തിരുവനന്തപുരം: ഇന്ന് നടന്ന വനിതാ മതിൽ ഇന്ത്യ കണ്ട ഏറ്റവും വലിയ മുന്നേറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവോത്ഥാനം നൽകിയ മൂല്യങ്ങളെയും ഭരണഘടനാപരമായി സ്‌ത്രീകൾക്ക് ലഭിക്കേണ്ട അവകാശങ്ങളെയും നിരാകരിക്കാൻ സംഘടിതമായി ശ്രമിക്കുന്ന വർഗ്ഗീയ-പുരോഗമനവിരുദ്ധ ശക്തികൾക്കുള്ള വൻ താക്കീതാണ് വനിതാ മതിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ ചിന്തിക്കുന്ന സ്ത്രീസമൂഹം പുരോഗമന, നവോത്ഥാന, മൂല്യങ്ങൾക്കൊപ്പമാണെന്നുള്ളതിന്റെ വിളംബരമായിരുന്നു വനിതാ മതിലിൽ കണ്ട ഇവരുടെ പങ്കാളിത്തം. വിധ്വംസക ശക്തികളുടെ എല്ലാ കണക്കുകൂട്ടലുകളെയും അസ്ഥാനത്താക്കി ജാതി, മത, രാഷ്ട്രീയ ഭേദങ്ങളിലാതെയാണ് സ്ത്രീകൾ വനിതാ മതിലിനു വേണ്ടി അണിനിരന്നത്.
ഭീഷണികളെയും കുപ്രചാരണങ്ങളെയും ധീരമായി അവഗണിച്ച് വനിതാ മതിലിൽ അണിനിരന്ന സ്ത്രീകൾ കേരളത്തിന്റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ചു. മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ നെഞ്ചിലേറ്റി വനിതാ മതിൽ ഒരു ചരിത്ര സംഭവമാക്കി മാറ്റിയ കേരളത്തിലെ സ്ത്രീകളെ താൻ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍ മുതല്‍ കെ.അജിത, പി വത്സല വരെ; വനിതാ മതിലില്‍ പ്രമുഖരുടെ നീണ്ട നിര
വെറും ഒരു മാസം കൊണ്ട് 620 കിലോ മീറ്റര്‍ ദൂരം സ്ത്രീകളുടെ വന്‍മതില്‍ തീര്‍ക്കുന്നതിനുളള നടപടികൾ സർക്കാർ പൂർത്തിയാക്കിയത്. വനിതാ മതിലെന്ന മറ്റ് മാതൃകകളില്ലാത്ത സ്ത്രീ മുന്നേറ്റത്തിന് പിന്തുണ നല്‍കിയ രാഷ്ട്രീയ സാമൂഹിക പ്രസ്ഥാനങ്ങളെയും തന്റെ നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.