നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖലിസ്ഥാനുമായി കൂടിക്കാഴ്ച നടത്തി വൈറ്റ് ഹൗസ്
World News
നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഖലിസ്ഥാനുമായി കൂടിക്കാഴ്ച നടത്തി വൈറ്റ് ഹൗസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd September 2024, 10:17 am

ന്യൂയോര്‍ക്ക്:  നരേന്ദ്ര മോദിയുടെ യു.എസ് സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഖലിസ്ഥാന്‍ അനുഭാവമുള്ള സിഖ് സംഘടനകളുമായി ചര്‍ച്ച നടത്തി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനാണ് നരേന്ദ്ര മോദി യു.എസില്‍ എത്തിയത്. യു.എസ് ദേശീയ സുരക്ഷ വൈറ്റ് ഹൗസ് സമുച്ചയത്തില്‍വച്ച് നടന്ന യോഗത്തില്‍ അമേരിക്കന്‍ സിഖ് കൊയലീഷന്‍, സിഖ് അമേരിക്കന്‍ ഡിഫന്ഡസ് ആന്റ് എജുക്കേഷന്‍ ഫണ്ട് എന്നിവരുടെ പ്രതിനിധികളുമായാണ് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയത്. ഖലിസ്ഥാന്‍ അനുകൂല സിഖ് സംഘടനകള്‍ക്ക് വിദേശശക്തികളില്‍ നിന്നും സുരക്ഷ ഉറപ്പാക്കുമെന്ന്  വൈറ്റ് ഹൗസ് പ്രതിനിധി ചര്‍ച്ചയില്‍ ഉറപ്പുനല്‍കി.

വിദേശരാജ്യങ്ങളില്‍ നിന്നും ഖലിസ്ഥാന്‍ അനുകൂല സംഘടനകള്‍ നേരിടുന്ന അതിക്രമങ്ങള്‍ അമേരിക്കയില്‍ നിന്നും ഉണ്ടാവില്ലെന്ന് ഉറപ്പുനല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആദ്യമായാണ് യു.എസ് ദേശീയ സുരക്ഷ സമിതി സിഖ് വാദികളുമായി യോഗം വിളിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കൂടിക്കാഴ്ചയ്ക്ക് ഖലിസ്ഥാന്‍ അനുകൂല സംഘടനകളെ വൈറ്റ് ഹൗസ് നേരിട്ട് ക്ഷണിച്ചതാണെന്നും വിവരങ്ങള്‍ വന്നിരുന്നു.

അതേസമയം ഖലിസ്ഥാന്‍ വാദികളുടെ നേതാവ് ഗുര്‍പത്വന്ത് സിങ് പന്നുവിനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ വധിക്കാന്‍ ശ്രമിച്ച കേസില്‍ ന്യൂയോര്‍ക്ക് കോടതി ഇന്ത്യന്‍ സര്‍ക്കാരിനും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനും കഴിഞ്ഞ ദിവസം സമന്‍സ് അയച്ചിരുന്നു. 21 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. പന്നുവിനെ വധിക്കാനുള്ള നീക്കത്തില്‍ പ്രധാനമന്ത്രിക്കുള്‍പ്പെടെ പങ്കുണ്ടെന്ന് കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു.

ഇന്ത്യ നിരോധിത സംഘടനയായി കണക്കാക്കിയ ഖലിസ്ഥാനുമായുള്ള അമേരിക്കയുടെയും കാനഡയുടെയും ബന്ധത്തില്‍ ഇന്ത്യ പലപ്പോഴായി ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയിലാണ് പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പുള്ള വൈറ്റ് ഹൗസിന്റെ നീക്കം.

ക്വാഡ് ഉച്ചകോടിക്കായി നരേന്ദ്രമോദി മൂന്ന് ദിവസമാണ് അമേരിക്കയില്‍ ഉണ്ടാവുക. ശനിയാഴ്ച വൈകിട്ടോടുകൂടിയാണ് മോദി ഫിലാഡല്‍ഫിയില്‍ വിമാനമിറങ്ങിയത്. ക്വാഡ് ഉച്ചകോടിയില്‍ കൂടാതെ ന്യൂയോര്‍ക്കില്‍ വെച്ച് ഇന്ത്യന്‍ വംശജര്‍ സംഘടിപ്പിക്കുന്ന ചടങ്ങിലും യു.എന്‍ സമ്മേളനത്തിലും മോദി പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: the White house held a meeting with Khalistan ahead of Narendra modi’s visit