Entertainment
രാഹുകാലത്തില്‍ ഷൂട്ടിങ് തുടങ്ങിയ മോഹന്‍ലാല്‍ ചിത്രം; അത് സൂപ്പര്‍ഹിറ്റായി: സത്യന്‍ അന്തിക്കാട്

മലയാളികള്‍ക്ക് ഒരുപാട് നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്, സന്മനസുള്ളവര്‍ക്ക് സമാധാനം, ശ്രീധരന്റെ ഒന്നാം തിരുമുറിവ്, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസിനക്കരെ ഉള്‍പ്പെടെയുള്ള മികച്ച സിനിമകള്‍ മലയാളികള്‍ക്ക് നല്‍കിയത് അദ്ദേഹമാണ്.

താന്‍ യാത്ര പുറപ്പെടുമ്പോള്‍ രാഹുകാലം നോക്കാറില്ലെന്ന് പറയുകയാണ് സത്യന്‍ അന്തിക്കാട്. അല്ലാതെ തന്നെ ഒരുപാട് പ്രതിബന്ധങ്ങള്‍ ജീവിതത്തിലുണ്ടെന്നും അതിനിടയില്‍ രാഹുകാലം കൂടി നോക്കാന്‍ പോയാല്‍ കാര്യങ്ങള്‍ മുന്നോട്ടു പോകില്ലെന്നും അദ്ദേഹം പറയുന്നു.

ഒപ്പം മോഹന്‍ലാലിനെ നായകനാക്കി 1986ല്‍ പുറത്തിറങ്ങിയ തന്റെ ടി.പി. ബാലഗോപാലന്‍ എം.എ എന്ന സിനിമയുടെ ഷൂട്ടിങ് രാഹുകാലത്തില്‍ തുടങ്ങിയതിനെ കുറിച്ചും സത്യന്‍ അന്തിക്കാട് പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ യാത്ര പുറപ്പെടുമ്പോള്‍ രാഹുകാലം നോക്കാറില്ല. അല്ലാതെ തന്നെ ഒരുപാട് പ്രതിബന്ധങ്ങള്‍ നമ്മുടെ ജീവിതത്തിലുണ്ട്. അതിനിടയില്‍ രാഹുകാലം കൂടിയൊക്കെ നോക്കാന്‍ പോയാല്‍ കാര്യങ്ങള്‍ മുന്നോട്ടു പോകില്ല.

എന്റെ ശ്രദ്ധേയമായ ഒരു സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത് രാഹുകാലത്തിലാണ്. ടി.പി. ബാലഗോപാലന്‍ എം.എയായിരുന്നു ആ സിനിമ. ഷൂട്ടിങ് തുടങ്ങാന്‍ ഒരുങ്ങുമ്പോഴേക്കും യൂണിറ്റിലുള്ള ആരോ ‘രാഹുകാലം തുടങ്ങി. ഇനി ഒന്നര മണിക്കൂര്‍ കഴിഞ്ഞേ അത് തീരുകയുള്ളൂ’ എന്ന് പറഞ്ഞു.

ഞാന്‍ പ്രൊഡ്യൂസര്‍ ടി.കെ. ബാലചന്ദ്രനെ വിളിച്ച് ചോദിച്ചു ‘രാഹുകാലമാണ്. ഷൂട്ടിങ് തുടങ്ങുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ’യെന്ന്. എനിക്കൊരു പ്രശ്‌നവുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ജോലിയാണ് ദൈവമെന്നാണ് ഞാനും വിശ്വസിക്കുന്നത്. ആ സിനിമ സൂപ്പര്‍ഹിറ്റുമായിരുന്നു,’ സത്യന്‍ അന്തിക്കാട് പറഞ്ഞു.

Content Highlight: Sathyan Anthikkad Talks About Mohanlal’s TP Balagopalan MA Movie