ആശുപത്രിയിലെ സിനിമാ ഷൂട്ടില്‍ രോഗികള്‍ക്ക് ചികിത്സ മുടങ്ങി; അന്വേഷണം ആരംഭിച്ച് കേരള എച്ച്.ആര്‍.സി
Sports News
ആശുപത്രിയിലെ സിനിമാ ഷൂട്ടില്‍ രോഗികള്‍ക്ക് ചികിത്സ മുടങ്ങി; അന്വേഷണം ആരംഭിച്ച് കേരള എച്ച്.ആര്‍.സി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th June 2024, 9:21 am

നടന്‍ ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന പൈങ്കിളി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ അങ്കമാലി താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് ചികിത്സ മുടങ്ങി. ജൂണ്‍ 28 വെള്ളിയാഴ്ച്ച രാത്രി ഒമ്പത് മണിയോടെയാണ് ആശുപത്രിയില്‍ ഷൂട്ട് തുടങ്ങിയത്. ഷൂട്ടിങ് കാരണം രോഗികള്‍ക്ക് വേണ്ട ചികിത്സ ലഭിച്ചില്ലെന്ന പരാതിയെതുടര്‍ന്ന് ആശുപത്രി അധികൃതരോട് വിശദീകരണം നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ. ബീന കുമാരി ആവശ്യപ്പെട്ടു.

ഇതേത്തുടര്‍ന്ന് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ എര്‍ണാകുളം മെഡിക്കല്‍ ഓഫീസര്‍ക്കും അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ടിനും മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സിനിമാ ഷൂട്ടിങ് മൂലമുണ്ടായ അസൗകര്യത്തെക്കുറിച്ച് നേരിട്ട് കിട്ടിയ പരാതിയെതുടര്‍ന്നാണ് കമ്മീഷന്‍ നടപടി എടുത്തത്.

ജൂണ്‍ 27, 28 തീയതികളില്‍ ഷൂട്ട് ചെയ്യാനുള്ള അനുമതി ആശുപത്രി അതികൃതര്‍ നല്‍കുകയായിരുന്നു. കാഷ്വാലിറ്റിയിലെ ലൈറ്റുകളുടെ ഉപയോഗം നിയന്ത്രിച്ചുകൊണ്ട് വ്യാഴാഴ്ച രാത്രിയാണ് സംഘം ചിത്രീകരണം ആരംഭിട്ടത്. അഭിനേതാക്കള്‍ ഉള്‍പ്പെടെ 50 ഫിലിം ക്രൂ അംഗങ്ങളാണ് സ്ഥലത്ത് ഉണ്ടായിരുന്നത്.

ആശുപത്രിയിലെ റിസപ്ഷന്‍ ഹാളും, അത്യാഹിത വിഭാഗം മുറിയുമാണ് ഷൂട്ടിങ്ങിനായി ആവശ്യപ്പെട്ടത്.
പ്രതിദിന ചിത്രീകരണത്തിന് 10000 രൂപ വീതമാണ് താലൂക്കാശുപത്രി മാനേജ്മന്റ്്ില്‍ അടച്ചത്.

താലൂക്കാശുപത്രി നഗരസഭയുടെ അധികാരപരിധിയിലാണെങ്കിലും നഗരസഭയുടെ അറിവോടെയല്ല ആശുപത്രിയില്‍ ഷൂട്ടിങ് നടത്തിയത് എന്ന് നഗര സഭ ചെയര്‍മാന്‍ മാത്യു തോമസ് പറഞ്ഞു.

അടിയന്തര മെഡിക്കല്‍ പ്രശ്‌നങ്ങളുമായി വരുന്ന രോഗികള്‍ക്ക് ചിത്രീകരണം കാരണം പരിസരത്ത് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഷൂട്ടിങ് പുരോഗമിക്കുമ്പോള്‍ രോഗികളോട് നിശബ്ദത പാലിക്കാന്‍ ആശുപത്രി നിര്‍ദേശം നല്‍കിയതായും പറയുന്നു.

അതേ സമയം എല്ലാ മാര്‍ഗനിര്‍ദേശങ്ങളും പാലിച്ചാണ് ചിത്രീകരണത്തിന് അനുമതി നല്‍കിയതെന്നാണ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞത്.

 

 

Content Highlight: The treatment stopped during the movie shooting in the hospital


Community-verified icon