മുംബൈ: വിമത ശിവസേന നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് ശിവസേന നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ആദിത്യ താക്കറെ. ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരിന് എന്താണ് കുഴപ്പമെന്ന് വിമതര്‍ പറയണമെന്ന് ആദിത്യ താക്കറെ പറഞ്ഞു. അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും മുഖത്ത് നോക്കി സംസാരിക്കണമെന്നും അദ്ദേഹം വിമത എം.എല്‍.എമാരോട് പറഞ്ഞു.
ശിവസേന നയിക്കുന്ന മഹാ വികാസ് അഘാഡി സര്‍ക്കാരും എം.എല്‍.എമാരും തമ്മില്‍ തര്‍ക്കങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് ആദിത്യ താക്കറെയുടെ പരാമര്‍ശം.
ഷിന്‍ഡെ നയിക്കുന്ന സംഘത്തെ വിമതരെന്നല്ല, ചതിയന്മാരെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഏക് നാഥ് ഷിന്‍ഡെയുടെ കീഴിലുള്ള സംഘത്തെ വിമതര്‍ എന്നല്ല വിളിക്കേണ്ടത്, ചതിയന്മാര്‍ എന്നാണ്. ചതിയന്മാര്‍ എവിടേയും വിജയിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. പലയിടത്തു നിന്നും ഞങ്ങള്‍ക്ക് സ്‌നേഹവും പിന്തുണയും ലഭിക്കുന്നുമുണ്ട്.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ ചേരിതിരിവ് സംബന്ധിച്ച വാദം സുപ്രീം കോടതി കേള്‍ക്കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ആദിത്യ താക്കറെയുടെ പ്രതികരണം.
രാഷ്ട്രീയ പ്രതിസന്ധികള്‍ രൂക്ഷമായതോടെ വിമത മന്ത്രിമാരെ ചുമതലകളില്‍ നിന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒഴിവാക്കിയിരുന്നു. മന്ത്രിസഭയുടെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകാതിരിക്കാനാണ് നടപടിയെന്നും ചുമതല ഉടന്‍ തന്നെ പാര്‍ട്ടിയിലെ മറ്റുള്ളവര്‍ക്ക് കൈമാറുമെന്നാ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഒമ്പത് വിമത മന്ത്രിമാരുടെ ചുമതലകളാണ് താക്കറെ പിന്‍വലിച്ചത്.
ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ, അനില്‍ പരാബ്, സുഭാഷ് ദേശായ് തുടങ്ങി നാല് കാബിനറ്റ് മന്ത്രിമാരാണ് ശിവസേനയ്ക്കുള്ളത്.
ശിവസേനയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ നേരത്തെ 10 കാബിനറ്റ് മന്ത്രിമാരും സേന ക്വാട്ടയില്‍ നിന്നുള്ള രണ്ട് സഹമന്ത്രിമാരുമുള്‍പ്പെടെ നാല് സഹമന്ത്രിമാരുമുണ്ടായിരുന്നു.
മഹാവികാസ് അഘാഡി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കി കഴിഞ്ഞ ദിവസം മഹാരാഷ്ട്ര മന്ത്രി ഉദയ് സാമന്ത് ഗുവാഹത്തിയിലെത്തി ഏക് നാഥ് ഷിന്‍ഡെയോടൊപ്പം ചേര്‍ന്നിരുന്നു. ഷിന്‍ഡെയോടൊപ്പം ചേരുക എന്നത് സാമന്തിന്റെ മാത്രം തീരുമാനമാണെന്നായിരുന്നു വിഷയത്തില്‍ ആദിത്യ താക്കറെയുടെ പ്രതികരണം.
Content Highlight: they are not rebels but traitors says adhithya thackeray