കി എന്‍ഗിഡി, അഭിനന്ദന്‍ സിങ്, മോഹിത് രാഥി, യാഷ് ദയാല്‍.

 

Content Highlight: IPL 2025: Navjot Singh Sidhu praises MS Dhoni