Sports News
ഐ.പി.എല്ലിലെ ആദ്യ ആദിവാസി താരം; ചരിത്രം കുറിച്ച് മുംബൈ ഇന്ത്യന്‍സ് താരം റോബിന്‍ മിന്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
3 days ago
Monday, 24th March 2025, 5:21 pm

ഐ.പി.എല്ലില്‍ ആദിവാസി വിഭാഗത്തില്‍ നിന്നും കളിക്കുന്ന ആദ്യ പുരുഷ താരമായി മുംബൈ ഇന്ത്യന്‍സ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോബിന്‍ മിന്‍സ്. ഇന്നലെ ചെന്നൈ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ചെന്നൈ സൂപ്പര്‍ കിങ്സുമായുള്ള മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനായി കളത്തിലിറങ്ങിയതോടെയാണ് താരം ഈ നേട്ടം കൈവരിച്ചത്. പുതിയ സീസണിന് മുന്നോടിയായി നടന്ന മെഗാ താരലേലത്തിലൂടെ 65 ലക്ഷത്തിനാണ് ഇരുപത്തിരണ്ടുകാരനായ താരത്തെ മുംബൈ ടീമിലെത്തിച്ചത്.

ജാര്‍ഖണ്ഡിലെ ഗുംലയില്‍ നിന്നുമുള്ള ഇടം കൈയ്യന്‍ ബാറ്ററാണ് റോബിന്‍ മിന്‍സ്. മധ്യനിരയില്‍ ബിഗ് ഹിറ്റുകള്‍ക്ക് പേരുകേട്ടയാളാണ് ഈ യുവ താരം. റാഞ്ചിയിലെ സോണറ്റ് ക്ലബ്ബില്‍ നിന്നാണ് മിന്‍സിന്റെ ക്രിക്കറ്റ് കരിയര്‍ ആരംഭിച്ചത്. അവിടെ വെച്ച് റോബിന് ‘ജാര്‍ഖണ്ഡിലെ ക്രിസ് ഗെയ്ല്‍’ ‘അടുത്ത ധോണി’ എന്നീ വിളിപ്പേര് ലഭിച്ചു.

ജാര്‍ഖണ്ഡ് U19, U25 എന്നീ ടീമുകള്‍ക്കുവേണ്ടി റോബിന്‍ കളിച്ചിട്ടുണ്ട്. കേണല്‍ സി.കെ. നായിഡു സീരിസില്‍ ഹരിയാനക്കെതിരെ 80 പന്തില്‍ 77 റണ്‍സ് നേടിയിരുന്നു താരം. നാലാം നമ്പറില്‍ ഇറങ്ങിയ താരം പത്ത് ഫോറുകളും മൂന്ന് സിക്സറുകളുമാണ് അടിച്ചെടുത്തത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചിരുന്നു റോബിന്‍. ചണ്ഡിഗഡിനെതിരെയായിരുന്നു താരത്തിന്റെ അരങ്ങേറ്റ മത്സരം. ഫസ്റ്റ് ക്ലാസ്സില്‍ രണ്ട് മത്സരങ്ങളും ഏഴ് ടി20യുമാണ് താരം കളിച്ചിട്ടുള്ളത്. ടി20യില്‍ 16.75 ശരാശരിയിലും 181.08 സ്‌ട്രൈക്ക് റേറ്റിലും റോബിന്‍ 67 റണ്‍സ് നേടിയിട്ടുണ്ട്.

 

ഇത് ആദ്യമായല്ല റോബിന്‍ മിന്‍സ് ഒരു ഐ.പി.എല്‍ ടീമിന്റെ ഭാഗമാവുന്നത്. 2023 മിനി ലേലത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഈ ജാര്‍ഖണ്ഡ് താരത്തെ ടീമിലെത്തിച്ചിരുന്നു. പക്ഷേ, സീസണ്‍ തുടങ്ങുന്നതിന് മുമ്പ് അപകടം പറ്റി ഐ.പി.എല്ലില്‍ നിന്ന് പുറത്താവുകയായിരുന്നു. പിന്നീട് മെഗാ താര ലേലത്തോടനുബന്ധിച്ച് ഗുജറാത്ത് താരം റീലീസ് ചെയ്തു.

അതോടെയാണ് ഐ.പി.എല്ലില്‍ അഞ്ച് വട്ടം ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഭാഗമാവുന്നത്. ഈ സീസണില്‍ ആദ്യ മത്സരത്തില്‍ തന്നെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടാനും യുവ താരത്തിന് സാധിച്ചു. ഐ.പി.എല്ലിലെ ആദ്യ മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി ആറാം നമ്പറില്‍ ഇറങ്ങിയ താരത്തിന് മൂന്ന് റണ്‍സ് മാത്രമേ സ്‌കോര്‍ ചെയ്യാനായുള്ളൂ.

Content Highlight: IPL 2025: Mumbai Indians Young Batter Robin Minz Became The First Tribal Player In IPL