Entertainment
ആനന്ദത്തിന് ശേഷം വിനീതേട്ടന്‍ വന്ന് സംസാരിച്ചത് കൊണ്ടാണ് എനിക്ക് കോളേജില്‍ തിരിച്ച് കയറാനായത്: തോമസ് മാത്യു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 09:01 am
Wednesday, 29th January 2025, 2:31 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ചിത്രങ്ങളില്‍ ഒന്നാണ് ആനന്ദം. 2016ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു നേടിയത്. നവാഗതനായ ഗണേശ് രാജ് സംവിധാനം ചെയ്ത ചിത്രം രണ്ടാം വര്‍ഷ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ സൗഹൃദമായിരുന്നു പറഞ്ഞത്.

സിദ്ധി, തോമസ് മാത്യു, വിശാഖ് നായര്‍, അനാര്‍ക്കലി മരക്കാര്‍, അരുണ്‍ കുര്യന്‍, റോഷന്‍ മാത്യു, അനു ആന്റണി, റോണി ഡേവിഡ്, വിനീത കോശി തുടങ്ങിയ മികച്ച താരങ്ങളായിരുന്നു സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിനീത് ശ്രീനിവാസന്‍ നിര്‍മിച്ച ആനന്ദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു അക്ഷയ് എന്ന കഥാപാത്രം. തോമസ് മാത്യുവായിരുന്നു ആ വേഷം ചെയ്തത്. താന്‍ ആ സിനിമ ഇറങ്ങിയ സമയത്ത് കോളേജിലായിരുന്നെന്നും ആനന്ദത്തിന്റെ പ്രൊമോഷന്‍സ് പോലും മര്യാദക്ക് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെന്നും പറയുകയാണ് തോമസ് മാത്യു.

കോളേജില്‍ അറ്റന്‍ഡന്‍സ് ഇഷ്യൂസ് വന്നപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാവായ വിനീത് ശ്രീനിവാസന്‍ വന്ന് സംസാരിച്ചിട്ടാണ് താന്‍ കോളേജിലേക്ക് തിരിച്ച് കയറിയതെന്നും നടന്‍ പറയുന്നു. നാരായണീന്റെ മൂന്നാണ്മക്കള്‍ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു തോമസ് മാത്യു.

‘ഞാന്‍ ആ സിനിമ ഇറങ്ങിയ സമയത്ത് കോളേജിലായിരുന്നു. അവിടെ അറ്റന്‍ഡന്‍സ് ഇഷ്യൂസൊക്കെ ആയിട്ട് കുറച്ച് പ്രയാസമായിരുന്നു. വിനീതേട്ടനായിരുന്നു ആനന്ദത്തിന്റെ പ്രൊഡ്യൂസര്‍. അന്ന് വിനീതേട്ടന്‍ വന്ന് സംസാരിച്ചിട്ടൊക്കെയാണ് ഞാന്‍ കോളേജിലേക്ക് തിരിച്ച് കയറുന്നത്.

ആനന്ദത്തിന്റെ പ്രൊമോഷന്‍സ് പോലും എനിക്ക് മര്യാദക്ക് അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ല. അങ്ങനെയൊരു സാഹചര്യങ്ങള്‍ ഒരുപാട് ആളുകള്‍ കൂടെ നിന്നത് കൊണ്ട് എനിക്ക് കോഴ്‌സ് പൂര്‍ത്തിയാക്കേണ്ട ഒരു അവസ്ഥയായിരുന്നു.

ആ സമയത്ത് വന്ന പല സിനിമകളും എനിക്ക് ചെയ്യാന്‍ പറ്റിയില്ല. പിന്നെ ചെയ്യാന്‍ ശ്രമിച്ചപ്പോഴൊന്നും പലതും വര്‍ക്കൗട്ടായില്ല. പിന്നെ ഒരു സമയത്ത് എന്ത് കിട്ടിയാലും ചെയ്യാമെന്ന രീതിയില്‍ ഞാന്‍ ഓടിയിരുന്നു. പക്ഷെ അതും നടന്നില്ല.

പല സിനിമകളുടെയും വക്കില്‍ വരെ ഞാന്‍ എത്തിയിരുന്നു. അതുകൊണ്ട് സിനിമ നടന്നുകഴിഞ്ഞിട്ടേ നടന്നുവെന്ന് പറയാന്‍ പറ്റുള്ളൂവെന്ന് എനിക്ക് മനസിലായി. പിന്നെ ഞാന്‍ ഒരു തീരുമാനമെടുത്തു. എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടിട്ട് ഞാന്‍ കാണാന്‍ ആഗ്രഹക്കുന്ന സിനിമകള്‍ ചെയ്യാമെന്ന്. ചുമ്മാ ഒരു സിനിമ ചെയ്യില്ലെന്നും തീരുമാനിച്ചു,’ തോമസ് മാത്യു പറഞ്ഞു.

Content Highlight: Thomas Mathew Talks About Aanandam Movie And Vineeth Sreenivasan