ബി.ഒ.ടി വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
Discourse
ബി.ഒ.ടി വിരുദ്ധ സമരത്തിന്റെ രാഷ്ട്രീയ പ്രാധാന്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2012, 2:57 pm

the struggle against B.O.T

പി.ജെ.ജെയിംസ്

pj james cpiml kerala2011 ഫെബ്രുവരി 19 മുതല്‍ തൃശൂര്‍ ജില്ലയില്‍ മണ്ണുത്തി – ഇടപ്പള്ളി ദേശീയ പാതയിലുള്ള പാലിയേക്കരയില്‍  ബി.ഒ.ടിക്കെതിരെ നടന്നുവരുന്ന സമരം കേരളത്തിലും രാജ്യത്തും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റോഡുകള്‍ അടക്കമുള്ള രാജ്യത്തെ അടിസ്ഥാന ഘടനാ സൗകര്യങ്ങളുടെ നിര്‍മ്മാണവും നടത്തിപ്പും നവ ഉദാരീകരണകാലത്ത് കോര്‍പ്പറേറ്റ് കൊള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നായി മാറിക്കഴിഞ്ഞിട്ടുള്ളത് തിരിച്ചറിയാന്‍ ഈ സമരം ജനങ്ങളെ കൂടുതല്‍ പ്രാപ്തരാക്കിയിട്ടുണ്ട്. എന്നാല്‍ ഈ നയത്തില്‍നിന്നും ഒരിഞ്ചുപോലും പുറകോട്ടുപോകില്ലെന്നു മാത്രമല്ല രാജ്യത്തെ തുടര്‍ന്നുള്ള റോഡുനിര്‍മ്മാണം ബി ഒ ടി അടിസ്ഥാനത്തിലായിരിക്കുമെന്ന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റിലൂടെയും നയപ്രഖ്യാപനത്തിലൂടെയും മറ്റും പ്രഖ്യാപിച്ചിരിക്കുകയാണ്. നവ ഉദാരീകരണകാലത്തെ റോഡുനിര്‍മ്മാണം ബി ഒ ടി അടിസ്ഥാനത്തിലായിരിക്കണമെന്നത് അംഗീകൃത ഭരണകൂട നയമാണെന്നും അതില്‍ നിന്നും പിന്തിരിയാന്‍ ആവില്ലെന്നുമാണ് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പറയുന്നത്. ഉദാഹരണത്തിന് ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചതുപ്രകാരം രാജ്യത്തെ 8800 കിലോമീറ്റര്‍ ദേശീയ പാതകള്‍ ബി ഒ ടി അടിസ്ഥാനത്തിലായിരിക്കും നിര്‍മ്മിക്കുക. ഈ പ്രകൃയ വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ ഊര്‍ജിതമാക്കുമെന്നും ബജറ്റു പറയുന്നു. എല്ലാ സംസ്ഥാന സര്‍ക്കാരുകളും ഈ നിലപാട് അംഗീകരിച്ചു കഴിഞ്ഞു.

