വളരെ സങ്കടകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്; തുർക്കി-സിറിയ ഭൂചലനത്തെക്കുറിച്ച് മെസി
football news
വളരെ സങ്കടകരമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്; തുർക്കി-സിറിയ ഭൂചലനത്തെക്കുറിച്ച് മെസി
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 13th February 2023, 10:18 am

തുർക്കിയിലെയും സിറിയയിലെയും ഭൂചലനത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും ഐക്യദാർഢ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ലയണൽ മെസി.
ഇരു രാജ്യങ്ങളിലും നശീകരണം വിതച്ച ഭൂ ചലനത്തിൽ കഷ്ടപ്പെടുന്നവർക്ക് ഇൻസ്റ്റഗ്രാമിലൂടെയാണ് താരം സന്ദേശം അറിയിച്ചത്.
യുണിസെഫിന്റെ അംബാസിഡർ കൂടിയായ മെസി വലിയ തോതിലുള്ള സഹായങ്ങൾ ദുരന്തബാധിതർക്ക് നൽകിയിരുന്നു.

“സിറിയയിലും തുർക്കിയിലും ഭൂകമ്പ ബാധിതരായ ആയിരക്കണക്കിന് കുട്ടികളും അവരുടെ കുടുംബങ്ങളും വളരെ സങ്കടകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അതിനാൽ നമ്മളെയും ആ അവസ്ഥ ബാധിക്കും,’ മെസി പറഞ്ഞു.

“എന്റെ ഹൃദയം നീറുകയാണ്.യുണിസെഫ് ദുരന്തബാധിതരായ കുട്ടികൾക്ക് സംരക്ഷണമൊരുക്കാൻ മേഖലയിലുടനീളം തിരക്കേറിയ പ്രവർത്തികളിൽ ഏർപ്പെട്ടിരിക്കുകയാണ്. അതിനാൽ എല്ലാവരും അവരവരെ കൊണ്ട് സാധിക്കുന്ന രീതിയിൽ ദുരന്തബാധിതർക്ക് സഹായമെത്തിക്കണം. നിങ്ങളുടെ സഹായം വളരെ മൂല്യമേറിയതാണ്,’ മെസി തന്റെ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

പഴയ ന്യൂകാസിൽ യുണൈറ്റഡ് മുന്നേറ്റനിര താരമായ ക്രിസ്റ്റിയൻ അറ്റ്സു അടക്കം നിരവധിപേരെ ഭൂചലനത്തെ തുടർന്ന് കാണാതായിരുന്നു കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇതുവരെ 28000 കടന്നിട്ടുണ്ട്.

തുർക്കിയിലെ സിറിയൻ അതിർത്തിയോട് ചേർന്ന ഗാസിയാൻടൈപ്പിൽ രൂപം കൊണ്ട റിക്ടർ സ്കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനത്തിൽ വലിയ നാശനഷ്ടമാണ് ഇരു രാജ്യങ്ങളിലുമായി സംഭവിച്ചത്.

അതേസമയം 2023 ജൂണിൽ പി.എസ്.ജിയുമായി കരാർ അവസാനിക്കുന്ന മെസിയുടെ ഭാവിയെപറ്റി സ്ഥിരീകരിക്കപ്പെട്ട റിപ്പോർട്ടുകളൊന്നും പുറത്ത് വന്നിട്ടില്ല. ജൂണിന് ശേഷം ഫ്രീ ഏജന്റായി മാറുന്ന താരത്തെ സൈൻ ചെയ്യാൻ അൽ ഹിലാൽ, ബാഴ്സ, ഇന്റർ മിയാമി തുടങ്ങിയ ക്ലബ്ബുകൾ ശ്രമം നടത്തുന്നുണ്ട്.

എന്നാൽ മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുന്നത് തടയണമെന്നും 2024 വരെയെങ്കിലും താരം പി.എസ്.ജിയിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും പി.എസ്.ജി മാനേജ്മെന്റ് അടുത്തിടെ തീരുമാനമെടുത്തിരുന്നതായി മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മെസിയെ ക്ലബ്ബ് നന്നായി പരിഗണിക്കുന്നുണ്ടെന്നും ക്ലബ്ബിൽ താരം തൃപ്തനാണെന്നുമുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

View this post on Instagram

A post shared by Leo Messi (@leomessi)

ഫെബ്രുവരി 15ന് ഇന്ത്യൻ സമയം രാത്രി 1:30ന് ബയേൺ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവിൽ 23 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് ക്ലബ്ബിന്റെ സ്ഥാനം.

 

Content Highlights: These are very sad days” – Lionel Messi addresses tragedies in Turkey and Syria as UNICEF ambassador