ന്യൂദല്‍ഹി: രാജ്യത്തെ മുസ്‌ലിം പള്ളികളില്‍ സര്‍വേ നടത്തുന്നതില്‍ സുപ്രീം കോടതിയുടെ വിലക്ക്. ഇനിയൊരുത്തരവ് ഉണ്ടാവുന്നത് വരെ രാജ്യത്ത് ആരാധനാലയങ്ങള്‍ക്കെതിരെ കൂടുതല്‍ ഹരജികള്‍ ഫയല്‍ ചെയ്യരുതെന്നും സുപ്രീം കോടതി. 1991ലെ ആരാധനാലയ നിയമത്തെ ചോദ്യം ചെയ്തുള്ള ഹരജികള്‍ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചിന്റേതാണ് ഉത്തരവ്.
ഗ്യാന്‍വ്യാപി മസ്ജിദ്, മഥുര ഷാഹി മസ്ജിദ്, സംഭാല്‍ ജുമാ മസ്ജിദ് തുടങ്ങി തീര്‍പ്പുകല്‍പ്പിക്കാത്ത ഹരജികളില്‍ കോടതികള്‍ സര്‍വേയ്ക്കുള്ള ഉത്തരവുകളും അന്തിമ ഉത്തരവുകളും പുറപ്പെടുവിക്കരുതെന്നും കോടതി ഉത്തരവിട്ടു.
മുസ്‌ലിം പള്ളികളില്‍ സര്‍വേകള്‍ക്ക് ഉത്തരവുകള്‍ നല്‍കാന്‍ പാടില്ലെന്നും ഹരജികള്‍ വന്നാല്‍ അവയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്നും ഇനി ഒരറിയിപ്പുണ്ടാവുന്നത് വരെ ഉത്തരവ് നിലനില്‍ക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അതേസമയം ആരാധനാലയ നിയമവും മസ്ജിദ് സര്‍വേകളുമായി സംബന്ധിച്ച് നാല് ആഴ്ച്ചകകം മറുപടി നല്‍കാനും കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു.
റൊമീല ഥാപ്പര്‍, മുസ്‌ലിം ലീഗ്, സി.പി.എമ്മിനു വേണ്ടി പ്രകാശ് കാരാട്ട്, സമസ്ത ഉള്‍പ്പെടെ നല്‍കിയിട്ടുള്ള ഹരജികള്‍ പരിഗണിക്കുമെന്നും ഇക്കാര്യങ്ങളില്‍ നാലാഴ്ച്ചക്കകം കേന്ദ്രത്തിന്റെ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
Content Highlight: The Supreme Court has banned the survey of Muslim mosques in the country