ദേശീയപാത ബി.ഒ.ടി അടിസ്ഥാനത്തിലാക്കുകയെന്നത് ദേശീയ നയമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനാകില്ലെന്നും അടുത്തകാലത്ത് തൃശൂരില്‍ വന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയാകട്ടെ, ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിലൂടെ പറഞ്ഞത് സംസ്ഥാനത്തെ പി.ഡബ്ലു.ഡി റോഡുകള്‍പോലും ബി.ഒ.ടി അടിസ്ഥാനത്തിലാക്കുമെന്നാണ്. അതിന്റെ ഭാഗമായി സംസ്ഥാനത്തെ 33000 കിലോമീറ്റര്‍ റോഡുകളില്‍ 1800 കിലോമീറ്റര്‍ ഉടന്‍ ബി ഒ ടി അടിസ്ഥാനത്തിലേക്കു മാറ്റുമെന്നും  സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. നവഉദാരീകരണ നയങ്ങളുടെ വക്താക്കളും നടത്തിപ്പുകാരുമായ സി.പി.ഐ.(എം) അടക്കമുള്ള ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളും ബി.ഒ.ടി അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ഇന്ത്യയില്‍ ബി.ഒ.ടി നയം പ്രഖ്യാപിച്ചതുമുതല്‍ അതിനെതിരെ രംഗത്തുവന്നിരിക്കുന്നത് സി.പി.ഐ.(എം.എല്‍) ആണ്. അതേ സമയം, സാമ്രാജ്യത്വ ആഗോളീകരണ നയങ്ങള്‍ ആരംഭിച്ച 90കള്‍ മുതല്‍ കണ്ടുവരുന്ന സ്ഥിരം പ്രതിഭാസമെന്ന നിലയില്‍ രാഷ്ട്രീയേതര, ഭരണകൂടേതര മണ്ഡലത്തില്‍ സ്വയം നിലയുറപ്പിച്ചിട്ടുള്ള എന്‍.ജി.ഒ.കളും നവസാമൂഹ്യ പ്രസ്ഥാനങ്ങളും കേരളത്തില്‍ ബി.ഒ.ടിക്കെതിരെ സമരരംഗത്തുണ്ട്.

മുമ്പു പലതവണ ചൂണ്ടിക്കാട്ടിയതുപോലെ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ കയ്യില്‍ പണമില്ലാത്തതുകൊണ്ടല്ല ബി.ഒ.ടി പദ്ധതികള്‍ വ്യാപകമാകുന്നത്. കോര്‍പ്പറേറ്റ് സമ്പത്ത് സമാഹരണത്തിന്റെ ഒരു “സഹായി”യായി സര്‍ക്കാര്‍ മാറിത്തീരണമെന്ന നവ ഉദാരീകരണ നയം ആധിപത്യത്തിലുള്ളതുകൊണ്ടാണ് .സമ്പത്ഘടനയുടെ ഘടനാപരമായ മാറ്റത്തിനനുസൃതമായി പുതിയ നികുതി സമാഹരണ മാര്‍ഗ്ഗങ്ങള്‍ ഒന്നും തന്നെ ആവിഷ്‌ക്കരിക്കാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല സാധ്യമായ നികുതി സമാഹരണം പോലും വേണ്ടെന്നു വയ്ക്കുകയുമാണ്. കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ മാത്രം ഏകദേശം 25 ലക്ഷം കോടി രൂപയുടെ കോര്‍പ്പറേറ്റ് നികുതി ഇളവുകളാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് സമ്പത്തുകേന്ദ്രീകരണം ശക്തിപ്പെടുകയും ശതകോടീശ്വരന്മാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുമ്പോള്‍ സാമ്പത്തികശാസ്ത്രപരമായി ഒരു നീതീകരണവുമില്ലാത്ത ഈ നടപടിയാണ് സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാതാക്കുന്നത്. നെഹ്രുവിയന്‍ കാലത്ത് ദേശീയവരുമാനത്തിന്റെ അനുപാതമെന്ന നിലയില്‍ നികുതി സമാഹരണം 14 ശതമാനം വരെ  ഉയര്‍ന്നെങ്കിലും മന്‍മോഹണോമിക്‌സിനു കീഴില്‍ ഇന്നത് 10 ശതമാനത്തില്‍ താഴെ മാത്രമാണ്. ഇതിനു പുറമേ പിരിച്ചെടുക്കാനുള്ള നികുതി കുടിശിഖ ലക്ഷക്കണക്കിനു കേടി രൂപയുടേതാണ്. ആയിരക്കണക്കിനുകോടി രൂപ പ്രതിവര്‍ഷം പൊതു ഖജനാവിലേക്ക് സംഭാവന ചെയ്യുന്ന ലാഭത്തിലോടുന്ന തന്ത്രപ്രധാന പൊതുമേഖലകള്‍ പോലും സര്‍ക്കാര്‍ കയ്യൊഴിയുകയാണ്. ഇതും സര്‍ക്കാരിന്റെ വിഭവ സമാഹരണത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു. അതോടൊപ്പം, ടു ജി സ്‌പെക്ട്രം അഴിമതിയിലൂടെയും മറ്റും വ്യക്തമാക്കിയിട്ടുള്ളതുപോലെ സര്‍ക്കാര്‍ പിന്‍വാങ്ങുന്ന തന്ത്രപ്രധാന മേഖലകള്‍ നടത്തിക്കൊണ്ടുപോകുന്നതിനുള്ള ലൈസന്‍സുകള്‍ സ്വകാര്യ കുത്തകകള്‍ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിനു കിട്ടേണ്ട ലേലത്തുക കോര്‍പ്പറേറ്റ് – രാഷ്ട്രീയ- ഉദ്യോഗസ്ഥ മേധാവിത്വ അവിഹിത ബാന്ധവത്തിലൂടെ നഷ്ടമാകുന്നതും വന്‍പിച്ച വിഭവ ചോര്‍ച്ചയാണ്. ഇപ്രകാരം നവ ഉദാരീകരണ സാമ്പത്തിക ദര്‍ശനം പിന്‍പറ്റുന്നതിലൂടെ കോര്‍പ്പറേറ്റ് താല്പര്യപ്രകാരം ബോധപൂര്‍വ്വം വിഭവ സമാഹരണ രംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണ്.

അപ്രകാരം ആസൂത്രിതമായി സര്‍ക്കാരിന്റെ നികുതിവരുമാനമടക്കമുള്ള വിഭവ സമാഹരണം അട്ടിമറിക്കുന്നതിന്റെ ഭാഗമായിട്ടുതന്നെയാണ് കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്തുന്ന സര്‍ക്കാര്‍ മുന്‍കൂട്ടി എഴുതി തയ്യാറാക്കിയ തിരക്കഥ പ്രകാരം ബി.ഒ.ടി പദ്ധതികളുമായി രംഗത്തുവരുന്നത്. നവ-ഉദാരീകരണത്തിനുകീഴില്‍ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറിയെന്ന വീമ്പിളക്കുന്ന ഭരണവര്‍ഗ്ഗങ്ങളും അവരുടെ കൂലിയെഴുത്തുകാരായ സാമ്പത്തിക വിദഗ്ധരും അതേ ശ്വാസത്തില്‍ പറയുന്നത് സര്‍ക്കാരിനു പണമില്ലാത്തതുകൊണ്ട് ബി.ഒ.ടി അല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നാണ്. വാസ്തവത്തില്‍ നെഹ്രുവിയന്‍ കാലത്ത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കെട്ടിപ്പൊക്കിയ അടിസ്ഥാന സൗകര്യങ്ങളുടെ പിന്‍ബലത്തിലാണ് ഇന്നത്തെ കോര്‍പ്പറേറ്റ് വല്‍ക്കരണം നടക്കുന്നതെന്ന കാര്യവും ബോധപൂര്‍വ്വം മൂടിവയ്ക്കപ്പെടുകയാണ്. ആനുപാതികമായി കുറഞ്ഞെങ്കിലും ഇന്നു സമാഹരിക്കുന്ന നികുതിപ്പണമത്രയും കോര്‍പ്പറേറ്റ് കുത്തകകളിലേക്ക് അപ്പാടെ തിരിച്ചുവിടുകയുമാണ്. ഇതിനു പുറമേ ഉല്പാദനപരമായ ഒരു പ്രവര്‍ത്തനത്തിലുമേര്‍പ്പെടാതെ കേവലമൊരു കങ്കാണിയുടെ തലത്തില്‍ നിന്നുകൊണ്ട് സഹസ്രകോടികള്‍ വരുന്ന സമ്പത്തു കൊള്ളയടിക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്കു വഴിതുറക്കുന്ന പദ്ധതിയാണ് ബി.ഒ.ടി അവിശ്വസനീയമായ രീതിയിലുള്ള കൊള്ളയാണ് ഇതുവഴി നടക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ പുറത്തു വിട്ടിട്ടുള്ള ഔദ്യോഗിക കണക്കുകളിലൂടെ തന്നെ ഇത് വ്യക്തമായിരിക്കുകയാണ്.
