തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ ആളുകള്‍ക്കും സവാള വാങ്ങിക്കൊടുത്താലേ വില താഴുകയുള്ളൂ എന്ന് പറയുന്നത് വിഡ്ഢിത്തമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഉള്ളി വില കുതിച്ചുയരുന്നതിനിടെ 75 ടണ്‍ ഉള്ളി ഹോര്‍ട്ടിക്കോര്‍പ് വഴി 45 രൂപ നിരക്കില്‍ വിതരണം ചെയ്യുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായാണ് മന്ത്രി രംഗത്തെത്തിയത്.
കേരളത്തില്‍ ആഴ്ചയില്‍ 25000 ടണ്‍ ഉള്ളി വേണ്ടി വരുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് വി. ടി ബല്‍റാം എം.എല്‍.എയാണ്. ഇതിന് പിന്നാലെ നിരവധി പേര്‍ ഇതിന് വിമര്‍ശനവുമായി രംഗത്തെത്തിയത്.
75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തോട്ടു നീക്കുമെന്നും വില കുറയുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 75 ടണ്‍ ഇറക്കുന്നത് കൊണ്ട് ഇറക്കുമതി നിര്‍ത്തില്ല. ആഴ്ചതോറും 25000 ടണ്‍ വാങ്ങാതെ വില താഴ്ത്തുന്ന വിദ്യ അനുഭവത്തില്‍ നിന്നും പഠിച്ചോളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
’75 ടണ്‍ സവാള എന്നു പറഞ്ഞാല്‍ അത് 75000 കിലോഗ്രാം മാത്രമാണ്. അതായത് ഒരു പഞ്ചായത്തിന് ശരാശരി 75 കിലോ. ഒരു വാര്‍ഡിന് ചുരുങ്ങിയത് ഒരു ടണ്‍ സവാള ആവശ്യമായി വരുമത്രേ. എന്നുവച്ചാല്‍ ഒരാഴ്ചത്തേയ്ക്ക് 25000 ടണ്‍. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വരുന്നത്. അതായത് മാര്‍ക്കറ്റ് ഡിമാന്റിന്റെ വെറും 0.3 ശതമാനം. ബാക്കി 99.7 ശതമാനം കരിഞ്ചന്തക്കാരുടെ കൈയ്യില്‍. ഇങ്ങനെ പോകുന്നു സാമ്പത്തിക ശാസ്ത്ര വിശകലനം.
ബി. എയ്ക്ക് പഠിക്കുന്ന ഒരു സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയോട് ചോദിച്ചാല്‍ മേല്‍പ്പറഞ്ഞതിന്റെ വിഡ്ഢിത്തം അവര്‍ വിശദീകരിച്ചുതരും. ഡിമാന്റ് രേഖയും സപ്ലൈ രേഖയും മുട്ടുന്നിടത്താണ് വില വീഴുക. മാര്‍ജിനല്‍ ഡിമാന്റും മാര്‍ജിനല്‍ സപ്ലൈയുമാണ് വില നിശ്ചയിക്കുക. അല്ലാതെ മൊത്തം സപ്ലൈയും മൊത്തം ഡിമാന്റും അല്ല. 75 ടണ്ണേ വാങ്ങുന്നുള്ളൂവെങ്കിലും അത് സപ്ലൈ കര്‍വിനെ വലത്തോട്ടു നീക്കും. വില കുറയും. പക്ഷെ, ഇനിയും ഇറക്കുമതി ചെയ്യേണ്ടിവരും. ആര് പറഞ്ഞു ഒരു പ്രാവശ്യം 75 ടണ്‍ ഇറക്കുമതി ചെയ്യുന്നതുകൊണ്ട് സവാള വാങ്ങല്‍ നിര്‍ത്തുമെന്ന്?,’ മന്ത്രി ഫേസ്ബുക്കിലെഴുതി.
ഇന്ത്യയില്‍ വിലക്കയറ്റം രൂക്ഷമാണ്. എന്നിട്ടും പ്രതിപക്ഷത്തിന് വിലക്കയറ്റത്തെക്കുറിച്ച് ഒരു അടിയന്തര പ്രമേയം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടക്ക് അവതരിപ്പിക്കാന്‍ കഴിയാതിരുന്നത് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്റെ കാര്യക്ഷമമായ കമ്പോള ഇടപെടലുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
കമ്പോള ഇടപെടല്‍ എന്നു പറഞ്ഞാല്‍ നാട്ടില്‍ ആവശ്യമുള്ള മുഴുവന്‍ ഭക്ഷ്യസാധനങ്ങളും സര്‍ക്കാര്‍ നേരിട്ടു വാങ്ങി നല്‍കല്‍ അല്ല. വില താഴ്ത്താന്‍ മാര്‍ജിനിലുള്ള ഇടപെടലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നാഫെഡില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സവാള സംഭരിച്ച്, ഹോര്‍ട്ടികോര്‍പ്പ് ഔട്ട് ലെറ്റുകള്‍ വഴി വില്‍ക്കാനുള്ള ആശയമാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. ആദ്യ ഘട്ടമായി 25 ടണ്‍ സവോള തിരുവനന്തപുരത്തെത്തിക്കുകയും ചെയ്തിരുന്നു. ഇതിന് വിമര്‍ശനവുമായാണ് എം.എല്‍.എ വിടി ബല്‍റാം രംഗത്തെത്തിയത്.
‘സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന 75 ടണ്‍ ഉള്ളി എന്നു പറഞ്ഞാല്‍ അത് വെറും 75,000 കിലോ മാത്രമാണ്. അതായത് ആയിരത്തോളം പഞ്ചായത്തുള്ള കേരളത്തില്‍ ഒരു പഞ്ചായത്തിലേക്ക് ശരാശരി 75 കിലോ ഉള്ളി! 25,000 ഓളം വാര്‍ഡുകളുള്ളതില്‍ ഒരു വാര്‍ഡിലേക്ക് ശരാശരി 3 കിലോ ഉള്ളി.
ഒരു വാര്‍ഡിലുള്ളത് ഏതാണ്ട് 1500-2000 ജനസംഖ്യയാണ്. 500-600 വീടുകള്‍ മിനിമം ഉണ്ടാവും. ചെറിയ ഒരു കുടുംബത്തിലേക്ക് ഒരു കിലോ ഉള്ളി വാങ്ങിയാല്‍ നാലോ അഞ്ചോ ദിവസത്തേക്ക്, പരമാവധി ഒരാഴ്ചത്തേക്ക് ഉണ്ടാകും. ഹോട്ടലുകളുടേയും മറ്റും ആവശ്യം വേറെ. അതായത് ഒരു ആഴ്ചയിലേക്ക് ഒരു ഗ്രാമ പഞ്ചായത്ത് വാര്‍ഡിന് തന്നെ ഏതാണ്ട് ഒരു ടണ്‍ ഉള്ളി ആവശ്യമായി വരും. കേരളത്തിന് മൊത്തമായി എടുത്താല്‍ ഒരാഴ്ചക്ക് ഏതാണ്ട് 25,000 ടണ്‍ വേണം. അവിടെയാണ് വെറും 75 ടണ്ണുമായി ഒരു സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ വരുന്നത്! അതായത് മാര്‍ക്കറ്റ് ഡിമാന്‍ഡിന്റെ വെറും 0.3%. ബാക്കി 99.7% വും കരിഞ്ചന്തക്കാരുടെ കയ്യില്‍,’ എന്നായിരുന്നു വിടി ബല്‍റാം പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക