CASTE VIOLENCE
അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നു; ഡി.വൈ.എഫ്.ഐ നേതാവിന്റെ കൊലപാതകത്തില്‍ പ്രതിഷേധവുമായി തോമസ് ഐസക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Jun 13, 11:18 am
Thursday, 13th June 2019, 4:48 pm

തിരുനെല്‍വേലി: ഡി.വൈ.എഫ്.ഐയുടെ തിരുനെല്‍വേലി ജില്ലാ ട്രഷറര്‍ സഖാവ് അശോകിന്റെ കൊലപാതകം, രാജ്യത്തിന്റെ പലഭാഗത്തും നിലനില്‍ക്കുന്ന ജാതിവെറിയുടെ രൂക്ഷത വ്യക്തമാക്കുന്നെന്ന് മന്ത്രി തോമസ് ഐസക്. അയിത്ത നിര്‍മാര്‍ജന മുന്നണിയുടെ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന സഖാവ് അശോക് ജാതിവെറിയന്മാരുടെ നോട്ടപ്പുള്ളിയായിരുന്നെന്നും ഐസക് പറഞ്ഞു.

പൊതുവഴി ഉപയോഗിച്ചതിന് കഴിഞ്ഞ ദിവസം സ.അശോകിന്റെ അമ്മയെ സവര്‍ണജാതിഭ്രാന്തു പിടിച്ചവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതും സവര്‍ണതയെ ചോദ്യം ചെയ്തതുമാണ് അശോകിനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നും ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ഐസക് പറഞ്ഞു.

തമിഴ്‌നാട്ടിലെ ജാതിവിവേചനത്തിനെതിരെ സി.പി.ഐ.എമ്മും ഡി.വൈ.എഫ്.ഐയും നിരന്തരമായ പോരാട്ടത്തിലാണ്. സി.പി.ഐ.എമ്മും അയിത്ത നിര്‍മ്മാര്‍ജന മുന്നണിയും മുന്നില്‍ നിന്നു നയിച്ച പ്രക്ഷോഭങ്ങളെത്തുടര്‍ന്നാണ് ഉത്തപുരത്തെ ജാതിമതിലും തിരുപ്പൂരില്‍ ദളിതര്‍ ഉപയോഗിച്ചിരുന്ന വഴി തടസ്സപ്പെടുത്തി നിര്‍മിച്ച കമ്പിവേലിയുമൊക്കെ തകര്‍ന്നു വീണത്. അയിത്ത നിര്‍മ്മാര്‍ജനത്തിനുവേണ്ടി സി.പി.ഐ.എം തമിഴ്‌നാട്ടില്‍ നടത്തുന്ന പോരാട്ടങ്ങളെ ഇത്തരം കൊലപാതകങ്ങളിലൂടെ തകര്‍ക്കാന്‍ കഴിയുമെന്നാണ് ജാതിക്കോമരങ്ങളുടെ ധാരണ.

മനുഷ്യാന്തസ് ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തില്‍ സി.പി.ഐ.എം ഒരിഞ്ചു പുറകോട്ടു പോകില്ല. ആ സമരഭൂമിയില്‍ ധീരരക്തസാക്ഷിത്വം വരിച്ച സഖാവ് അശോകിന് വിപ്ലവാഭിവാദ്യങ്ങളെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

വഴി നടക്കാന്‍ അനുവദിക്കാതിരിക്കുന്ന സവര്‍ണരെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ നേതാവിനെ കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലയാളികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും അശോകിന്റെ ബന്ധുക്കളും ഇന്നലെ തിരുനെല്‍വേലി-മധുരൈ ദേശീയ പാത ഉപരോധിച്ചിരുന്നു.

ദളിത് സമുദായാംഗമാണ് അശോക്. അശോകും സമുദായത്തിലെ ഭൂരിപക്ഷം പേരും ഗംഗൈകൊണ്ടാനിലുള്ള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്റെ വ്യവസായ മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇന്നലെ ജോലി കഴിഞ്ഞ് വരുന്ന വഴിയാണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം റെയില്‍വേ ട്രാക്കിന് സമീപം കൊണ്ട് പോയി ഉപേക്ഷിക്കുകയായിരുന്നു.

സവര്‍ണ സമുദായമായ മരവാര്‍ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശത്തിനടുത്ത് കൂടെയാണ് ദളിത് സമുദായക്കാര്‍ക്ക് ജോലി സ്ഥലത്തേക്ക് പോവുന്ന വഴി. ജോലിക്ക് പോവുന്ന ദളിത് തൊഴിലാളികളെയും സ്ത്രീകളെയും സവര്‍ണര്‍ പലപ്പോഴും ആക്രമിക്കാറുണ്ട്. ഇതിനെതിരെ അശോകിന്റെ നേതൃത്വത്തിലുള്ള യുവജനങ്ങള്‍ എതിര്‍പ്പുന്നയിക്കാറുണ്ട്. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.