'കോടതിയുടെ സമയം കളയരുത്'; മുഹമ്മദ് ഫൈസലിനെതിരായ ഹരജി പിഴയിട്ട് തള്ളി സുപ്രീം കോടതി
national news
'കോടതിയുടെ സമയം കളയരുത്'; മുഹമ്മദ് ഫൈസലിനെതിരായ ഹരജി പിഴയിട്ട് തള്ളി സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 22nd October 2023, 9:08 am

ന്യൂദല്‍ഹി: ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിനെ ഹൈക്കോടതി കുറ്റവിമുക്തനാക്കുന്നതുവരെ അയോഗ്യനാക്കണമെന്ന ഹരജി പിഴയിട്ട് തള്ളി സുപ്രീംകോടതി. ലഖ്‌നൗ സ്വദേശിയായ അഭിഭാഷകന്‍ അശോക്പാണ്ഡെയുടെ ഹരജിയാണ് ഒരു ലക്ഷം രൂപ പിഴയിട്ട് കോടതി തള്ളിയത്.

കോടതിയുടെ വിലപ്പെട്ട സമയം കളയാന്‍ വേണ്ടിയുള്ള ബാലിശമായ വാദങ്ങളാണ് ഹരജിക്കാരന്റേതെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.ആര്‍.ഗവായ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.

ലക്ഷദ്വീപ് എം.പിയും എന്‍.സി.പി നേതാവുമായ മുഹമ്മദ് ഫൈസലിന്റെ ലോകസഭ അംഗത്വം പുനസ്ഥാപിച്ച കോടതി ഉത്തരവ് ചോദ്യം ചെയ്താണ് അശോക് പാണ്ഡെ കോടതിയെ സമീപിച്ചത്. വധ ശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ പൂര്‍ണമായും കുറ്റവിമുക്തനാക്കുന്നതുവരെ എം.പി. സ്ഥാനത്ത് നിന്നു അയോഗ്യനാക്കണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം.

വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസല്‍ കുറ്റക്കാരനാണെന്ന് വിചാരണ കോടതി വിധിച്ചിരുന്നു. ഈ വിധിയും ശിക്ഷയും മരവിപ്പിക്കാന്‍ വേണ്ടി മുഹമ്മദ് ഫൈസല്‍ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടു. പിന്നീട് ഇതേ ആവശ്യം ഉന്നയിച്ച് ഫൈസല്‍ സുപ്രീം കോടതിയെ സമീപിക്കുകയും സുപ്രീം കോടതി വിചാരണകോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുകയാണുണ്ടായത്. ഈ സ്റ്റേയുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ഫൈസലിന്റെ എം.പി.സ്ഥാനം പുനസ്ഥാപിച്ച് നല്‍കിയത്.

CONTENT HIGHLIGHTS; ‘Don’t waste the court’s time’; The Supreme Court dismissed the petition against Muhammad Faisal with fine