ഉദാഹരണത്തിന്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ പഠനമനുസരിച്ച് കേരള സംസ്ഥാന പൊതുമരാമത്തുവകുപ്പ് കണക്കാക്കിയതുപ്രകാരം ഒരു കിലോമീറ്റര്‍ നാലുവരിപ്പാത നിര്‍മ്മിക്കാന്‍ ഇവിടെ ചെലവു വരുന്നത് ആറുമുതല്‍ ഏഴര കോടി രൂപ വരെയാണ്. എന്നാല്‍ ബി.ഒ.ടി ലോബി (രാഷ്ട്രീയ നേതൃത്വവും ഉന്നത ബ്യൂറോ ക്രറ്റുകളും കോര്‍പ്പറേറ്റുകളും അടങ്ങുന്ന മാഫിയാ സംഘം)യുടെ കണക്കു പ്രകാരം ഇതിന് 18 മുതല്‍ 25 കോടിവരെയാണ് ചെലവ്. ബി.ഒ.ടിക്കാരുമായി കേന്ദ്ര – സംസ്ഥാന ഗവണ്മന്റുകളുണ്ടാക്കിയിട്ടുള്ള കരാര്‍പ്രകാരം പാലങ്ങളും അനുബന്ധ നിര്‍മ്മാണങ്ങളും അടക്കം മൊത്തം പദ്ധതിച്ചെലവിന്റെ (സര്‍ക്കാര്‍ ഏജന്‍സികള്‍ നിര്‍ണ്ണയിച്ചിട്ടുള്ളതിന്റെ മൂന്നിരട്ടിയിലധികം വരുന്ന, ബി.ഒ.ടിക്കാരന്റെ കണക്കുകളാണ് ഇവിടെ പദ്ധതി ചെലവായി കണക്കാക്കിയിരിക്കുന്നത്) 40 ശതമാനം പൊതു ഖജനാവില്‍നിന്നു ഗ്രാന്റായി അവര്‍ക്ക് നല്‍കണം. ഇപ്രകാരം നല്‍കുന്ന ഗ്രാന്റാകട്ടെ, നാഷണല്‍ ഹൈവേ അതോറിറ്റിയും പൊതുമരാമത്തു വകുപ്പും കണക്കാക്കിയിട്ടുള്ള മൊത്തം ചെലവിനേക്കാള്‍ കൂടുതലായിരിക്കുമെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. വാസ്തവത്തില്‍ റോഡ് നിര്‍മ്മാണത്തിന് ഈ തുകതന്നെ അധികമാണ്. അതുപയോഗിച്ച് പൊതുമേഖലയില്‍ റോഡു നിര്‍മ്മാണം പൂര്‍ത്തീകരിക്കാവുന്നതേയുള്ളു. എന്നാല്‍ മുകളില്‍ പറഞ്ഞ ചെലവുകള്‍ കൂടാതെ റോഡു നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുത്തു നല്‍കല്‍, സ്ഥലവാസികള്‍ക്കുള്ള നഷ്ട പരിഹാരവും പുനരധിവാസവും മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ പ്രദാനം ചെയ്യല്‍ എന്നീ ഇനങ്ങളില്‍ കോടിക്കണക്കിനു രൂപ വേറേയും സര്‍ക്കാര്‍ ചെലവഴിക്കേണ്ടിവരും. ഇപ്രകാരം പൂര്‍ണ്ണമായും സര്‍ക്കാര്‍ പണവും സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗപ്പെടുത്തി, ആ ഇനത്തില്‍ തന്നെ നല്ലൊരു തുക കൈക്കലാക്കി റോഡുപണി പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നെ 30 വര്‍ഷത്തേക്ക് റോഡിന്റെ ഉടമസ്ഥത ബി.ഒ.ടി കമ്പനിക്കായിരിക്കും. ഇക്കാലയളവില്‍ അതിന് ഇഷ്ടംപോലെ  ചുങ്കം പിരിക്കാനും കാലാകാലങ്ങളില്‍ അതു വര്‍ദ്ധിപ്പിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കും. റോഡു നിര്‍മ്മാണത്തിന് ആവശ്യമായതൊഴിച്ച് മിച്ചമുള്ള സ്ഥലത്ത് ഷോപ്പിങ്ങ് കോംപ്ലക്‌സുകളും മാളുകളും പാര്‍ലറുകളുമെല്ലാം നിര്‍മ്മിച്ച് ആ ഇനത്തിലും കോടികള്‍ കൊയ്‌തെടുക്കാം. ഇപ്പോഴത്തെ കണക്കുപ്രകാരം മണ്ണുത്തി- ഇടപ്പള്ളി ദേശീയ പാത നിര്‍മ്മാണത്തിന് 312 കോടി രൂപ ചെലവു വന്നുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ചുങ്കപ്പിരിവിലൂടെ മാത്രം ഏദേശം 17000 കോടി രൂപ ബി.ഒ.ടി കമ്പനി അടിച്ചെടുക്കുമെന്നു കരുതുന്നു. ചുങ്കപ്പിരിവിന്റെ കാലയളവായ 30 വര്‍ത്തിനുള്ളില്‍ ബി ഒ ടി റോഡിനു സമാന്തരമായി ഒരു റോഡും സര്‍ക്കാര്‍ പണിതു കൂടെന്ന വ്യവസ്ഥയും കരാറിന്റെ ഭാഗമാണെന്നുകൂടി നാമോര്‍ക്കണം. ചുരുക്കത്തില്‍ ഇതിലൂടെ കോര്‍പ്പറേറ്റ് കുത്തകകള്‍ അടിച്ചെടുക്കുന്ന വമ്പിച്ച തുകയുടെ രാഷ്ട്രീയ – ബ്യൂറോക്രറ്റിക് കൂട്ടുകെട്ടിന ്‌ലഭിക്കുമെന്നതാണ് ബി.ഒ.ടിയെ ഭരണവൃത്തങ്ങളിലും കോര്‍പ്പറേറ്റ് മാധ്യമങ്ങളിലും ആകര്‍ഷകമാക്കുന്നത്. ചുരുക്കത്തില്‍ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ, കേരളം മാറി മാറി ഭരിച്ചവരെല്ലാം ഒറ്റക്കെട്ടായി ബി.ഒ.ടി പദ്ധതിക്കൊപ്പം നില്‍ക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല.

മുമ്പു സൂചിപ്പിച്ചതുപോലെ, നവഉദാരീകരണ നയങ്ങളുടെ ഭാഗമായി കോര്‍പ്പറേറ്റ് കുത്തകകളുടെ മേലുള്ള നികുതികള്‍ വന്‍തോതില്‍ വെട്ടിക്കുറക്കുന്ന കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ സമ്പദ്ഘടനയുടെ വളര്‍ന്നു വികസിച്ചുകൊണ്ടിരിക്കുന്ന ഊഹമേഖലകളില്‍ നിന്നും വളരെ ചെറിയൊരു തുകപോലും നികുതിയായി പിരിക്കാന്‍ തയ്യാറല്ല. ഉദാഹരണത്തിന് ഓഹരി വിപണികളില്‍ ശക്തിപ്പെട്ടിട്ടുള്ള പുതിയ രൂപത്തിലുള്ള അവധിവ്യാപാരങ്ങളുടെ മേല്‍ ഒരു ശതമാനം നികുതി ചുമത്തിയാല്‍ പ്രതിവര്‍ഷം പത്തുലക്ഷം രൂപ കേന്ദ്ര സര്‍ക്കാരിനു വരുമാനമായി കിട്ടുമെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ അതിനൊന്നും മന്‍മോഹന്‍ സര്‍ക്കാര്‍ തയ്യാറല്ല. കേരളത്തിലാണെങ്കില്‍ തഴച്ചു വളരുന്ന റിയല്‍ എസ്റ്റേറ്റ്, ചിട്ടി – പണമിടപാടുകള്‍, സ്വര്‍ണ്ണകച്ചവടം, ഊഹപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയുടെ മേല്‍ നാമമാത്രമായ നികുതി ചുമത്തിയാല്‍ ജനങ്ങളുടെ മേല്‍ ഒരുഭാരവും അടിച്ചേല്പിക്കാതെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള പണം സര്‍ക്കാരിനു കണ്ടെത്താവുന്നതേയുള്ളു. ഇതിനൊന്നും തയ്യാറാവാതെ പണമില്ലെന്ന കപട പ്രചരണത്തിന്റെ മറവില്‍ ജനങ്ങളുടെ മേല്‍ വമ്പിച്ച നികുതിഭാരം അടിച്ചേല്പിക്കാനും മടിക്കുന്നില്ല. ഇന്ധന നികുതി, വാഹന നികുതി, റോഡ് നികുതി, ഗതാഗത പിഴ, ഹൈവേ സെസ്സ്, ലൈസന്‍സ് ഫീ, തുടങ്ങിയ ഇനങ്ങളില്‍ ഗതാഗതമേഖലയില്‍ മാത്രം സഹസ്രകോടികളാണ് പിഴിഞ്ഞൂറ്റിയെടുക്കുന്നത്. ഗ്രാന്റിനത്തില്‍ ബി.ഒ.ടി കമ്പനികള്‍ക്ക് കൈമാറുന്നതും ഈ വരുമാനത്തില്‍നിന്നുമാണ്. എന്നിട്ടും ബി.ഒ.ടി പദ്ധതികളുടെ മറവില്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ കോര്‍പ്പറേറ് – ഊഹ കുത്തകകളെ കയറൂരി വിടുന്നത് ജനങ്ങള്‍ക്കെതിരായ യുദ്ധപ്രഖ്യാപനമല്ലാതെ മറ്റൊന്നുമല്ല.

ജനപക്ഷത്തു നില്ക്കുന്ന, ജനാധിപത്യ മൂല്യങ്ങള്‍ അംഗീകരിക്കുന്ന ആര്‍ക്കും ബി.ഒ.ടി പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്നാണ് ഇതു സൂചിപ്പിക്കുന്നത്. ഊഹമേഖലകളുമായി ബന്ധപ്പെട്ട് പ്രത്യക്ഷവും പരോക്ഷവുമായ നേട്ടങ്ങളുണ്ടാക്കുന്നഒരു ചെറു ന്യൂനപക്ഷത്തിനും ഭരണവര്‍ഗ്ഗ രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവിത്വ, കോര്‍പ്പറേറ്റ് വിഭാഗങ്ങള്‍ക്കും ബി.ഒ.ടി അടിസ്ഥാനത്തിലുള്ള ചുങ്കം കൊടുത്തു യാത്രചെയ്യാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. എന്നാല്‍ ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടേയും ഇടത്തരക്കാരുടേയും സ്ഥിതി അതല്ല. ട്രക്കുകളുടേയും ചരക്കു വണ്ടികളുടേയും യാത്രാവണ്ടികളുടേയും മേലുള്ള ടോള്‍നിരക്കുകള്‍ അവയുടെ ആത്യന്തിക ഉപയോക്താക്കളായ സാധാരണ ജനങ്ങളുടെമേല്‍ ഭക്ഷ്യവസ്തുക്കളും ഇന്ധനവും അടക്കമുള്ള ആവശ്യ സാധനങ്ങളുടെ വിലവര്‍ദ്ധനവിലൂടെയും യാത്രാക്കൂലി വര്‍ദ്ധനവിലൂടെയും വന്നു പതിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതായത്, സാധാരണക്കാരെ സംബന്ധിച്ചിടത്തോളം നേരിട്ടവര്‍ ടോള്‍ നിരക്കുകള്‍ കൊടുക്കുന്നതേക്കാള്‍ എല്ലാതരത്തിലുമുള്ള വിലവര്‍ദ്ധനവിലൂടെ പരോക്ഷമായിട്ടായിരിക്കും ബി.ഒ.ടി പദ്ധതി അവരെ ബാധിക്കുക. ആയതിനാല്‍ ഒരു പ്രത്യേക സ്ഥലത്തോ പഞ്ചായത്തിലോ ഏതെങ്കിലും ഇളവുകളോ പാക്കേജുകളോ പ്രഖ്യാപിച്ചതുകൊണ്ട് ബി.ഒ.ടി യുടെ ആഘാതത്തില്‍നിന്നും സാധാരണ ജനങ്ങള്‍ മുക്തരാകുമെന്നു കരുതുന്നത് വിഡ്ഢിത്തമായിരിക്കും. എന്നുമാത്രമല്ല, ഇനിയങ്ങോട്ട് സംസ്ഥാനത്തെ പൊതുമരാമത്തു റോഡുകളും ബി.ഒ.ടി പദ്ധതികളായിട്ടായിരിക്കും നടപ്പാക്കുകയെന്നും ഉമമന്‍ചാണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. മുഖ്യ പതിപക്ഷ കക്ഷിയായ സി.പി.ഐ.(എം) നേതൃത്വത്തിന്റെ പിന്തുണയും ഇക്കാര്യത്തിലുണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇതോടകം പണിത റോഡുകള്‍പോലും വെറും മെയ്ന്റനന്‍സ് വര്‍ക്കിനുവേണ്ടി സ്വകാര്യ കുത്തകകള്‍ക്കു കൈമാറി അവയെ ബി.ഒ.ടി പദ്ധതികളായി പ്രഖ്യാപിച്ച് ജനങ്ങളില്‍നിന്നും ചുങ്കം പിരിക്കുന്ന ഏറ്റവും ഹീനമായ ഏര്‍പ്പാടും ഇതോടൊപ്പം നടന്നുവരികയാണ്. മറ്റെല്ലാ പദ്ധതികളുടേയും കാര്യത്തിലെന്നപോലെ നാളെ പഞ്ചായത്തു റോഡുകള്‍ പോലും ബി.ഒ.ടി അടിസ്ഥാനത്തിലാക്കാനുള്ള ദീര്‍ഘകാല പദ്ധതികള്‍ ലോകബാങ്കടക്കമുള്ള സാമ്രാജ്യത്വ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നതായി പറഞ്ഞുകേള്‍ക്കുന്നു.

ഈ സാഹചര്യത്തില്‍ ബി.ഒ.ടി സര്‍ക്കാരിന്റെ അടിസ്ഥാന നയമാണെന്ന വസ്തുത ചര്‍ച്ചാവിഷയമാകാത്ത വിധം, മെച്ചപ്പെട്ട പുനരധിവാസ പാക്കേജ്, ചുങ്ക നിരക്കുകള്‍ കുറക്കല്‍, ചില പ്രത്യേക പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും സവിശേഷമായ ഇളവുകള്‍ തുടങ്ങിയ നക്കാപ്പിച്ചകള്‍ നല്‍കിയും സാങ്കേതികമായ നീക്കുപോക്കുകളിലൂടെയും (ഉദാഹരണത്തിന്, ചുങ്കപ്പിരിവിനു മുമ്പ് സര്‍വ്വീസ് റോഡുകള്‍ പൂര്‍ത്തിയാക്കിയില്ല. പാലം പണി പൂര്‍ത്തീകരിച്ചില്ല. മുഖ്യമന്ത്രി വാക്കു പാലിച്ചില്ല. നിരക്കുകള്‍ ഉയര്‍ന്നതാണ്, തുടങ്ങിയവ പരിഹരിക്കല്‍) ബി.ഒ.ടി യാഥാര്‍ത്ഥ്യമാണെന്ന് ജനങ്ങളെക്കൊണ്ട് അംഗീകരിപ്പിക്കാനുള്ള കുടില നീക്കങ്ങളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഭരണപക്ഷവും “പ്രതിപക്ഷവും” ഒന്നായിക്കഴിഞ്ഞ രാഷ്ട്രീയ ശൂന്യത മുതലെടുത്തുകൊണ്ട് മറ്റുപല രംഗത്തും എന്നതുപോലെ ബി.ഒ.ടി സമരത്തിലേക്കു കടന്നു വരുന്ന എന്‍.ജി.ഒ.കളും “നവ സമൂഹ്യ” സംഘടനകളും സാമ്രാജ്യത്വ ആഗോളീകരണത്തോടും ഭരണകൂട നയങ്ങളോടും കൃത്യമായ രാഷ്ട്രീയ നിലപാടില്ലാത്തവയായതുകൊണ്ട് ഒട്ടു മിക്കപ്പോഴും മേല്‍ സൂചിപ്പിച്ച പാക്കേജുകളുമായി ബന്ധപ്പെട്ട് ഒത്തുതീര്‍പ്പു ചര്‍ച്ചകളിലേക്കും ക്രമേണ ജനങ്ങളെ നിഷ്‌കൃയതയിലേക്കും നിഷ്ഫലതാ ബോധത്തിലേക്കും തള്ളിവിടാനുള്ള സാധ്യതയും തിരിച്ചറിയേണ്ടതുണ്ട്. ആയതിനാല്‍ ഇക്കാര്യങ്ങളെല്ലാം പരിഗണനയിലെടുത്തുകൊണ്ട് ബി.ഒ.ടിക്കെതിരെ യോജിക്കാവുന്ന മുഴുവന്‍ ശക്തികളുമായും ഐക്യപ്പെട്ട് സമരം വിശാലാടിസ്ഥാനത്തിലാക്കാന്‍ ശ്രമിക്കുന്നതിനൊപ്പം നവഉദാരീകരണ വിരുദ്ധ രാഷ്ട്രീയത്തിലുറച്ചുനിന്നുകൊണ്ട് പാര്‍ട്ടിയുടെ രാഷ്ട്രീയ നേതൃത്വത്തില്‍ ബി.ഒ.ടി വിരുദ്ധ സമരം വികസിപ്പിക്കാനുള്ള സ്വതന്ത്ര രാഷ്ട്രീയ മുന്‍കൈ വളര്‍ത്തിയെടുക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്നതാണ് സി.പി.ഐ.(എം എല്‍) നിലപാട്. ഇക്കാര്യത്തില്‍ ബി.ഒ.ടിക്കെതിരെ അഖിലേന്ത്യാ തലത്തില്‍ കേന്ദ്രക്കമ്മിറ്റി എടുത്തിട്ടുള്ള സമീപനത്തിന്റെ അടിസ്ഥാനത്തില്‍, കേരളത്തില്‍ രൂപംകൊണ്ടിട്ടുള്ള ബി.ഒ.ടി വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിലുള്ള സമരം, പ്രത്യേകിച്ച് സംസ്ഥാന സര്‍ക്കാര്‍ അതിന്റെ റോഡു നിര്‍മ്മാണ നയം പ്രഖ്യാപിച്ചുകഴിഞ്ഞ പശ്ചാത്തലത്തില്‍, സംസ്ഥാനാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ എല്ലാ ജനാധിപത്യ ശക്തികളുമായി യോജിച്ച് സജീവമായി ഇടപെടാന്‍ പാര്‍ട്ടി നേതൃത്വപരമായ പങ്കു വഹിക്കേണ്ടിയിരിക്കുന്നു. പുത്തന്‍ അധിനിവേശത്തിനും അതിന്റെ വര്‍ത്തമാന രൂപമായ നവ ഉദാരീകരണത്തിനും കോര്‍പ്പറേറ്റ് കൊള്ളക്കുമെതിരെയുള്ള നിര്‍ണ്ണായകമായ രാഷ്ട്രീയ ചുവടുവയ്പ്പാണ് ബി.ഒ.ടി വിരുദ്ധ സമരമെന്ന് തിരിച്ചറിഞ്ഞ് മുഴുവന്‍ ജനാധിപത്യ ശക്തികളും രംഗത്തിറങ്ങേണ്ടിയിരിക്കുന്നു.