തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ; അധ്യാപകരും രക്ഷിതാക്കളുമടക്കം 30 പേര്‍ക്കെതിരെ കേസ്
Kerala
തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ; അധ്യാപകരും രക്ഷിതാക്കളുമടക്കം 30 പേര്‍ക്കെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2020, 3:10 pm

തൃശൂര്‍: തൃശൂര്‍ കുന്നംകുളത്ത് ലോക്ഡൗണ്‍ ലംഘിച്ച് ഒന്നാംക്ലാസ് പ്രവേശനപരീക്ഷ നടത്തിയതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ബഥനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് പരീക്ഷ നടന്നത്.

രക്ഷിതാക്കള്‍ക്കെതിരെയും കേസടുത്തിട്ടുണ്ട്. രണ്ട് ക്ലാസ് മുറികളിലായി 24 ബെഞ്ചുകള്‍ ഇട്ടുകൊണ്ടാണ് പരീക്ഷ നടത്തിയത്. പരാതിക്ക് പിന്നാലെ കുന്നംകുളം പൊലീസ് എത്തുകയും ലോക്ക് ഡൗണ്‍ ലംഘനത്തില്‍ 30 പേര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. എന്നാല്‍ സ്‌കൂളില്‍ പ്രവേശനപരീക്ഷ നടത്താമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് സംഭവിച്ചതെന്നാണ് സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കുന്ന വിശദീകരണം.

ഒന്നാം ക്ലാസിലേക്കുള്ള പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിയിരുന്നു. ഓണ്‍ലൈന്‍ അഡ്മിഷനായി പോര്‍ട്ടല്‍ സംവിധാനം തയ്യാറാകുന്ന മുറയ്ക്ക് അപ്രകാരവും അഡ്മിഷന്‍ നേടാമെന്നും സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകള്‍ എത്താന്‍ പാടുള്ളുവെന്നുമായിരുന്നു നിര്‍ദേശത്തില്‍ പറഞ്ഞത്.

അധ്യാപകര്‍ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പാടില്ല. പൊതുവിദ്യാലയങ്ങളില്‍ എത്തിച്ചേരുന്ന മുഴുവന്‍ കുട്ടികള്‍ക്കും അഡ്മിഷന്‍ ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുള്ളതിനാല്‍ രക്ഷാകര്‍ത്താക്കള്‍ തിരക്കുകൂട്ടേണ്ടതില്ല എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിലടക്കം മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാരണവശാലും പത്ത് വയസില്‍ താഴെയുള്ള കുട്ടികളെ പുറത്തിറക്കരുതെന്ന കാര്യവും ആവര്‍ത്തിച്ചിരുന്നു.

കേന്ദ്രം നല്‍കിയ നിര്‍ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് പുതിയ ലോക്ക്ഡൗണ്‍ മാര്‍ഗരേഖ സംസ്ഥാനം പുറത്തിറക്കിയത്. കേന്ദ്രസര്‍ക്കാരിന്റെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ ഒരു കാരണവശാലും ഇളവ് അനുവദിക്കരുതെന്ന് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക