ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ഭൂരിഭാഗവും ദല്‍ഹിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത് 781 കേസുകളില്‍ 238 കേസുകളും ദല്‍ഹിയിലാണ്. മഹാരാഷ്ട്രയിലാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്. നിലവില്‍ 167 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.
ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, കൊവിഡും ഒമിക്രോണും രൂക്ഷമായതോടെ ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വന്നത്.
ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ദല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു.
കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ പല സംസ്ഥാനങ്ങളും മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ട്.