Sports News
പാകിസ്ഥാന് എട്ടിന്റെ പണികൊടുക്കാന്‍ ബി.സി.സി.ഐയും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 24, 08:08 am
Thursday, 24th April 2025, 1:38 pm

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുളള ക്രിക്കറ്റ് മത്സരങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങി ബി.സി.സി.ഐ. പാകിസ്ഥാനുമായി ഇനി ഒരു ദ്വിരാഷ്ട്ര ക്രിക്കറ്റ് മത്സരവും കളിക്കില്ലെന്ന് ബി.സി.സി.ഐ വൈസ് പ്രസിഡണ്ട് രാജീവ് ശുക്ല പറഞ്ഞു.

‘ഞങ്ങള്‍ ഇരകളോടൊപ്പമാണ്, അതിനെ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങളുടെ സര്‍ക്കാര്‍ എന്ത് പറഞ്ഞാലും ഞങ്ങള്‍ അത് ചെയ്യും. ഭാവിയില്‍ പാകിസ്ഥാനുമായി ദ്വിരാഷ്ട്ര മത്സരങ്ങളില്‍ കളിക്കില്ല. എന്നാല്‍ ഐ.സി.സി ഇവന്റിന്റെ കാര്യത്തില്‍ ഇനിയെന്ത് സംഭവിക്കുമെന്ന് അവര്‍ക്ക് അറിയാം,’ രാജീവ് ശുക്ല പറഞ്ഞു.

ആക്രമണത്തില്‍ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയയും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

‘ഇന്നലെ (22-04-25) പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ക്രിക്കറ്റ് സമൂഹം അഗാധമായ ഞെട്ടലും ദുഖവും രേഖപ്പെടുത്തുന്നു. ബി.സി.സി.ഐയുടെ പേരില്‍ ഈ ഭയാനകവും ഭീരുത്വപരവുമായ പ്രവൃത്തിയെ ശക്തമായ വാക്കുകളില്‍ അപലപിക്കുന്നതോടൊപ്പം, ദുഖിതരായ കുടുംബങ്ങള്‍ക്ക് ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനവും പരേതര്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകളും അറിയിക്കുന്നു,’ സൈകിയ പറഞ്ഞു.

പാകിസ്ഥാനുമായി ഇനി ഇന്ത്യ ക്രിക്കറ്റ് കളിക്കരുതെന്ന് മുന്‍ ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെടെയുളളവരും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 2012-13 സമയത്താണ് ഇരുവരും തമ്മില്‍ അവസാനമായി ഒരു പരമ്പര കളിച്ചത്. പരിമിത ഓവര്‍ ടൂര്‍ണമെന്റിന് വേണ്ടി പാകിസ്ഥാന്‍ ഇന്ത്യയില്‍ എത്തുകയായിരുന്നു. ഇന്ത്യ അവസാനമായി പാകിസ്ഥാനിലേക്ക് യാത്ര ചെയ്തത് 2008ലാണ്.

2025ല്‍ പാകിസ്ഥാനില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ സുരക്ഷാ കാരണങ്ങളാലും രാഷ്ട്രീയ കാരണങ്ങളാലും ഇന്ത്യ യാത്ര ചെയ്തിരുന്നില്ല. ഇതോടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബായില്‍ നടത്താന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതരായിരുന്നു. ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി കിരീടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

Content Highlight: BCCI set more restrictions on cricket matches with Pakistan following Pahalgam terror attack