പിരിയാന്‍ ആയിരം കാരണങ്ങളുണ്ടാകും, ഒന്നിക്കാന്‍ ഒറ്റ കാരണമേയൊള്ളു, അതാണ് കാതല്‍; ഹേയ് സിനാമികയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് മമ്മൂട്ടി
Movie Day
പിരിയാന്‍ ആയിരം കാരണങ്ങളുണ്ടാകും, ഒന്നിക്കാന്‍ ഒറ്റ കാരണമേയൊള്ളു, അതാണ് കാതല്‍; ഹേയ് സിനാമികയുടെ ട്രെയ്‌ലര്‍ പങ്കുവെച്ച് മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 16th February 2022, 7:03 pm

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ചിത്രം ‘ഹേ സിനാമിക’യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ ട്രെയ്‌ലര്‍ പങ്കുവെച്ചിട്ടുണ്ട്.

ദുല്‍ഖര്‍ റൊമാന്റിക് കോമഡി കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്.

സോണി മ്യൂസിക്ക് സൗത്തിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവന്നിട്ടുള്ളത്. യായന്‍ എന്ന കഥാപത്രത്തെ ദുല്‍ഖര്‍ അവതരിപ്പിക്കുമ്പോള്‍ മൗനയായി ആണ് അതിഥി റാവു എത്തുന്നത്. ദുല്‍ഖറിന്റെ സുഹൃത്തായാണ് കാജല്‍ അഗര്‍വാള്‍ ചിത്രത്തിലെത്തുന്നത്.

വ്യത്യസ്ത ലുക്കിലാണ് ദുല്‍ഖറും അതിഥി റാവുവും കാജല്‍ അഗര്‍വാളും ട്രെയ്‌ലറില്‍ പ്രത്യക്ഷപ്പെടുന്നത്.
പിരിയാന്‍ ആയിരം കാരണങ്ങളുണ്ടാകും, ഒന്നിക്കാനുള്ള ഒറ്റ കാരണമെയൊള്ളു, അതാണ് കാതല്‍ എന്ന് ദുല്‍ഖര്‍ പറയുന്ന ഡയലോഗും ട്രെയിലറില്‍ എടുത്തുപറയേണ്ടതാണ്.

‘മലയാളക്കരയിന്നോരം’ എന്ന് തുടങ്ങുന്ന ചിത്രത്തിലെ പാട്ട് ‘തൈക്കുടംബ്രിഡ്ജി’ന്റെ ‘അയല മത്തി ചൂര ചാള’ എന്ന പാട്ടിന്റെ അതേ ഈണത്തിലാണ് ഒരുക്കിയിരിക്കുന്നത്.

തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ‘കണ്ണും കണ്ണും കൊളളയടിത്താല്‍’ എന്ന സിനിമയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക.

കോളിവുഡ് കൊറിയോഗ്രഫര്‍ ബൃന്ദാ ഗോപാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മാര്‍ച്ച് മൂന്നിനാണ് റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 25 ന് റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിയേറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ളിക്സിലും ഊട്ടിലും റിലീസ് ചെയ്യും.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബൃന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കൊമാലി ആയിരുന്നു കാജല്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.